ഏതു കെട്ടിടത്തിലും വലിഞ്ഞുകേറും; ഫ്രഞ്ചുകാരുടെ ‘സ്പൈഡർമാൻ’

ഫ്രഞ്ച് സ്പൈഡര്‍മാന്‍ എന്ന പേരില്‍ പ്രശസ്തനാണ് കെട്ടിടാരോഹകന്‍ അലൈന്‍ റോബര്‍ട്ട്. ഏതു കെട്ടിടത്തിന്‍റെ മുകളിലും ആശാന്‍ വലിഞ്ഞുകയറും. 48 നിലകളുള്ള കൂറ്റന്‍ അംബരചുംബി കീഴടക്കിയാണ് അലൈന്‍ ഇത്തവണ തന്‍റെ ജന്മദിനമാഘോഷിച്ചത്. പ്രായം ഒന്നിനും തടസമല്ലെന്ന് തെളിയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് അലൈന്‍ പറഞ്ഞു.

ഫ്രഞ്ചുകാരനായ കെട്ടിടാരോഹകന്‍ അലൈന്‍ റോബര്‍ട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്രതിജ്ഞയെടുത്തു. താന്‍ ഒരിക്കല്‍ കീഴടക്കിയ ടൂര്‍ ടോട്ടല്‍ എന്ന കൂറ്റന്‍ കെട്ടിടം തന്‍റെ അറുപതാം വയസ്സില്‍ വയസ്സില്‍ ഒരിക്കല്‍ കൂടി കീഴടക്കും. അതാണിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. 187 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിനു മുകളിലേക്ക് സ്പൈഡര്‍മാനെപ്പോലെ വലിഞ്ഞുകയറിയ ശേഷം നീളന്‍ മുടിക്കാരനായ അലൈന്‍ രണ്ടു കൈകളുമുയര്‍ത്തി  നിന്നു, പ്രായത്തെ കീഴടക്കിയ ഒരറുപതുകാരന്‍റെ പോരാട്ട വീര്യത്തോടെ. 

1977–ല്‍ കെട്ടിടാരോഹനം തുടങ്ങിയ അലൈന്‍ ഇക്കാലയളവില്‍ ബുര്‍ജ് ഖലീഫയും ഈഫല്‍ ടവറുമുള്‍പ്പെടെയുള്ള 150–ലധികം കെട്ടിടങ്ങളാണ് കീഴടക്കിയത് അതും യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളുടേയും സഹായമില്ലാതെ.  അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുകളില്‍ കയറിയതിന്‍റെ പേരില്‍ പല തവണ ജയിലിലുമായിട്ടുമുണ്ട് ഈ ഫ്രഞ്ച് സ്പൈഡര്‍മാന്.