മെസി ലോകകപ്പ് ഇങ്ങെടുക്കുവാന്ന് പ്രതാപൻ; ബ്രസീലെടുക്കുമെന്ന് സതീശൻ: ആവേശം

vdtn-20
SHARE

ലോകകപ്പ് അങ്ങ് ഖത്തറിലാണെങ്കിലും ഇവിടെയും സമൂഹമാധ്യമങ്ങളിൽ ആവേശത്തിനൊട്ടും കുറവില്ല. ഫുട്ബോൾ പ്രേമത്തിൽ രാഷ്ട്രീയ നേതാക്കളും പിന്നിലല്ല. ഇഷ്ട ടീമുകൾക്കായി പക്ഷം പിടിച്ചുള്ള കമന്റുകൾ നേതാക്കളുടേതായി നിറയുന്നുണ്ട്.

'ബ്രസീൽ .. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം' എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചു. ബ്രസീലിന്റെ ജഴ്സിയിലുള്ള ചിത്രവും പങ്കുവച്ചു. ഇതോടെ സുരേഷ് ഗോപി സ്റ്റൈലിൽ ' കപ്പ് അർജന്റീനക്കുള്ളതാണ് സതീശാ… മെസ്സി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാ… വാമോസ് അർജന്റീന' എന്നായിരുന്നു ടി.എൻ പ്രതാപന്റെ കമന്റ്. രണ്ടായിരത്തിലേറെ റിയാക്ഷൻ കമന്റിന് വന്നതിന് പിന്നാലെ 'ഇത് നമ്മുടെ രണ്ടു പേരുടെയും സ്നേഹിതൻ സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞത് പോലെയാണ്. തൃശൂർ നിങ്ങളല്ലെ എടുത്തത്. അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ' എന്ന് സതീശനും തിരിച്ചടിച്ചു. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

സതീശന്റെ പോസ്റ്റിങ്ങനെ : ബ്രസീൽ .. 'ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം. ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയൻ ഫുട്ബോളിനെ നിലനിർത്തുന്നത് . സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്സി ഒരു അടയാളമാണ്. ബാല്യ കൗമാര കാലഘട്ടം മുതൽ ആ ജഴ്സി എനിക്കൊരു വൈകാരികതയാണ് . എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസിൽ കൊണ്ട് നടന്നവരാണ്. അതുകൊണ് തന്നെ ബ്രസീൽ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസിലില്ല. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തർ . അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കും'.

VD Satheesan and TN Prathapan on favorite football teams

MORE IN SPOTLIGHT
SHOW MORE