കുരച്ച് ബഹളം വച്ചു; നായയെ കാറിൽ കെട്ടിവലിച്ച് ഡോക്ടർ; മനേക ഗാന്ധിയറിഞ്ഞു; വിഡിയോ

dog-doctor-viral
SHARE

രാജസ്ഥാനിൽ നായയെ കാറിൽ കെട്ടിവലിച്ച് വണ്ടിയോടിച്ച ഡോക്ടർക്കെതിരെ പ്രതിഷേധം ശക്ത‌മാകുന്നു. പ്ലാസ്റ്റിക് സർജനായ ഡോ. രജ്നീഷ് ഗ്വലയാണ് നായയോട് ഈ കൊടുംക്രൂരത ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിഷയത്തിൽ മനേക ഗാന്ധി അടക്കമുള്ളവർ ഇടപെട്ടതിനെത്തുടർന്ന് പൊലീസ് കേസെടുത്തു. പുകാർ ആനിമൽ എന്‍ജിഒയും ശാസ്ത്രിനഗർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു.

മഹാത്മാ ഗാന്ധി ആശുപത്രിയിൽ പ്ലാസ്റ്റിക് സർജനാണ് ‍ഡോ. രജ്നീഷ്. ഞായറാഴ്ചയാണ് സംഭവം. നായയുടെ കാലിന് പലയിടത്തായി പൊട്ടലുണ്ട്. വിവരം കേട്ടെത്തിയ മൃഗസ്നേഹകളാണ് കാർ തടഞ്ഞ് നായയെ ചികിത്സയ്ക്കു കൊണ്ടുപോയത്. കാർ തടയാൻ ശ്രമിച്ചപ്പോൾ ഡോക്ടർ കാറിടിപ്പിക്കാൻ ശ്രമിച്ചുവെന്നും ചിലർ ആരോപിച്ചു.

കാറിൽ കെട്ടിവലിച്ചുകൊണ്ടുപോകവെ നായ പലതവണ വീണിരുന്നു. പരുക്കേറ്റ് രക്തം വാർന്ന അവസ്ഥയിലാണ് നായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർ തടഞ്ഞ യുവാക്കളോട് ഡോക്ടർ തട്ടിക്കയറുകയും ചെയ്തു. നായയെ കൊണ്ടുപോകാൻ ആംബുലൻസ് എത്തിച്ചപ്പോൾ ഡോക്ടർ അവരോടും തർക്കിച്ചു. പൊലീസെത്തിയപ്പോഴാണ് നായയെ വിട്ടുകൊടുക്കാൻ ഡോക്ടർ തയാറായത്. മൃഗസ്നേഹികളാണ് മനേക ഗാന്ധിയെ കാര്യം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസുകാരോട് മനേക ഗാന്ധി സംസാരിക്കുകയും ചെയ്തു.

അതേസമയം, നായ പലപ്പോഴും വീടിനുള്ളിൽ കയറുമായിരുന്നെന്നും പുറത്തു കുരച്ച് ശബ്ദമുണ്ടാക്കുമായിരുന്നെന്നും ഡോക്ടർ പറഞ്ഞു. അതുകൊണ്ട് നായയെ കോർപ്പറേഷൻ വളപ്പിൽ കൊണ്ടിടാൻ പോകുകയായിരുന്നുവെന്നാണ് ഡോക്ടറുടെ വിശദീകരണം.

MORE IN SPOTLIGHT
SHOW MORE