വിവാഹവും ബിരുദ പരീക്ഷയും ഒന്നിച്ചെത്തി; വധുവിന്റെ വേഷമണിഞ്ഞ് പരീക്ഷ എഴുതി അബിന

വിവാഹ ദിനവും ബിരുദ പരീക്ഷ ദിവസവും ഒന്നിച്ചെത്തിയതു അബിനയ്ക്ക് അവിസ്മരണീയ ദിനമായി. മന്നാനിയ്യ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ മൂന്നാം വർഷ ബികോം കോ ഓപറേഷൻ വിദ്യാർഥിനിയും കടയ്ക്കൽ കാഞ്ഞിരത്തുംമൂട് അബിന മൻസിലിൽ സഫറുല്ലയുടെയും നബീസത്തിന്റെയും മകളുമായ അബിനയുടെ വിവാഹ ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ 12ന് നടത്താനിരുന്ന വൈവ പരീക്ഷ മാറ്റി വച്ചതിനെത്തുടർന്നാണ് പരീക്ഷയും വിവാഹവും ഒരേ ദിവസത്തിലായത്. ബന്ധുക്കളോടൊപ്പം രാവിലെ 10ന് പരീക്ഷയ്ക്കെത്തി പങ്കെടുത്ത ശേഷം കൃത്യ സമയത്തു തന്നെ 7 കിലോമീറ്റർ അകലെയുള്ള വിവാഹ വേദിയിലെത്തുകയും ചെയ്തു.