ഇവിടെ ചോദിക്കാന്‍ സാധാരണക്കാരുണ്ട്; വിഡിയോ എടുത്തതിന് കാരണമുണ്ട്: സാന്ദ്ര

അമിത വേഗത്തില്‍ സഞ്ചരിച്ച സ്വകാര്യ ബസിനെ തടഞ്ഞുനിര്‍ത്തി സ്കൂട്ടറില്‍ പിന്തുടര്‍ന്ന ഇരുപതുകാരി സാന്ദ്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി വാങ്ങിക്കൂട്ടുന്നത്.  ആര് എന്ത് കാണിച്ചാലും ചോദിക്കാന്‍ ഇവിടെ സാധാരണക്കാര്‍ ഉണ്ടെന്നുകൂടി ഈ പെണ്‍കുട്ടി ബോധ്യപ്പെടുത്തി തരുന്നു. നടന്ന സംഭവവും പുറത്തുവന്ന വാര്‍ത്തകളില്‍ ചില തിരുത്തുകളുണ്ടെന്നും സാന്ദ്ര മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

'കൂറ്റനാട് നിന്ന് വരുന്ന സമയത്താണ് ഇങ്ങനൊരു സംഭവം ഉണ്ടായത്. ബസ് പിന്നിലാണ് ഉണ്ടായിരുന്നത്. അവര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ നോക്കി. ആ സമയത്തുതന്നെ എതിര്‍വശത്തുനിന്ന് ലോറി വന്നിരുന്നു. ഇത്ര അപകടകരമായ സാഹചര്യത്തില്‍ അവര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ നോക്കിയപ്പോള്‍ ഞങ്ങള്‍ ഇടതുവശത്തുള്ള ചാലില്‍കൂടിയാണ് വണ്ടി ഓടിച്ചത്. ആ സമയത്ത് വണ്ടി എടുക്കാന്‍ പറ്റിയിരുന്നില്ലെങ്കില്‍ ഉറപ്പായും ബസിനടിയില്‍പ്പെടും. ഇങ്ങനൊരു വണ്ടി പോകുന്നുവെന്ന പരിഗണന ഡ്രൈവറുടെ ഭാഗത്തുനിന്നു ഉണ്ടായില്ലെന്നതാണ് എന്‍റെ പ്രശ്നം. 

ഈ സാഹചര്യത്തിലാണ് ബസിന്‍റെ പിന്നാലെ പോയി മുന്‍പില്‍ വണ്ടി നിര്‍ത്തിയത്. ചാലിശ്ശേരിയില്‍ വച്ചാണ് ബസ് തടഞ്ഞത്. അവരുമായി സംസാരിച്ചതും ഈ സമയത്തു തന്നെ. ഡ്രൈവറുടെ കഴുത്തില്‍ ഹെഡ്സെറ്റുണ്ടായിരുന്നു. ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഹെഡ്സറ്റ് എടുത്ത് ചെവിയില്‍വച്ചു. അവളെന്താന്നു വച്ചാല്‍ പറഞ്ഞോട്ടെ എന്ന് കണ്ടക്റോട് ഡ്രൈവര്‍ പറഞ്ഞു. ഹെഡ്സെറ്റ് വച്ചിട്ടാണ് ഡ്രൈവര്‍ വണ്ടി ഓടിക്കുന്നതെന്നാണ് പല മാധ്യമങ്ങളിലും വന്നിരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയ ശേഷമാണ് അദ്ദേഹം മറ്റൊരാള്‍ സംസാരിക്കുന്നുണ്ടെന്ന പരിഗണന തരാതെ ഹെഡ്സെറ്റ് വച്ചിരുന്നത്. അതുകൊണ്ടാണ് അവിടെ നിന്നുതന്നെ അദ്ദേഹത്തോട് സംസാരിച്ചതും. 

വിഡിയോ എടുത്തത് ചേച്ചിയാണ്. ബസ് തടഞ്ഞുനിര്‍ത്തി ഗുണ്ടായിസം കാണിച്ചുവെന്ന് പറയാതിരിക്കാനാണ് ഞങ്ങള്‍ തന്നെ വിഡിയോ എടുക്കാന്‍ മുതിര്‍ന്നത്. നമ്മള്‍ എന്തുപറഞ്ഞു എന്നതില്‍ വ്യക്തത വരുത്താനും പ്രൂഫിന് വേണ്ടികൂടിയാണ് വിഡിയോ എടുത്തത്. അവര്‍ ഒത്തുതീര്‍പ്പാക്കിയിട്ടല്ല വണ്ടി മാറ്റിയത്. ഓണതിരക്കുകാരണം വെറുതേ സീനുണ്ടാക്കാന്‍ താല്‍പര്യമില്ലായിരുന്നു. ഇങ്ങനൊരു സംഭവം ഉണ്ടാകുമ്പോള്‍ ചോദിക്കുമ്പോള്‍ സാധാരണക്കാരുണ്ടെന്നും ഇങ്ങനുള്ള പ്രവൃത്തികള്‍ ഇനി പറ്റില്ല എന്നുകൂടി അദ്ദേഹത്തെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. പറയാനുള്ളതെല്ലാം പറഞ്ഞശേഷം വണ്ടി മാറ്റി. മുന്‍പും മറ്റൊരു ബസുമായി ഇതുപോലൊരു അനുഭവമുണ്ടായി, അതുകൊണ്ടാണ് രണ്ടാമതും ഇതാവര്‍ത്തിച്ചപ്പോള്‍ ചോദിക്കണമെന്ന് തോന്നിയതും ചോദിച്ചതും.

സംഭവം വൈറലാകുമെന്ന് പ്രതീക്ഷിരുന്നു. എന്നാലും രണ്ട് ദിവസം കഴിയുമ്പോള്‍ ഇതെല്ലാം ആളുകള്‍ വിട്ടുകളയും. നമ്മുടെ നാട്ടില്‍ ഒരുപാട് പ്രശ്നങ്ങള്‍ നടക്കുമ്പോഴും ഇതു തന്നെയാണ് സ്ഥിതി. രണ്ട് ദിവസമുണ്ടാകും ആ പ്രതിഷേധം. നിയമപരമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ല. ഇങ്ങനൊരു സംഭവമുണ്ടാകുമ്പോള്‍ സാധാരണക്കാരന്‍ ചോദിക്കുമെന്നത് ഡ്രൈവറിനെ ബോധ്യപ്പെടുത്തികൊടുക്കുക എന്നു മാത്രമായിരുന്നു ഉദ്ദേശം. ഇനി ഇങ്ങനൊരു സംഭവം ആവര്‍ത്തിച്ചാല്‍ ഉറപ്പായും നിയമപരമായി നേരിടും'- സാന്ദ്ര പറഞ്ഞു നിര്‍ത്തി.