സമ്മാനത്തുക കൊണ്ട് വീട്ടുജോലിക്കാരിയ്ക്ക് മൊബൈല്‍ ഫോണ്‍; വിദ്യാര്‍ഥിയുടെ കരുതല്‍

ഒരു  വീട്ടുജോലിക്കാരിയും അവര്‍ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടിയും തമ്മിലുളള സ്നേഹബന്ധത്തിന്‍റെ കഥയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.  തനിക്ക് ലഭിച്ച സമ്മാനത്തുക കൊണ്ട് വീട്ടിലെ ജോലിക്കാരിക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയ അങ്കിത് എന്ന കൊച്ചുമിടുക്കനാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി ഏറ്റുവാങ്ങുന്നത്. അങ്കിത് വീട്ടുജോലിക്കാരിക്ക് മൊബൈല്‍ സമ്മാനിക്കുന്നതിന്‍റെ ചിത്രവും വിശേഷങ്ങളും പിതാവ് ബാലാജിയാണ് എക്സിലൂടെ പങ്കുവച്ചത്. ട്വീറ്റ് വൈറലായതോടെ അങ്കിതിന് ആശംസാപ്രവാഹമാണ്. 

പലതവണകളായി ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത് ഏകദേശം 7000 രൂപയോളം അങ്കിതിന് സമ്മാനമായി ലഭിച്ചിരുന്നു. അതില്‍ നിന്നുമാണ് 2000 രൂപക്ക് അങ്കിത് വീട്ടുജോലിക്കാരിക്ക് പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്. മകന്‍ സ്വന്തമായി നേടിയ പണം കൊണ്ട് ഇങ്ങനെയൊരു നല്ല കാര്യം ചെയ്​തതിന്‍റെ സന്തോഷത്തിലാണ് അങ്കിതിന്‍റെ മാതാപിതാക്കള്‍. മകന് ആറുമാസം പ്രായം ഉളളപ്പോള്‍ മുതല്‍ അവനെ നോക്കുന്ന വീട്ടുജോലിക്കാരിക്കാണ് അവന്‍ ഫോണ്‍ സമ്മാനിച്ചത്. ഒരു പിതാവെന്ന നിലയില്‍ ഇതില്‍ കൂടുതല്‍ സന്തോഷിക്കാന്‍ ഇനിയെന്തുവേണം എന്നു കുറിച്ചുകൊണ്ടാണ് അങ്കിതിന്‍റെ പിതാവ് ബാലാജി ചിത്രം പങ്കുവച്ചത്. 

ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായെന്നു മാത്രമല്ല അങ്കിതിന്‍റെ ഈ നല്ല പ്രവര്‍ത്തിക്ക് അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും നന്നായി മാനുഷിക മൂല്യങ്ങള്‍ മനസിലാക്കി മകനെ വളര്‍ത്തുന്നതിന് അങ്കിതിന്‍റെ മാതാപിക്കള്‍ക്കും സോഷ്യല്‍ മീഡിയയുടെ നിറ‍ഞ്ഞ കയ്യടി.

Child Uses Tournament Money To Gift A Phone To Cook; viral