വെള്ളത്തിൽ വീണ മാനിനെ സാഹസികമായി രക്ഷിച്ച് ആന; വിഡിയോ

elephant
SHARE

അപകടത്തിൽപ്പെട്ട മാനിനെ രക്ഷിക്കാൻ ഒരാന നടത്തിയ 'സാഹസികത'യുടെ വിഡിയോ പുറത്ത്. ഗ്വാട്ടിമലയിലെ ലാ അറോറ മൃഗശാലയിലുണ്ടായ ഒരു സംഭവമാണിത്. വെള്ളത്തിൽ മുങ്ങിത്താഴുന്ന മാനും ഇത് കണ്ടതോടെ വലിയ ശബ്ദമുണ്ടാക്കി തുമ്പിക്കൈ കൊണ്ട് അപകട സൂചന നൽകുന്ന ആനയുമാണ് വിഡിയോയിൽ. ആനയുടെ പ്രവർത്തി ശ്രദ്ധയിൽപ്പെട്ട മൃഗശാലയിലെ കാവൽക്കാരനാണ് മാനിനെ വെള്ളത്തിൽ നിന്നും രക്ഷിച്ചത്.

അപകടത്തിൽപ്പെട്ട മാനിന്റെ അരികിലേക്ക് കാവൽക്കാരനെ ആന കൊണ്ടെത്തിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. തുമ്പിക്കൈകൊണ്ട് വെള്ളത്തിന്റെ ഭാഗത്തേക്കും പിന്നീട് കാവൽക്കാരന്റെ ഭാഗത്തേക്കും മാറിമാറി ആന നോക്കുന്നതും കാണാം. കാവൽക്കാരൻ വെള്ളത്തിലേക്ക് ചാടി മാനിനെ രക്ഷപ്പെടുത്തുംവരെ ആന ചിന്നംവിളിച്ചുകൊണ്ട് കരയിൽ തന്നെ നിൽക്കുകയാണ് ചെയ്യുന്നത്. 

ഈ ധീരപ്രവർത്തിക്ക് ട്രോംപിറ്റ എന്ന ആനയ്ക്കും കാവൽക്കാരനും സമ്മാനങ്ങളും മൃഗശാല അധികൃതർ നൽകി. ട്രോംപിറ്റയ്ക്ക് തണ്ണിമത്തനും കാരറ്റും കപ്പലണ്ടിയും നൽകിയപ്പോൾ സാഹസികമായി മാനിനെ രക്ഷപ്പെടുത്തിയ കാവൽക്കാരന് സർട്ടിഫിക്കറ്റും നൽകി. അതേസമയം പല പഠനങ്ങളിലും ഏഷ്യൻ ആനകൾക്ക് ഇത്തരത്തിലുള്ള സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് വ്യക്തമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പ്രകൃതി ദുരന്തങ്ങളും മറ്റുമുണ്ടാകും മുൻപ് തന്നെ മനുഷ്യർക്ക് ഇതേക്കുറിച്ചുള്ള സൂചനകൾ നൽകാന്‍ ആനകൾക്ക് സാധിക്കുന്നുവെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE