ഷാജിയെ തള്ളിപ്പറയാതെ യൂസഫലിയുടെ അടുത്ത് പിരിവിന് പോകേണ്ട; ലീഗിനോട് ജലീല്‍

shaji-yousafali-kt
SHARE

മുസ്ലീംലീഗിന് ഏറ്റവും വലിയ സംഭാവന നല്‍കിയിട്ടുള്ളത് എം.എ യൂസുഫലിയാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകില്ലെന്ന് കെടി ജലീല്‍. പറയുന്നത് തെറ്റാണെങ്കില്‍ ലീഗ് നേതാക്കള്‍ക്ക് പരസ്യമായി വിയോജിക്കാം. ലീഗ് സംസ്ഥാന ഭാരവാഹികളില്‍ ആരെങ്കിലും അതിനു മുന്നോട്ടു വന്നാല്‍ പിശക് പിന്‍വലിച്ച് ക്ഷമാപണം നടത്താന്‍ തനിക്ക് മടിയില്ലെന്നും കെടി ജലീല്‍ പറഞ്ഞു.യൂസഫലിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ കെഎം ഷാജിയോട് ലീഗ് നേതൃത്വം ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല. ഷാജിയെ പരസ്യമായി തള്ളിപ്പറയാത്തെടത്തോളം കാലം യൂസഫലിക്ക് മുന്നിലേക്ക് ലീഗിന് പിരിവിന്റെ കാര്യം പറഞ്ഞ് ചെല്ലാനാവില്ലെന്നും ജലീല്‍ വ്യക്തമാക്കി.

ജലീലിന്‍റെ കുറിപ്പ്: ലീഗും എം.എ യൂസുഫലി സാഹിബും. പ്രവാസി വ്യവസായികളും വ്യാപാരികളും കേരളത്തിൽ ഏറ്റവുമധികം സഹായിക്കുന്ന പാർട്ടിയാണ് മുസ്ലിംലീഗ്‌.  ലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പൊതു പിരിവിലൂടെയല്ല  ധനസമാഹരണം നടത്താറ്. സംഘടനാ പ്രവർത്തനത്തിന് പിരിവിനിറങ്ങുന്ന ഏർപ്പാട് ലീഗ് നിർത്തിയിട്ട് പതിറ്റാണ്ടുകളായി. 

ആറാം വർഷം ഭരണത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നപ്പോഴാണ് "എൻ്റെ ദാനം എൻ്റെ പാർട്ടിക്ക്" എന്ന മുദ്രാവാക്യം ഉയർത്തി ഓൺലൈൻ ഫണ്ട് ശേഖരണത്തിന് ലീഗ് ഇറങ്ങിയത്. കൊട്ടിഘോഷിച്ച് നടത്തിയ ക്യാമ്പയ്നിൽ സംസ്ഥാനത്തു നിന്ന് ഇതുവരെയായി പിരിഞ്ഞു കിട്ടിയത് 11.5 കോടി രൂപയാണ്. എത്രയോ വർഷങ്ങൾക്ക് ശേഷം ലീഗ് നടത്തിയ പിരിവാണിതെന്ന് ഓർക്കുക. ആക്രിസാധനങ്ങൾ ശേഖരിച്ച് വിറ്റ് DYFI, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 11 കോടിയാണെന്ന് കൂടി ഇതോടൊപ്പം ചേർത്ത് വായിക്കണം.

തെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന കോടികൾ, റംസാൻ കാലത്ത് റിലീഫ് പ്രവർത്തനങ്ങൾക്കായി ചെലവിടുന്ന കോടികൾ, സി.എച്ച് സെൻ്ററുകൾക്കായി സ്വരൂപിക്കുന്ന കോടികൾ, ശിഹാബ് തങ്ങൾ ഭവന പദ്ധതിക്കായി ശേഖരിക്കുന്ന കോടികൾ തുടങ്ങി വർഷാവർഷം ലീഗ് സംഘടിപ്പിക്കുന്ന പണത്തിൽ ഒരു വ്യക്തി എന്ന നിലയിൽ ഏറ്റവും വലിയ സംഭാവന നൽകിയിട്ടുള്ളത് എം.എ യൂസുഫലിയാണെന്ന കാര്യത്തിൽ തങ്ങൾക്ക് പോലും എതിരഭിപ്രായമുണ്ടാകാൻ ഇടയില്ല. പറയുന്നത് തെറ്റാണെങ്കിൽ ഉത്തരവാദപ്പെട്ട ലീഗ് നേതാക്കൾക്ക് എൻ്റെ പോസ്റ്റിന് ചുവടെ കമൻ്റിട്ട് പരസ്യമായി വിയോജിക്കാം. ലീഗ് സംസ്ഥാന ഭാരവാഹികളിൽ ആരെങ്കിലും അതിനു മുന്നോട്ടു വന്നാൽ പിശക് പിൻവലിച്ച് ക്ഷമാപണം നടത്തുന്നതിൽ എനിക്ക് മടിയുണ്ടാവില്ല.

യൂസുഫലി സാഹിബ് മത-ജാതി വ്യത്യാസമില്ലാതെ എല്ലാവരെയും സഹായിക്കും. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഉൾപ്പടെ നിരവധി ക്രൈസ്തവ സ്ഥാപനങ്ങൾക്ക്  കെട്ടിടങ്ങളായും മറ്റു സഹായങ്ങളായും എം.കെ. ഗ്രൂപ്പ് കനിഞ്ഞത് മറക്കാനാവില്ല. എസ്.എൻ.ഡി.പി യൂണിയൻ്റെ സ്ഥാപനങ്ങളെയും സാമ്പത്തികമായി അദ്ദേഹം പിന്തുണച്ചു. വെള്ളാപ്പള്ളി നടേശൻ മുതലാളിയുടെ മകൻ ഒരു സാമ്പത്തിക ഇടപാടിൽ കുടുങ്ങി ഗൾഫിൽ ജയിലിലായപ്പോൾ സഹായ ഹസ്തവുമായി ഓടിയെത്തിയതും യൂസുഫലിയാണ്. 

ക്ഷേത്രങ്ങൾക്കും ചർച്ചകൾക്കും മസ്ജിദുകൾക്കും മുസ്ലിം സമുദായ സംഘടനകൾ നടത്തുന്ന നിരവധി സ്ഥാപനങ്ങൾക്കും യൂസുഫലി തൻ്റെ വിയർപ്പിൻ്റെയും കഠിനാദ്ധ്വാനത്തിൻ്റെയും പങ്കു നൽകി. ഒരാൾക്കും ഒരു സംഘടനക്കും ഉദാരതയുടെ നീരുറവ അദ്ദേഹം നിഷേധിച്ചില്ല. ആയിരക്കണക്കിന് മലയാളികളാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ലുലു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്. അതിലൂടെ ലക്ഷക്കണക്കിന് മലയാളികളുടെ വീടുകളിലാണ് പുക ഉയരുന്നത്. പലർക്കും ജീവിതം വഴിമുട്ടിയപ്പോൾ തുണയായത് യൂസുഫലി എന്ന മനുഷ്യ സ്നേഹിയാണ്. തന്നോടൊപ്പം തൻ്റെ നാടും വളരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എല്ലാ പാർട്ടികളിലും മത വിശ്വാസികളിലും അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കളുണ്ടായത് അങ്ങിനെയാണ്.

ഒരു പാർട്ടി എന്ന നിലയിൽ യൂസുഫലി സാഹിബ് ഉൾപ്പടെ സമ്പന്നരായ പ്രവാസി സുഹൃത്തുക്കളുടെ താങ്ങിലും തണലിലും കേരളത്തിൽ വളർന്ന് പന്തലിച്ചു നിൽക്കുന്ന പാർട്ടി ഏതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. മുസ്ലിംലീഗ്. ലീഗിൻ്റെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ എൻ്റെ പഴയ സുഹൃത്ത് കെ.എം ഷാജി യൂസുഫലിക്കെതിരെ ഉതിർത്ത വെടിയുടെ ഒച്ചയും മണവും പുകയും ലീഗ് വേദികൾക്കരികെ നിന്ന് ഇനിയും വിട്ട് മാറിയിട്ടില്ല. സാദിഖലി തങ്ങൾ ഉൾപ്പടെയുള്ള ലീഗ് നേതാക്കൾ എം.എ യൂസുഫലി സാഹിബ് മാന്യനാണെന്ന് പറഞ്ഞതല്ലാതെ ഷാജിയുടെ പ്രസ്താവന തള്ളിപ്പറഞ്ഞിട്ടില്ല. ഷാജിയോട് വിശദീകരണവും ചോദിച്ചിട്ടില്ല.അച്ചടക്കത്തിൻ്റെ ചാട്ടവാറിന് ലീഗിൽ ശൗര്യം കുറയുന്നതിൻ്റെ ലക്ഷണമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. ഷാജിയെ പരസ്യമായി തള്ളിപ്പറയാത്തെടത്തോളം കാലം യൂസുലി സാഹിബിൻ്റെ മുന്നിലേക്ക് ലീഗിനോ കെ.എം.സി.സി കമ്മിറ്റികൾക്കോ പിരിവിൻ്റെ കാര്യം പറഞ്ഞ് ചെല്ലാനാവില്ല.  ഷാജിയുടെ തല മറന്ന എണ്ണ തേക്കലിന്  സാദിഖലി തങ്ങളുടെ "നീണ്ടമേശാ സുഹൃദ് സദസ്സെന്ന" പരിഹാരക്രിയക്ക് കഴിയുമോ എന്ന് സംശയമാണ്. കാത്തിരുന്ന് കാണാം.

MORE IN SPOTLIGHT
SHOW MORE