ബഹിരാകാശത്ത് വച്ച് യാത്രികര്‍ മരിച്ചാല്‍ മൃതദേഹം എന്ത് ചെയ്യും? വിശദീകരിച്ച് നാസ

ചിത്രം: Reuters

മനുഷ്യന്‍ ബഹിരാകാശ സഞ്ചാരം തുടങ്ങിയിട്ട് അറുപതിലേറെ വര്‍ഷങ്ങളായി. ബഹിരാകാശത്തേക്ക് മനുഷ്യനെയെത്തിക്കുകയെന്നത് അന്നുമുതല്‍ ഇന്ന് വരെ ചിലവേറിയതും അങ്ങേയറ്റം ശ്രമകരവുമായ ദൗത്യമാണ്. 1986ലെയും 2003ലെയും നാസയുടെ പേടകങ്ങള്‍ ദുരന്തത്തില്‍പ്പെട്ടപ്പോള്‍ 14 പേരും 1971 ലെ സോയുസ് 11 ല്‍ മൂന്ന് പേരും 1967 ല്‍ അപ്പോളോ1 ന്റെ ലോഞ്ച് പാഡിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേരുമെന്നിങ്ങനെ 20 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുമുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ജീവന്റെ സാധ്യതകള്‍ തേടിയും കോളനികള്‍ സ്ഥാപിക്കാനുമുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതോടെ ഭാവിയില്‍ ബഹിരാകാശ യാത്രയും സാധാരണമായേക്കാം. അങ്ങനെ വന്നാല്‍ ബഹിരാകാശത്ത് വച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ എന്ത് ചെയ്യുമെന്നതായിരുന്നു ഉയര്‍ന്ന ആശങ്കകളിലൊന്ന്. 

പൂര്‍ണ ആരോഗ്യവാന്‍മാരെയും ആരോഗ്യവതികളെയും മാത്രമേ യാത്രയ്ക്കായി തിരഞ്ഞെടുക്കുകയുള്ളൂവെന്ന് നാസ പറയുന്നു. എന്നാലും മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതായതിനാല്‍ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്നും നാസ വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനുള്ളില്‍ വച്ച് ആരെങ്കിലും ആക്സ്മികമായി മരിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മൃതശരീരം ഭൂമിയിലെത്തിക്കും. 

ചന്ദ്രനില്‍ വച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍ ബഹിരാകാശ സംഘം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെത്തും. പേടകത്തില്‍ ശേഷിച്ചിരിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് മൃതദേഹം പരമാവധി വേഗത്തില്‍ ഭൂമിയില്‍ എത്തിക്കുക. എന്നാല്‍ ചൊവ്വയിലേക്ക് പോകുന്ന സംഘത്തിലെ ആരെങ്കിലുമാണ് മരിച്ചതെന്ന് സങ്കല്‍പ്പിക്കുക. യാത്ര പുറപ്പെട്ട സംഘം മടങ്ങി വരില്ല. ദൗത്യം പൂര്‍ത്തിയാക്കി എന്നാണോ സംഘം മടങ്ങി വരിക, അന്നുവരെ മൃതദേഹം പേടകത്തില്‍ തന്നെ സൂക്ഷിക്കും. മടക്കയാത്ര ചിലപ്പോള്‍ രണ്ട് വര്‍ഷമെങ്കിലും നീണ്ടേക്കുമെന്നതാണ് വസ്തുത. മൃതദേഹം പ്രത്യേക ബോഡി ബാഗിലാക്കിയാകും സൂക്ഷിച്ച് വയ്ക്കുക. പേടകത്തിലെ താപനിലയും മൃതദേഹം സൂക്ഷിക്കുന്നതിനടക്കം അനുയോജ്യമായ നിലയിലാകും ക്രമീകരിച്ചിട്ടുണ്ടാകുക. 

പേടകത്തിനുള്ളിലാണെങ്കിലാണ് മേല്‍പ്പറഞ്ഞതെല്ലാം സാധ്യമാവുക. എന്നാല്‍ പേടകമില്ലാതെ ബഹിരാകാശത്ത് ഇറങ്ങിയ ഒരാള്‍ മരിച്ചു പോയാലോ, സുരക്ഷാ കവചങ്ങളില്ലാതെ പുറത്തിറങ്ങിയാല്‍ ഉടനടി മരണം സംഭവിക്കുമെന്നതാണ് വസ്തുത. സുരക്ഷാ വസ്ത്രമില്ലാതെ ബഹിരാകാശ പേടകത്തിന് പുറത്തിറങ്ങിയാല്‍ ശൂന്യതയിലെ മര്‍ദം കാരണം ശ്വസിക്കുന്നതിനോ, സാധാരണനിലയിലുള്ള രക്തചംക്രമണമോ ശരീരത്തില്‍ സാധ്യമാവില്ല. രക്തമടക്കം ശരീരത്തിലുള്ള മറ്റ് ദ്രാവകങ്ങള്‍ തിളച്ചു മറിയുന്ന നിലയുണ്ടാകുമെന്ന് നാസ പറയുന്നു. 

സുരക്ഷാകവചമില്ലാതെ ചന്ദ്രനിലും ചൊവ്വയിലും ഇറങ്ങിയ സഞ്ചാരി മരിച്ചാല്‍ എന്ത് സംഭവിക്കും? ചന്ദ്രന് വളരെ ചെറിയ അന്തരീക്ഷം മാത്രമാണ് ഉള്ളത്. ചൊവ്വയിലും വളരെ നേര്‍ത്ത അന്തരീക്ഷമാണുള്ളത്. ഓക്സിജനുമില്ല. ശ്വാസമുട്ടിയും രക്തം തിളച്ചും ഉടനടി മരണം സംഭവിക്കും. ചൊവ്വയില്‍ ഇറങ്ങിയ ശേഷമാണ് മരിക്കുന്നതെങ്കില്‍ സംസ്കാരം സാധ്യമല്ല. ശരീരത്തിലെ ബാക്ടീരിയകളും മറ്റ് പദാര്‍ഥങ്ങളും ചൊവ്വയുടെ ഉപരിതലം മലിനമാക്കുമെന്നതിനാലാണ് പ്രത്യേക ബാഗില്‍ തന്നെ മൃതദേഹം സൂക്ഷിക്കുക. 

What will happen to body,if someone dies in space?