ആഗോള ബാങ്ക് പ്രതിസന്ധി മുറുകുന്നു; നമ്മുടെ പണം സുരക്ഷിതമോ?

banksnew-20
SHARE

സിലിക്കണ്‍ വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക് അമേരിക്കയിലെ ബാങ്ക് തകര്‍ച്ചയുടെ തുടര്‍ച്ച യൂറോപ്പിലുമെത്തിക്കഴിഞ്ഞു. പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്വീസിനെ യുബിഎസിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ കേന്ദ്രബാങ്ക് ശ്രമം തുടരുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും പ്രതിസന്ധിയുടെ തുടര്‍ച്ച ഇന്ത്യ ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ ഉണ്ടാകുമെന്ന ആശങ്ക ദിനംപ്രതി ശക്തിപ്പെടുകയാണ്. പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയില്‍ ഈ ആശങ്ക അസ്ഥാനത്തല്ല. ആഗോള ബാങ്ക് പ്രതിസന്ധി നമ്മുടെ അക്കൗണ്ടിലുള്ള പണത്തെയും നിക്ഷേപങ്ങളെയും എങ്ങനെ ബാധിക്കും?

പ്രതിസന്ധിയു‌ടെ തുടക്കം എവിടെ?


അമേരിക്കയില്‍ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ ബോണ്ട് മാര്‍ക്കറ്റിലുണ്ടായ പ്രതിസന്ധിയില്‍ നിന്നാണ് ബാങ്ക് തകര്‍ച്ചയുടെ തുടക്കം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ നല്‍കിയിരുന്ന ഏറ്റവും വലിയ ബാങ്കായിരുന്നു സിലിക്കണ്‍ വാലി ബാങ്ക്. 2020, 21 വര്‍ഷങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ച വന്‍ നിക്ഷേപം ഇവിടെയാണ് സൂക്ഷിച്ചത്. 7.43 ലക്ഷം കോടി രൂപയുടെ അധികനിക്ഷേപം ഈ കാലയളവില്‍ ബാങ്കിലെത്തി. എന്നാല്‍ വായ്പയ്ക്ക് ആവശ്യക്കാരില്ലാതെ വന്നതോടെ 2021ല്‍ സിലിക്കണ്‍വാലി ബാങ്ക് 7.26 ലക്ഷം കോടി രൂപ ബോണ്ടുകളില്‍ നിക്ഷേപിച്ചു. ഡോളര്‍ ശക്തിപ്പെടുത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതോടെ ബോണ്ടുകളുടെ മൂല്യം തകര്‍ന്നു. സിലിക്കണ്‍വാലി ബാങ്കിന്റെ മൂലധനംതന്നെ ഒലിച്ചുപോയി. ബാങ്ക് തകര്‍ന്നു. അതിന്റെ തുടര്‍ച്ചയാണ് സിഗ്നേച്ചര്‍ ബാങ്കിലും പിന്നീട് ക്രെഡിറ്റ് സ്വീസ് അടക്കം യൂറോപ്യന്‍ ബാങ്കുകളിലും ഉണ്ടായത്.

ഇന്ത്യയിലെ ഇംപാക്ട്


ബെംഗളൂരു ഉള്‍പ്പെടെയുള്ള ഐടി കേന്ദ്രങ്ങളിലെ മിക്ക സ്റ്റാര്‍ട്ടപ്പുകളുടെയും ഓവര്‍സീസ് ബാങ്ക് അക്കൗണ്ടുകള്‍ സിലിക്കണ്‍വാലി ബാങ്കിലാണ്. ഈമാസം പത്തിന് എസ്.വി.ബിയില്‍ യുഎസ് സര്‍ക്കാര്‍ നിയന്ത്രണം വന്നതോടെ ഈ അക്കൗണ്ടുകളിലെ പണം ഫ്രീസ് ആയി. രണ്ടര ലക്ഷം ഡോളര്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമേ യുഎസില്‍ ഡെപ്പസിറ്റ് ഇന്‍ഷുറന്‍സ് ഉള്ളൂ. അതായത് സ്റ്റാര്‍ട്ടപ്പുകള്‍ എസ്.വി.ബിയില്‍ നിക്ഷേപിച്ച 14 ലക്ഷം കോടിയിലധികം രൂപയില്‍ 96 ശതമാനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല. ഒടുവില്‍ സമ്പൂര്‍ണ തകര്‍ച്ച തടയാന്‍ യുഎസ് സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് സ്റ്റാര്‍ട്ടപ് ഉടമകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ആയത്.

ബാങ്ക് പ്രതിസന്ധി ഇന്ത്യന്‍ ഓഹരിവിപണിയെ ബാധിച്ചു. ബാങ്ക് ഓഹരി വില ഇടിഞ്ഞു. വന്‍കിട ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുമെന്ന നിക്ഷേപകരുടെ ആശങ്ക വര്‍ധിച്ചതോടെ സെന്‍സെക്സ് വന്‍ ഇടിവ് നേരിട്ടു. കടപ്പത്ര വിപണിയാണ് ബാങ്ക് തകര്‍ച്ച വലിയ തോതില്‍ ബാധിച്ച മറ്റൊരു മേഖല. സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള ആദായം വലിയ തോതില്‍ കുറഞ്ഞു. സര്‍ക്കാരുകള്‍ പലിശ നിരക്ക് കൂട്ടിയാലും കുറച്ചാലും ബോണ്ട് വിപണിയില്‍ പ്രതിഫലനമുണ്ടാകും. പലിശ നിരക്ക് കൂട്ടിയാല്‍ നിക്ഷേപകര്‍ പലിശ കുറഞ്ഞ പഴയ ബോണ്ടുകള്‍ വാങ്ങില്ല. ആദായം കൂട്ടാന്‍ പഴയ ബോണ്ടുകളുടെ വില കുറയ്ക്കേണ്ടിയും വരും.

ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതമോ?

അമേരിക്കയില്‍ കോര്‍പറേറ്റുകളാണ് ബാങ്കുകളിലെ പ്രധാന നിക്ഷേപകര്‍. എന്നാല്‍ ഇന്ത്യയില്‍ ഇത് വ്യക്തികളും ചെറുകിട സ്ഥാപനങ്ങളുമാണ്. പൊതുമേഖലാ ബാങ്കുകളിലാണ് നിക്ഷേപങ്ങളില്‍ ഏറെയും. ബാക്കിയുള്ളത് എച്ച്.ഡി.എഫ്.സി, ഐസിഐസിഐ, ആക്സിസ് തുടങ്ങിയ ശക്തരായ സ്വകാര്യബാങ്കുകളിലും. നിക്ഷേപരുടെ വൈവിധ്യം തന്നെയാണ് ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ സുരക്ഷയുടെ ഒരു പ്രധാനഘടകം.

നിക്ഷേപം കൂടുമ്പോള്‍


എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ നിക്ഷേപ പലിശ വര്‍ധിപ്പിച്ചതോടെ ബാങ്ക് നിക്ഷേപങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ കൂടുതല്‍ പതിഞ്ഞുതുടങ്ങി. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ആകെ നിക്ഷേപങ്ങളില്‍ 10.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇത് ബാധ്യതയാകാതിരിക്കാന്‍ വായ്പാവിതരണത്തില്‍ ബാങ്കുകള്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ‌

നിക്ഷേപ ഇന്‍ഷുറന്‍സ്


ഇന്ത്യയില്‍ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകൂ. അതായത് ഒരു കോടി രൂപ നിക്ഷേപമുള്ളയാള്‍ക്ക് ബാങ്ക് തകര്‍ന്നാല്‍ 5 ലക്ഷം രൂപ മാത്രമേ ഉറപ്പുള്ളു എന്നര്‍ഥം. എന്നാല്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ മറ്റേതു രാജ്യത്തേക്കാളും സജീവമാണ് എന്നതുകൊണ്ടുതന്നെ അധികം ആശങ്കയുടെ ആവശ്യമില്ലെന്ന് ബാങ്കിങ് വിദഗ്ധര്‍ പറയുന്നു.  ലക്ഷ്മിവിലാസ് ബാങ്ക്, പിഎംസി ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവ പ്രതിസന്ധിയിലായപ്പോള്‍ സര്‍ക്കാര്‍ സജീവമായി ഇടപെട്ടത് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

റിസര്‍വ് ബാങ്ക് ഇപ്പോഴത്തെ പ്രതിസന്ധിയെ ഒട്ടും കുറച്ചുകാണുന്നില്ല എന്നതും ആശ്വാസകരമാണ്. ആഗോളപ്രതിസന്ധിയും തുടര്‍ചലനങ്ങളും ഉണ്ടാക്കുന്ന വെല്ലുവിളി വളരെ വലുതാണെന്ന് ആര്‍ബിഐ എല്ലാ ധനകാര്യസ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുതന്നെയാണ് നിക്ഷേപകരുടെയും പിടിവള്ളി.

Global bank crisis and Indian banking system

MORE IN SPOTLIGHT
SHOW MORE