നയൻതാരയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ; ഗർഭം ധരിച്ച യുവതിയുടെ പശ്ചാത്തലം പരിശോധിക്കും

1. നയൻതാര കുഞ്ഞുങ്ങളോടൊപ്പം. 2. നയൻതാരയും വിഘ്നേഷ് ശിവനും Image Credit∙ Nayanthara Kurian/Facebook

തെന്നിന്ത്യൻ താരം നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ അന്വേഷണം ആരംഭിച്ച് തമി‌ഴ്നാട്. വാടക ഗർഭധാരണ നടപടിക്രമങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷിക്കുക.

നിയമലംഘനങ്ങളുണ്ടോ, പ്രസവം എവിടെയാണു നടന്നത്, ഗർഭം ധരിച്ച യുവതിയുടെ പശ്ചാത്തലം തുടങ്ങിയവ പരിശോധിക്കും. വിഘ്‌നേഷ് ശിവനെയും നയൻതാരയെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും. ഒരാഴ്ചയ്ക്കുള്ളിൽ സമിതി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകും. 

വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നു തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയിലാണു വാടകഗർഭധാരണ (സറഗസി) നിയമം ഭേദഗതി ചെയ്തത്. ജൂൺ ഒൻപതിനായിരുന്നു നയൻതാര– വിഘ്നേഷ് വിവാഹം. 4 മാസത്തിനുള്ളിൽ വാടകഗർഭത്തിൽ കുഞ്ഞ് ജനിച്ചതിനാൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക.