പറന്നെത്തിയത് ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകൾ; ആനമലൈ കടുവാസങ്കേതത്തിൽ ‘അവതാർ’ രംഗം

Image Credit: sriram_murali/Instagram

അവതാർ എന്ന സിനിമ അങ്ങനെയൊന്നും മറക്കാൻ സാധിക്കില്ല. ആൽഫ സെ‍ഞ്ച്വറി താരസംവിധാനത്തിലെ പാൻഡോറ എന്ന ഗ്രഹവും. പ്രകാശം പൊഴിക്കുന്ന പറപ്പാറ്റകളും മറ്റനേകം ജീവികളും പ്രകാശഭരിതമാക്കുന്നവയാണ് പാൻഡോറയിലെ നാവികളുടെ ആവാസവ്യവസ്ഥയായ നിബിഡവനങ്ങൾ. ജയിംസ് കാമറൺ അവതാർ എന്ന ചിത്രത്തിനെ ഹൃദയഹാരിയും ഹോളിവുഡിലെ ഏറ്റവും രാജകീയ ഹിറ്റുമാക്കുന്നതിൽ കമനീയമായ ഈ കാഴ്ചകൾ നൽകിയ സംഭാവനകൾ ചെറുതല്ല.

അവതാറിനെ അനുസ്മരിപ്പിക്കുന്ന ഒരു കാഴ്ചയൊരുങ്ങിയിരിക്കുകയാണ് നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നമ്മോട് അടുത്തു കിടക്കുന്ന പട്ടണമായ കോയമ്പത്തൂരിനു സമീപമുള്ള ആനമലൈ കടുവാസങ്കേതത്തിൽ. ഇതുവരെ സ്ഥിരീകരിക്കാത്ത വിഭാഗത്തിൽ പെട്ട പ്രത്യേകയിനം മിന്നാമിനുങ്ങുകൾ ഈ വനത്തിലേക്കു പറന്നു വന്നു. ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിനു മിന്നാമിനുങ്ങുകൾ. പ്രകാശത്തിന്റെ ഒരു മേഘം പോലെ പാറി വന്ന ഇവ വനത്തിലെ മരങ്ങളിലും ചെടികളിലും തങ്ങളുടെ ഇരിപ്പുറപ്പിച്ചു. 

അവതാറിലെ പാൻഡോറയെ അനുസ്മരിപ്പിക്കുംവിധമുള്ള പ്രകാശതരംഗമാണ് പിന്നീടുണ്ടായത്. മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടങ്ങൾ ചേർന്ന് വലിയ മഞ്ഞയും പച്ചയും ചേർന്ന പ്രകാശമായപ്പോൾ വനം അതിൽ കുളിച്ചുനിന്നു. ഇതിന്റെ ചേതോഹരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തു. മിന്നാമിനുങ്ങുകൾ തങ്ങളുടെ പ്രകാശം ഏകോപിച്ചുള്ള ഫ്ലാഷുകളിലൂടെയാണു കാട്ടിയതെന്ന് കടുവാസങ്കേതത്തിലെ അധികൃതർ പറയുന്നു. വളരെ പണം മുടക്കി ഒരുക്കിയ ഒരു ലൈറ്റ്സ് ആൻഡ് സൗണ്ട് ഷോ മാതിരി. എല്ലാ വേനൽക്കാലത്തും ഇവ ഇത്തരമൊരു പ്രതിഭാസം ആനമലൈയിൽ ഒരുക്കാറുണ്ടെന്നും അവർ പറയുന്നു.

പൊള്ളാച്ചി റേഞ്ചിൽ സ്ഥിതി ചെയ്യുന്ന ആനമലൈയിലെ എണ്ണായിരം ഹെക്ടറോളം സ്ഥലത്താണ് ഈ വിചിത്രപ്രതിഭാസം കാണുന്നത്. കേരളത്തിലെ പറമ്പികുളം, നെല്ലിയാംപതി വനമേഖലകളിലും ഇതേ കാഴ്ച അനുഭവപ്പെട്ടേക്കാമെന്ന് അധികൃതർ പറയുന്നു. ഈ വിചിത്രപ്രതിഭാസത്തിനു പിന്നിലെ കാരണം, ഈ മിന്നാമിനുങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, ഇവയ്ക്ക് മറ്റു ജീവികളുമായുള്ള ബന്ധം എന്നിവ പഠനവിധേയമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ.

ആയിരം ചതുരശ്ര കിലോമീറ്ററോളം വനം, ചോലവനങ്ങൾ, പുൽമേടുകൾ എന്നിവയുള്ള ആനമലൈ കടുവാസങ്കേതം കൊടൈക്കനാലിനും കോയമ്പത്തൂരിനുമിടയിലാണു സ്ഥിതി ചെയ്യുന്നത്. മുപ്പതോളം കടുവകൾക്ക് പുറമെ നിരവധി പുലികളും ഇവിടെയുണ്ട്. പുള്ളിമാനുകൾ, മയിലുകൾ, അപൂർവയിനം കുരങ്ങൻമാർ, ആനകൾ, മുതലകൾ തുടങ്ങി ഒട്ടേറെ ജീവികൾ ഈ കാടിനെ വീടെന്നു വിളിക്കുന്നു. ആറ് വ്യത്യസ്ത ഗോത്രങ്ങളിൽ പെട്ട തദ്ദേശീയ ജനതയും ഇവിടെ വസിക്കുന്നുണ്ട്.