കൂളായി ബട്‌ലര്‍; കുസൃതികാട്ടി ചഹല്‍; ചിരിപ്പിച്ച് ഡാന്‍സ് വിഡിയോ

ഗുജറാത്ത് ടൈറ്റാന്‍സുമായുള്ള മത്സരത്തില്‍ പരാജയം നുണഞ്ഞെങ്കിലും രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ യുസ്‌വേന്ദ്ര ചഹലും ജോസ് ബട്‌ലറും ഈ സീസണില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യുസ്വേന്ദ്ര ചഹല്‍ പര്‍പ്പിള്‍ ക്യാപ്പും ജോസ് ബട്‌ലര്‍ ഓറഞ്ച് ക്യാപ്പും നേടി. ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റ് എടുത്തയാള്‍ക്കാണ് പര്‍പ്പിള്‍ ക്യാപ്പ് ലഭിക്കുന്നത്. ഓറഞ്ച് ക്യാപ്പ് ഏറ്റവുമധികം റണ്‍സ് നേടിയ ആള്‍ക്കും. ചഹല്‍ 17 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റെടുത്തപ്പോള്‍ 863 റണ്‍സാണ് 17 മത്സരങ്ങളില്‍ നിന്നാണ് ബട്‌ലര്‍ അടിച്ചുകൂട്ടിയത്.

ഇപ്പോഴിതാ കളിക്കളത്തിനു പുറത്തുള്ള താരങ്ങളുടെ പ്രകടനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കിടിലന്‍ ഡാന്‍സുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. ചഹലിന്റെ ഭാര്യ ധനശ്രീ വര്‍മയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഇവരുടെ ഡാന്‍സ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധനശ്രീ തന്നെയാണ് ചഹലിനെയും ബട്‌ലറേയും ഡാന്‍സ് പഠിപ്പിക്കുന്നതും.

ഡാന്‍സ് പഠനത്തിനിടയില്‍ ചഹലും ബട്‌ലറും കാട്ടിക്കൂട്ടുന്ന കുസൃതി കണ്ട് ചിരിച്ചു കണ്ണുനിറയുന്ന സ്മൈലികൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്സ്. മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഹൃദയംതൊടുന്നൊരു കുറിപ്പും ധനശ്രീ കുറിച്ചിട്ടുണ്ട്.

തീര്‍ച്ചയായും ബട്‌ലറുമൊത്ത് ചിലവഴിച്ച നല്ല സമയങ്ങള്‍ മിസ് ചെയ്യുമെന്നും കപ്പ് കിട്ടിയില്ലെങ്കിലും ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കാനായില്ലെയെന്നും കുറിപ്പില്‍ ധനശ്രീ പറയുന്നു.