അന്ന് പത്തര പവന്റെ മാല ഊരി നൽകി ജയലളിത; ഇനിയില്ല ആ സംഗീതം

sangeethajayalalitha-22
SHARE

ഹൃദയം കൊണ്ട് പാടിയ പാട്ടുകളാണ് സംഗീത സജിത്തിനെ ആസ്വാദകരുടെ പ്രിയങ്കരിയാക്കിയത്. 'അമ്പിളി പൂവട്ടം പൊന്നുരുളി' മുതല്‍ അയ്യപ്പനും കോശിയിലെ 'താളം പോയി തപ്പും പോയി' വരെ മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളാണ്. കുരുതിയിലെ തീം സോങാണ് അവര്‍ മലയാളത്തില്‍ പാടിയ അവസാന ഗാനം. മലയാളത്തിനുമപ്പുറം കടന്ന് തമിഴിലും തെലുങ്കിലും കന്നടയിലും ആരാധകരെ സൃഷ്ടിച്ചു ആ മധുര സംഗീതം.

കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്’ അതേ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള കഴിവും സംഗീതയെ പ്രശസ്തയാക്കി. ഒരിക്കൽ തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിച്ചപ്പോൾ ആസ്വാദകർ അത് ഹൃദയം കൊണ്ടു കേട്ടിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ജയലളിത പാട്ട് കേട്ട് വേദിയിൽ കയറിവന്ന്  കഴുത്തിൽ ഉണ്ടായിരുന്ന പത്തര പവന്റെ മാല ഊരി സംഗീതയെ അണിയിച്ചാണ് മടങ്ങിയത്.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ അവർ നാളൈതീര്‍പ്പി’ലൂടെയാണ് സംഗീത തമിഴ് സിനിമാസംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. എ.ആര്‍.റഹ്മാന്റെ സംഗീതസംവിധാനത്തില്‍ 'മിസ്റ്റർ റോമിയോ'യില്‍ പാടിയ 'തണ്ണീരും കാതലിക്കും' വലിയ പ്രശംസയാണ് നേടിക്കൊടുത്തത്. പേര് പോലെ തന്നെ സംഗീതമയമായിരുന്നു ജീവിതം. സംഗീത മടങ്ങുകയാണ് ഓർക്കാൻ ആ ശബ്ദമാധുരി മാത്രം ശേഷിപ്പിച്ച്.

MORE IN KERALA
SHOW MORE