ക്ഷേത്രമുറ്റത്ത് ഹരിതയ്ക്ക് വിവാഹം; കാർമികനായി ഫാ.ജോർജ് കണ്ണംപ്ലാക്കൽ

haritha-marriage
SHARE

പീച്ചി ∙  ക്ഷേത്രമുറ്റത്തു സ്വന്തം പിതാവിന്റെ സ്ഥാനത്തു ഫാ. ജോർജ് കണ്ണംപ്ലാക്കൽ ഹരിതയുടെ കൈപിടിച്ചു നൽകിയത് മതസൗഹാർദത്തിന്റെ പുതിയ കാഴ്ചയായി. കഴിഞ്ഞ ദിവസമാണു മാള അഷ്ടമിച്ചിറ അമ്പഴക്കാട് ശിവദാസും ഹരിതയുമായുള്ള വിവാഹം നടന്നത്. 2 വയസ്സു മുതൽ ചെന്നായ്പാറയിലെ ദിവ്യ ഹൃദയാശ്രമത്തിലെ അംഗമായ ഹരിതയുടെ വിവാഹത്തിനാണു ‘ജോർജച്ചൻ’ മുഖ്യ കാർമികത്വം വഹിച്ചത്.

അമ്മയോടൊപ്പം ദിവ്യ ഹൃദയാശ്രമത്തിലെ ജീവിതത്തിനിടയിൽ പഠന സൗകര്യത്തിനാണു ഹരിത മാളയിലെ സെന്റ് തോമസ് യുപി സ്കൂൾ പൊയ്യയിലെത്തിയത്. 5മുതൽ 7 വരെ ഹരിത പഠിച്ച അതേ ക്ലാസിലെ വിദ്യാർഥിയായിരുന്നു ശിവദാസ്. പിന്നീട് ഇരുവരും സ്കൂളുകൾ മാറി. ജീവിതത്തിൽ ഇതിനിടെ ഒരിക്കൽ പോലും കണ്ടു മുട്ടിയില്ല. കഴിഞ്ഞമാസം ഇവിടെ ഒരുമിച്ചു പഠിച്ചവരുടെ സമൂഹമാധ്യമ ഗ്രൂപ്പിൽ ഇരുവരും വീണ്ടും കണ്ടു.

സൗഹൃദം വളർൃപ്പോൾ  ഹരിതയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ശിവദാസ് മാതാപിതാക്കൾ മുഖേന ദിവ്യ ഹൃദയ ആശ്രമത്തിന്റെ ഡയറക്ടറും ഹരിതയുടെ വളർത്തച്ഛനുമായ ജോർജ് കണ്ണംപ്ലാക്കലിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 17ന് പുടവ കൊടുക്കുന്നതിനു ആശ്രമത്തിൽ എത്തിയപ്പോഴാണു വർഷങ്ങൾക്ക് ശേഷം ഇരുവരും പരസ്പരം കാണുന്നത് തന്നെ. മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ മുഖ്യകാർമികത്വം വഹിച്ചത് ഫാ. ജോർജ് കണ്ണംപ്ലാക്കൽ തന്നെ.

ദുബായിൽ അക്കൗണ്ടന്റ് ആണ് ശിവദാസ്. അഹമ്മദാബാദിൽ നഴ്സായി ജോലി ചെയ്യുകയാണ് ഹരിത. ഉടൻ തന്നെ ഇരുവരും ദുബായിലേക്ക് പോകും. എം സിബിഎസ് സന്യാസി സമൂഹത്തിലെ അംഗമായ ഫാ. ജോർജ് കണ്ണംപ്ലാക്കൽ ഹിന്ദുമതാചാരപ്രകാരം ചെമ്പൂത്ര, തൃക്കൂർ, മാന്ദാമംഗലം എന്നിവിടങ്ങളിൽ നടന്ന വിവാഹങ്ങളിൽ വധുവിന്റെ പിതാവിന്റെ സ്ഥാനത്തു നിന്ന് എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിച്ചിരുന്നു.

MORE IN SPOTLIGHT
SHOW MORE