രാത്രി ഊത്തമീൻ ചാകര; വില: വാള കിലോ 500, മഞ്ഞക്കൂരി 350, വഴുത 300, കുറുവ 250

moovattupuza-fish
SHARE

മൂവാറ്റുപുഴ: ദുരിത പെയ്ത്തിനൊപ്പം പെയ്തിറങ്ങി മീൻ ചാകര. അൽപം വൈകിയാണെങ്കിലും മൂവാറ്റുപുഴയാറിൻ തീരമാകെ മത്സ്യക്കൊയ്ത്തിന്റെ ആഘോഷവുമായി ഊത്തമീൻ ചാകര എത്തി. കാലവർഷത്തിന്റെ തുടക്കത്തിൽ ജലാശയങ്ങളിൽ പ്രത്യക്ഷമാകുന്ന ഊത്തമീൻ ചാകര ഇക്കൊല്ലം വൈകിയാണ് എത്തിയതെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് കൈനിറയെ മീൻ കിട്ടി.

തിങ്കളാഴ്ച രാത്രിയാണ് വാളകം, പെരുവംമൂഴി ഭാഗത്ത് ഊത്തമീൻ ചാകര പെയ്തിറങ്ങിയത്. 20 കിലോ വരെ തൂക്കമുള്ള വാള മത്സ്യങ്ങളാണ് ഊത്തമീൻ ചാകരയിൽ താര മത്സ്യം. വലുപ്പവും തൂക്കവുമുള്ള വാള പണം കൊടുത്ത് സ്വന്തമാക്കാൻ കൂടുതൽ പേർ എത്തിയതോടെ മീൻ പിടിക്കാൻ ഇറങ്ങിയവർക്കു കൈനിറയെ പണം കിട്ടി. 10,15 കിലോ തൂക്കമുള്ള വാള മത്സ്യങ്ങളും ധാരാളം കിട്ടി.

എന്നാൽ മഞ്ഞക്കൂരിയാണ് ഊത്തമീൻ ചാകരയിൽ ഏറ്റവും കൂടുതൽ കിട്ടിയത്. ഇവയെ കൂടാതെ കുറുവ, പരൽ, വഴുത, വരാൽ തുടങ്ങിയ മത്സ്യങ്ങളും ഇത്തവണ ഊത്തമീൻ ചാകരയിൽ ഉണ്ട്. വാള മീൻ 500, മഞ്ഞക്കൂരി 350, വഴുത മീൻ 300, കുറുവ 250, പരൽ 200, വരാൽ 400 എന്നിങ്ങനെയാണു പെരുവംമൂഴിയിൽ മത്സ്യങ്ങളുടെ വില.മീനുകൾ വിൽപനയ്ക്കു വച്ചപ്പോൾ വാളകം പെരുവംമൂഴി ഭാഗത്ത് മീൻ വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

വൈകിയെങ്കിലും  സമൃദ്ധം

പുതുവെള്ളത്തിലേക്കു പ്രജനനം നടത്താൻ മത്സ്യങ്ങൾ കൂട്ടത്തോടെ നടത്തുന്ന ദേശാന്തര ഗമനമാണ് ഊത്ത (ഫ്ലഡ് പ്ലെയിൻ ബ്രീഡിങ് റൺ). നല്ലൊരു ശതമാനം മത്സ്യങ്ങൾക്കും പ്രജനനകാലം ജൂണിലെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവാണ്. മത്സ്യങ്ങൾ വയലുകൾ, കൈത്തോടുകൾ, ചതുപ്പുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് കൂട്ടത്തോടെ നദികളിൽ നിന്നും മറ്റും സഞ്ചരിച്ചു ചെന്ന് പ്രജനനം നടത്തി തിരിച്ചുപോകും. ഈ വരവാണ് ഊത്തമീൻ ചാകര. ഊത്ത കയറ്റത്തിന്റെ സമയത്ത് മീൻ പിടിക്കാൻ എളുപ്പവുമാണ്. പ്രജനന കാലത്ത് ശുദ്ധജല മത്സ്യങ്ങളെ പിടികൂടുന്നത് നിരോധിച്ചിട്ടുള്ളതാണ്. എങ്കിലും കേരളത്തിൽ ഊത്ത പിടിത്തം സജീവമാണ്.

‌മഴ ശക്തമായി പെയ്താൽ മാത്രമാണ് പുഴയിൽ ജലനിരപ്പ് ഉയർന്ന് പുഴമീനുകൾ പാടശേഖരങ്ങളിലേക്ക് കയറുകയുള്ളൂ. മീൻ മുട്ടയിടുന്ന കാലഘട്ടത്തിലാണു മീനുകൾ പാടശേഖരങ്ങളിലേക്ക് എത്തുന്നത്. ഇക്കൊല്ലം ജൂണിൽ കാര്യമായി മഴ പെയ്യാതിരുന്നതിനാൽ ഊത്തമീൻ ചാകര ഉണ്ടായില്ല. കാലാവസ്ഥാ വ്യതിയാനവും, പുഴയിലെ വലിയ തോതിലുള്ള മലിനീകരണവും ഉണ്ടായിട്ടും കാലവർഷം എത്തുമ്പോൾ കൂടെ എത്തുന്ന ഊത്തമീൻ ചാകര അൽപം വൈകിയാണെങ്കിലും വന്നെത്തിയതോടെ ആഘോഷത്തിലാണു കിഴക്കൻമേഖല.

വല, കൂട്, ഒറ്റാൽ

ഊത്തമീൻ കൊയ്തെടുക്കുന്നത് പരമ്പരാഗത മത്സ്യ ബന്ധന ഉപകരണങ്ങൾ ഉപയോഗിച്ചാണ്. വീശുവല, ഒറ്റാൽ, കുത്തുവല, പത്താഴം, എന്നിവയാണു മത്സ്യബന്ധന ഉപകരണങ്ങൾ. മുളയോ ഈറയോ കൊണ്ട് നിർമിച്ച രണ്ടറ്റവും തുറന്ന കോൺ ആകൃതിയുള്ള ഉപകരണം ആണ് ഒറ്റാൽ‌. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ ഇതുപയോഗിച്ചു മീൻ പിടിക്കും.

രണ്ട് ദണ്ഡുകൾക്കുള്ളിൽ കൂടു പോലെയുള്ള ചെറിയ വലയുമായി ഒഴുക്കുള്ള ഇടങ്ങളിൽ താഴ്ത്തി നിൽക്കുകയും വലയിൽ മീൻ കയറിയാൽ പൊക്കി അതിനെ പിടിക്കുകയും ചെയ്യുന്ന ഉപകരണമാണ് കുത്തുവല. മീനുകൾ സഞ്ചരിക്കുമ്പോൾ അവയുടെ സഞ്ചാരപഥം അടച്ച് കെണിയിലാക്കുന്ന രീതിയാണ് പത്താഴം. പ്രജനനകാലം ശുദ്ധജല മത്സ്യങ്ങൾ പുതുവെള്ളത്തിലേക്ക് കയറുന്ന വഴികൾ കണ്ടെത്തി അവയിൽ പത്താഴം കെട്ടും. 

മീനുകൾക്ക് കുടുങ്ങാനുള്ള കെണിയൊരുക്കി ബാക്കി ഇടങ്ങൾ അടച്ചുകെട്ടുകയാണ് ചെയ്യാറ്. ഇങ്ങനെ ചെയ്താൽ ആ വഴിസഞ്ചരിക്കുന്ന എല്ലാ മീനുകളും അതിൽ പെട്ടുപോകും. തോട്ട, ഉപയോഗിച്ചും വൈദ്യുതി വെള്ളത്തിൽ കടത്തിവിട്ടും, നഞ്ച് കലക്കിയും മീൻ പിടിക്കുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്.

After the monsoon has strengthened, the availability of fish in the water bodies has also increased

MORE IN SPOTLIGHT
SHOW MORE