‘സീസണ്‍ തീരും മുൻപ് പാണ്ഡൂരി രുചി’: വിഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

മാമ്പഴക്കാലം അവസാനിക്കാറാകും മുൻപ് പാണ്ഡൂരി മാങ്ങയുടെ രുചി കണ്ണടച്ച് ആസ്വദിച്ച് കഴിക്കുകയാണ് നടി കീർത്തി സുരേഷ്. പ്രിയപ്പെട്ട പട്ടിക്കുഞ്ഞിനൊപ്പം ഇരുന്ന് മാമ്പഴം കഴിക്കുന്ന വിഡിയോ താരം തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

കീർത്തി ആസ്വദിച്ച് കഴിക്കുന്ന പാണ്ഡൂരി മാമ്പഴവും ആള് ചില്ലറക്കാരനല്ല. രുചി, മണം, പോഷക ഗുണങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ മാമ്പഴം. തെക്കേ ഇന്ത്യയുടെ തദ്ദേശീയ ഫലമായ പാണ്ഡൂരി മാമ്പഴത്തിന് വലിയ തോതിലുള്ള ആരോഗ്യഗുണങ്ങളുണ്ട്. ഈ മാമ്പഴത്തിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ അംശം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു. രോഗപ്രതിരോധ പ്രവർത്തനത്തിനും കൊളാജൻ നിർമ്മാണത്തിനും അത്യന്താപേക്ഷിതമായ വിറ്റാമിൻ സിയും ഈ മാമ്പഴത്തിൽ ധാരാളം ഉണ്ട്. നാരുകൾ കൂടുതൽ അടങ്ങിയതിനാൽ ദഹനത്തിനും സഹായിക്കുന്നു. ബീറ്റാ കരോട്ടിൻ, ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ് ഇത്.പാണ്ഡൂരി മാമ്പഴത്തിലെ ഈ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം മൂലം ഇവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. കൊഴുപ്പും സോഡിയവും കുറവാണെന്ന പ്രത്യേകതയും  പാണ്ഡൂരി മാമ്പഴത്തിനുണ്ട്.