‘വീൽ ചെയറിലിരുന്നും സിനിമ എടുക്കാം; കൂട്ടുകാർ കൂടെയുണ്ടല്ലോ’; ഇത് സ്വപ്നമല്ല യാഥാർഥ്യം

alan-vikranth
SHARE

കണ്ണവം കാടിനു പോലും ഇപ്പോൾ പറയാനുള്ളത് ഈ കൂട്ടുകാരെക്കുറിച്ചാവും, ഒരുകൂട്ടം സിനിമാക്കാരെക്കുറിച്ച്. സ്നേഹത്തിനും ബന്ധങ്ങൾക്കും പകരംവയ്ക്കാൻ മറ്റൊന്നുമില്ലെന്നതിനുള്ള തെളിവായി ഒരു സിനിമ പിറക്കുകയാണ്, ‘ഗ്ലൂറ’. ഷൂട്ടിങ്ങിനിടയിൽ നായകനോ നായികയ്ക്കോ അപകടങ്ങൾ സംഭവിച്ചാൽ അല്ലെങ്കിൽ വളരെയധികം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ അഭിനയിക്കേണ്ട സാഹചര്യം വന്നാലൊക്കെ അത് ചർച്ചയാകും ആരാധകർ അത് ഉയർത്തിപ്പിടിച്ചു പാടിനടക്കുകയും ചെയ്യും. എന്നാൽ ഒരു സംവിധായകൻ വീൽ ചെയറിലിരുന്ന് പടം പിടിക്കുന്ന സാഹചര്യത്തെക്കുറിച്ച്, അതും തന്റെ ആദ്യ സിനിമ തന്നെ തിരക്കഥയും സംവിധാനവും ഡിഒപിയുമടക്കം വീൽ ചെയറിലിരുന്ന് ചെയ്തുവെങ്കിൽ അയാൾക്കുള്ളിലെ സിനിമാമോഹം എത്രത്തോളമാണെന്ന് ആലോചിച്ചു നോക്കൂ. അലൻ വിക്രാന്ത് എന്ന സിനിമ മോഹിയുടെ കഥയാണിത്. 

‘ഗ്രൂറ’ എന്ന സ്വപ്നത്തിലേക്ക് അലനെ വീൽചെയറിലിരുത്തി എടുത്തുയർത്തിയത് ഒരുകൂട്ടം സുഹൃത്തുക്കളാണ്. അത് ആവർത്താച്ചാവർത്തിച്ച് പറയുമ്പോഴും അലന് നൂറുനാവാണ്. അവരില്ലായിരുന്നുവെങ്കിൽ എന്നുപോലും പറയാൻ അലന് കഴിയില്ല. കാരണം അലന്റെ എല്ലാമെല്ലാമാണ് ഈ സൗഹൃദം. സിനിമ പഠിക്കാൻ പോകുമ്പോൾ അലൻ ഇങ്ങനെയായിരുന്നില്ല, തന്റെ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ വെമ്പിനിന്ന ആ ചെറുപ്പക്കാരനെ തളർത്തിയത് ഒരപകടമാണ്. അപ്രതീക്ഷിത അതിഥിയായി എത്തിയ ഒരു വാഹനാപകടം അലനെ കിടത്തിക്കളഞ്ഞു. എന്നാൽ തോറ്റു എന്ന തോന്നലല്ല അവനിലുണ്ടായത്. ആ കിടക്കയിലും അവൻ തന്റെ സിനിമയുടെ പണികൾ തുടങ്ങി. ആത്മവിശ്വാസത്തോടെ മുന്നോട്ടു കുതിക്കുന്ന ഈ കണ്ണൂരുകാരനു മുന്നിൽ വിധിപോലും നാണിച്ചു തലകുമ്പിട്ടു നിൽക്കുകയാകും. 

ഇനി മൂന്നുമാസത്തെ കാത്തിരിപ്പാണ്, ‘ഗ്രൂറ’ തിയ‌േറ്ററുകൽ എത്തുന്നതിന്റെ. ഒരു ഫാന്റസി പടം എന്ന് പറയുമ്പോഴും എന്താണ് ഈ പേരിടാൻ കാരണമെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുമ്പോൾ തന്നെ വ്യക്തം അലൻ എന്തൊക്കെയോ കൗതുകങ്ങൾ ഒളിപ്പിച്ചിട്ടുണ്ട് ഈ സിനിമയിൽ. പൂർണ ആരോഗ്യവും, നല്ല കഥയും ഒത്തുവന്നിട്ടുപോലും സിനിമ നിർമിക്കാൻ ആളെ കിട്ടാത്ത സംവിധായകരുള്ള, സിനിമാമോഹികളുള്ള നാടാണിത്. എന്നാൽ അവിടെയും അലൻ വ്യത്യസ്തനാവുകയാണ്. എന്തൊക്കെ ചെയ്യാമെന്ന് തനിക്ക് തെളിയിച്ചു കാണിക്കണം എന്ന കരുത്തുറ്റ തീരുമാനവും ആത്മവിശ്വാസവുമാണ് അലനെ മുന്നോട്ടുനയിച്ചത്. കട്ടയ്ക്ക് കൂടെ നിൽക്കുന്ന കൂട്ടുകാരും കുടുംബവും കൂടിയായപ്പോൾ അലനിലെ സിനിമാക്കാരൻ ഏത് പ്രതിസന്ധിയെയും പുഷ്പംപോലെ മറികടക്കുമെന്ന ധൈര്യം കൈമുതലാക്കി. 

അലന്റെ കൂട്ടുകാർ തന്നെയാണ് സിനിമയുടെ മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ചത്. സഹോദരനാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഇവരിൽ ആരെയെങ്കിലും കുറിച്ച് എടുത്തുപറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ എല്ലാവരും കൂടിയാണ് എന്നെ ‘എടുത്തു’ ചുമന്ന് നടന്നതെന്നായിരുന്നു അലന്റെ മറുപടി. മലയാളം അടക്കം 7 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നുന്നത്. സാൻഡി സീറോ, ആൽബി അഗസ്റ്റി, ജോസു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

റൈൻബോ യൂണിവേഴ്സൽ സ്റ്റുഡിയോസ് ബാനറിൽ ക്ലിന്റ് സെബാസ്റ്റ്യനാണ് സിനിമ നിർമിക്കുന്നത്. സഹനിർമ്മാണം ജോബി ജോസ്. ഛായാഗ്രഹണം അലൻ വിക്രാന്ത്, ബിബിൻ ജോയ്, റിച്ചുമോൻ ജോസഫ്, ഹരികൃഷ്ണൻ ബി എന്നിവർ ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്. എന്തിരൻ, 2.0, ഗജിനി , എന്നി തമിഴ് സിനിമകളുടെ എഡിറ്റർ ആന്റണിയുടെ അസ്സോസിയേറ്റായ ഡാനിയേൽ പകലോമറ്റം ആണ് ചിത്രത്തിന്റ എഡിറ്റർ. 

തമിഴ് സിനിമകളോടാണ് അലന് കൂടുതൽ താല്പര്യം. വിജയ്ക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അതിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ‘ഗ്ലൂറ’ എന്നാണ് അലൻ പറയുന്നത്. തളർന്നുകിടന്നിടത്തു നിന്ന് ഇത്രയൊക്കെ മുന്നോട്ടുവന്ന താൻ പൂർണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന ഉറച്ച ആത്മവിശ്വാസവും അലൻ കൈവിടുന്നില്ല. 

Story of 'Gloora' Movie Director Alan Vikranth

MORE IN SPOTLIGHT
SHOW MORE