'അന്ന് ഉത്ര ഇന്ന് വിസ്മയ', വീണ്ടുമൊരു മെയ് 24; വിധി കാത്ത് കേരളം

uthara-vismaya
SHARE

അഞ്ചലിൽ നിന്നും ശാസ്താംകോട്ടയിലേക്ക് ഒരു മണിക്കൂറിന്റെ ദൂരം മാത്രം. അതുപോലെ ഉത്രയിൽ നിന്നും വിസ്മയയിലേക്ക് രണ്ടു വർഷത്തിന്റെ അകലം മാത്രം. രണ്ട് വർഷം മുൻപ് ഇതേ ദിവസമാണ് ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നക്കേസിൽ സൂരജ് എന്ന 28കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. വീണ്ടും മറ്റൊരു മെയ് 24ന് ഭാര്യയെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയയാക്കി ആത്മഹത്യയിലേക്ക് തള്ളിയിട്ടതിന് കിരൺ എന്ന 30കാരന്റെ വിധി എന്താകുമെന്ന് കാത്തിരിക്കുകയാണ് കേരളം. വർഷങ്ങളുടെ ഇടവേളയിൽ ഇരകളുടെ പേരും സാഹചര്യങ്ങളും മാത്രമേ മാറുന്നുള്ളൂ, കാരണം ഒന്ന് തന്നെ സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹികപീഡനവും തുടർന്നുള്ള കൊലപാതകവും ആത്മഹത്യയും.

ജീവിതപാതിയായവളെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന സമാനതകളില്ലാത്ത ക്രൂരയാണ് സൂരജ് എന്ന യുവാവ് ചെയ്തതെങ്കിൽ മൃഗീയമായ പീഡനങ്ങൾക്കാണ് കിരൺ വിസ്‌മയയെ വിധേയയാക്കിയത്. മർദിച്ച് അവശയാക്കിയതിനോടൊപ്പം തള്ളിയിട്ട് ഷൂസ് കൊണ്ട് മുഖത്ത് ചവിട്ടുകവരെ ചെയ്തു. രക്ഷപെടാൻ മരണമല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് തോന്നുംവിധമായിരുന്നു ക്രൂരത. വിശ്വസിച്ച് കയറി വന്ന വീട്ടിൽ നേരിട്ട പീഡനങ്ങൾക്ക് അറുതിവരുത്താൻ വിസ്മയ തിരഞ്ഞെടുത്തത് തൂങ്ങിമരണമായിരുന്നു. ഉത്രക്കേസിൽ നീതി നേടിക്കൊടുത്ത അഡ്വക്കേറ്റ് മോഹൻരാജ് തന്നെയാണ് വിസ്മയയുടെ കേസിലും സ്പെഷ്യൽ പ്രൊസിക്യൂട്ടറായിരിക്കുന്നത്. ഒരു പെൺകുട്ടിയുടെ അച്ഛനെന്ന നിലയിൽ അഭിഭാഷകനെപ്പോലും നോവിപ്പിച്ചതാണ് ഈ രണ്ട് കേസുകളും. 

Capture

ഇത്തരം ഗാർഹികപീഡനങ്ങളുടെ ഇരകൾ വിസ്മയയെ കൊണ്ടോ ഉത്രയേക്കൊണ്ടോ അവസാനിക്കുന്നില്ല.  തുഷാര, കൃതി,സുവ്യ.... എന്നിങ്ങനെ നീളുന്നു പേരുകൾ. തുഷാരയും കൃതിയും ഭർത്താവിന്റെ കൈകൊണ്ടാണ് മരിച്ചതെങ്കിൽ സുവ്യ മനംമടുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. 

2019 മാർച്ച് 21 നാണ് തുഷാര(27)യെ ചെങ്കുളം പറണ്ടോട്ടുള്ള ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം ലഭിക്കാതെ ശരീരം ശോഷിച്ച നിലയിലായിരുന്നു മൃതദേഹം. പഞ്ചസാര വെള്ളവും അരി കുതിർത്തതും മാത്രമായിരുന്നു ഇവർക്ക് നൽകിയിരുന്ന ഭക്ഷണം. ഭർത്താവ് ചന്തുലാലിനെയും അമ്മ ഗീതാലാലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

2013 ലായിരുന്നു ഇവരുടെ വിവാഹം. 3 മാസം കഴിഞ്ഞപ്പോൾ രണ്ടുലക്ഷം രൂപ സ്ത്രീധനം ചന്തുലാൽ ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാർ നൽകിയില്ല. തുടർന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല.

2019 നവംബർ 11 നാണ് മുളവന പുത്തൻവീട്ടിൽ മോഹനന്റെ മകൾ കൃതി മോഹൻ (25) കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്. ഭാര്യയെ തലയണ അമർത്തി ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ ഭർത്താവ് വൈശാഖ് ബൈജു(28)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തതാണ് എന്നായിരുന്നു വൈശാഖിന്റെ മൊഴിയെങ്കിലും ആസൂത്രിതമാണ് എന്ന വാദത്തിൽ കൃതിയുടെ വീട്ടുകാർ ഉറച്ചു നിന്നു. 25 ലക്ഷത്തിലധികം ലോൺ എടുപ്പിച്ചു.

അതിനു പുറമേ മറ്റെല്ലാം കൂടി 60 ലക്ഷത്തോളം രൂപയും. അമ്മയുടെ പേരിലുള്ള സ്ഥലം ലോൺ എടുക്കാൻ നൽകണമെന്ന ആവശ്യത്തെത്തുടർന്നാണ് തർക്കം രൂക്ഷമായത്. 2 മാസത്തിനു ശേഷം വീട്ടിൽ വന്നപ്പോഴാണ് കൃതി കൊല്ലപ്പെടുന്നത്. 

എല്ലാ കേസുകളും പുറംലോകം അറിയുമ്പോൾ വീട്ടുകാർ പറയാറുണ്ട്, " മകൾ ഉപദ്രവം നേരിട്ടത് ഞങ്ങൾക്ക് അറിയാമായിരുന്നു. അവൾ എല്ലാം പറയുമായിരുന്നു." എന്നിട്ടും എന്ത് കൊണ്ട് മരണങ്ങൾ തുടർക്കഥയാകുന്നുവെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ, 'സമൂഹത്തെ പേടി'. മക്കളേക്കാൾ വലുതാണോ ഈ പേടിയും അന്തസും എന്ന് ചിന്തിക്കേണ്ട കാലം കേരളത്തിൽ അതിക്രമിച്ചുകഴിഞ്ഞു. അടുത്ത വർഷം ഈ സമയമാകുമ്പോൾ സാമൂഹമാധ്യമത്തിന്റെ ടൈംലൈനിലോ ഹാഷ്ടാഗുകളിലോ മറ്റൊരു പെൺകുട്ടി കൂടി ഇടം പിടിക്കാതിരിക്കട്ടെ. 

MORE IN SPOTLIGHT
SHOW MORE