'തൊപ്പി'യുടെ അറസ്റ്റിനു പിന്നാലെ മുന്നറിയിപ്പ് പോസ്റ്റുമായി കേരള പൊലീസ്

വിവാദ യുട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്വേഷ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. കേരള പൊലീസിന്‍റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് സമൂഹമാധ്യമങ്ങളില്‍ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഉള്ളടക്കം സൃഷ്ടിയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിഡിയോ സഹിതം കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഉള്ളടക്കങ്ങളിലൂടെ പണം സമ്പാദിക്കുന്നത് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമാണെന്നാണ് പൊലീസ് പോസ്റ്റില്‍ പറയുന്നത്. 

കേരള പൊലീസിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം...

'തൊപ്പി' അറസ്റ്റിൽ.. രാജ്യത്തിന്‍റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഉള്ളടക്കം സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ  പണം സമ്പാദിക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകും. ഇത്തരത്തിൽ നേടുന്ന തുക നിയമവിരുദ്ധ മാർഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണ്. വളാഞ്ചേരി പോലീസ് സ്റ്റേഷന് പുറമെ കണ്ണപുരം പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.'

മലപ്പുറം വളാഞ്ചേരിയിൽ കഴിഞ്ഞ ദിവസം കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വേദിയില്‍ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതിനാണ് 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെതിരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്. അതേസമയം ഇയാള്‍ക്ക് സ്റ്റേഷന്‍  ജാമ്യം നല്‍കും. സമാനമായ പരാതിയില്‍ കണ്ണൂര്‍ കണ്ണപുരം പൊലീസും നിഹാദിനെതിരെ കേസെടുത്തിട്ടുണ്ട്. 

Kerala Police post on 'Thoppi' issue