തളരില്ല; വീൽചെയർ സ്കൂട്ടറിൽ ഭക്ഷണ വിതരണവുമായി യുവതി; വൈറൽ വിഡിയോ

Screen grabb From Video∙ Swati Maliwal/Twitter

ദൃഢനിശ്ചയവും മനക്കരുത്തുമുണ്ടെങ്കിൽ ഏതൊരാൾക്കും വിജയം കൈവരിക്കാം. പരിമിതികൾ ഇവർക്കു മുന്നിൽ വഴിമാറും.  ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ ഇതിനു തെളിവാണ്. അംഗവൈകല്യമുള്ള സ്വിഗി ഡെലിവറി എക്സിക്യൂട്ടീവ് ഭക്ഷണവിതരണം നടത്തുന്നതിന്റെ വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടി പ്രചരിക്കുകയാണ്. 

‘പ്രയാസങ്ങളില്ലാതെ ജീവിതം മുന്നോട്ടു പോകില്ല. പക്ഷേ, പ്രതിസന്ധികളിൽ നമ്മൾ കീഴടങ്ങരുത്. ഈ ഉദ്യമത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു.’– എന്ന കുറിപ്പോടെയാണ് സ്വാതി വിഡിയോ പങ്കുവച്ചത്. സ്വാതി പങ്കുവച്ച വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി.

സമാന രീതിയിൽ വിൽചെയർ സ്കൂട്ടറിൽ സഞ്ചരിക്കുന്ന സൊമാറ്റോ ഡെലിവറി  എക്സിക്യൂട്ടീവായ യുവാവിന്റെ വിഡിയോ ഒരാൾ കമന്റ് ചെയ്തു. യുവതിയുടെ ഉദ്യമത്തെ പ്രശംസിച്ചു കൊണ്ടാണ് നിരവധി കമന്റുകൾ എത്തിയത്. ‘വൈകല്യമുള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറാകണം.’– എന്നാണ് ഒരാളുടെ കമന്റ്. ‘അവള്‍ ഒരു പോരാളിയാണ്. അവരെ സഹായിക്കണം.’– എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.