തുമ്പിക്കൈ മാത്രം പുറത്ത്; ആനകൾ ചെളിയിൽ പുതഞ്ഞ് കിടന്നത് രണ്ട് ദിവസം

elephant-save
SHARE

രണ്ടു ദിവസമായി ചെളിയിൽ പുതഞ്ഞ് മരണത്തോട് മല്ലടിച്ചു കിടന്ന രണ്ട് ആനകളുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കെനിയയിലെ വരണ്ടുണങ്ങാറായ ജലാശയത്തിൽ വെള്ളം കുടിക്കാനിറങ്ങിയ രണ്ട് പിടിയാനകളാണ് അപകടത്തിൽ പെട്ടത്. ചെളിയിൽ കാൽ പുതഞ്ഞു പോയതോടെയാണ് രക്ഷപ്പെടാനാകാതെ ആനകൾ കുടുങ്ങിയത്. വരൾച്ച തുടങ്ങുന്നതോടെ ഇത്തരം അപകടങ്ങൾ ഇവിടെ സംഭവിക്കുന്നത് പതിവാണെന്ന് ഷെൽഡ്രിക് വൈൽഡ്‌ലൈഫ് ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി.

കടുത്ത വേനലിൽ വെള്ളം കുടിക്കാൻ ജലാശയത്തിലിറങ്ങുന്ന ആനകൾക്കാണ് ഇവിടെ മരണക്കെണിയാകുന്നത്. വനപാലകർ കണ്ടെത്തുമ്പോൾ ശരീരം മുഴുവനും ചെളിയിൽ പുതഞ്ഞ് തുമ്പിക്കൈ മാത്രം ഉയർത്തിപ്പിടിച്ച് അനങ്ങാനാകാത്ത നിലയിലായിരുന്നു ആനകൾ. വലിയ ബെൽറ്റ് ആനയുടെ ശരീരത്തിനടിയിലൂടെ കടത്തിയ ശേഷം അത് ട്രാക്ടറിൽ ബന്ധിച്ചാണ് ആനയെ വലിച്ചുയർത്തിയത്. രണ്ടാനകളേയും സമാനമായ രീതിയിലാണ് ചെളിയിൽ നിന്ന് ഉയർത്തിയത്. കരയിലെത്തിയ ആനകൾ അൽപസമയത്തിനകം തന്നെ വനത്തിലേക്ക് ഓടിമറഞ്ഞു. കെനിയയിലെ വന്യജീവി വിഭാഗവും ഷെൽഡ്രിക് വൈൽഡ്‌ലൈഫ് ട്രസ്റ്റും ചേർന്നാണ് ആനകളെ രക്ഷപ്പെടുത്തിയത്. 

MORE IN SPOTLIGHT
SHOW MORE