'ഇനി ഞങ്ങളുടെ കാർ വാങ്ങേണ്ട'; ജസ്റ്റിന്‍ ബീബറിനെ വിലക്കി ഫെരാരി

justin-bieber-car
SHARE

പോപ് താരം ജസ്റ്റിന്‍ ബീബര്‍ വീണ്ടും വിവാദത്തില്‍. ഇക്കുറി ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ഫെരാരിയില്‍ നിന്നു വിലക്ക് ഏറ്റുവാങ്ങിയതാണ് വിവാദമായിരിക്കുന്നത്. തങ്ങളുടെ കാറുടമകള്‍ പാലിക്കേണ്ട നിരവധി പെരുമാറ്റച്ചട്ടങ്ങള്‍ ജസ്റ്റിന്‍ ബീബര്‍ തെറ്റിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഫെരാരി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിലാന്‍ ആസ്ഥാനമായുള്ള ഇറ്റാലിയന്‍ പത്രം il Giornale(ദ ന്യൂസ്‌പേപ്പര്‍) ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

തങ്ങളുടെ കാറുകളുടെ പരിപാലനത്തിന്റെ കാര്യത്തില്‍ വീഴ്ചവരുത്തുന്ന ഉപഭോക്താക്കള്‍ക്കെതിരെ നേരത്തെയും ഫെരാരി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫെരാരിയുടെ എഫ് 458 സൂപ്പര്‍കാര്‍ മോശം രീതിയില്‍ ഉപയോഗിച്ചതാണ് കമ്പനിയുടെ വിലക്ക് പട്ടികയിലേക്ക് ബീബറുടെ പേരെത്തിച്ചത്. മോഡലും റിയാലിറ്റി ഷോ താരവുമായ കിം കര്‍ദാഷിയന്‍, ഹോളിവുഡ് നടന്‍ നിക്കോളസ് കേജ്, റാപ്പര്‍ 50 സെന്റ് എന്നിവര്‍ക്കും നേരത്തെ ഫെരാരിയുടെ വിലക്ക് ലഭിച്ചിട്ടുണ്ട്.

നിരവധി ആഡംബര കാറുകള്‍ സ്വന്തമായുള്ള സെലിബ്രിറ്റിയാണ് ജസ്റ്റിന്‍ ബീബര്‍. ലംബോര്‍ഗിനി അവെറ്റഡോര്‍, ബുഗാട്ടി വെയ്‌റന്‍ ഗ്രാന്റന് സ്‌പോര്‍ട്, പോര്‍ഷെ 911 ടര്‍ബോ, ഫെരാരി എഫ് 430യും 458ഉം അടക്കമുള്ള സൂപ്പര്‍കാര്‍ ബീബറുടെ ഗാരേജിലുണ്ട്. ഇതില്‍ ഫെരാരി 458യെ ബീബര്‍ ഉപയോഗിച്ച രീതിയാണ് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ കമ്പനിയെ ചൊടിപ്പിച്ചത്.

ബീബര്‍ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്താന്‍ ഒന്നിലേറെ കാരണങ്ങളുണ്ടെന്നാണ് ഫെരാരി വിശദീകരിക്കുന്നത്. സൂപ്പര്‍കാര്‍ അലക്ഷ്യമായി ഉപേക്ഷിച്ചു, നിറം മാറ്റി, ലേലത്തില്‍ വച്ചു തുടങ്ങിയവയെല്ലാം തങ്ങളുടെ ഉപഭോക്താക്കളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഫെരാരി വിശദീകരിക്കുന്നു. ബീബര്‍ എഫ് 458 വാങ്ങി മാസങ്ങള്‍ക്കകം തന്നെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിക്കുന്നുണ്ട്.

ബെവര്‍ലി ഹില്‍സിലെ ഒരു നിശാ ക്ലബിന്റെ പാര്‍ക്കിങ്ങില്‍ ദിവസങ്ങളോളം ഈ ആഢംബര കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് ആഴ്ച്ചക്കുശേഷമാണ് ബീബറുടെ സംഘത്തിലെ ഒരാള്‍ വന്ന് ഈ കാര്‍ കണ്ടെത്തി എടുത്തുകൊണ്ടുപോയത്. വെള്ള ഫെരാരിയുടെ നിറം ഇലക്ട്രിക് ബ്ലൂവാക്കി മാറ്റിയ ബീബറുടെ നീക്കവും ഫെരാരിയുടെ നെറ്റി ചുളിപ്പിച്ചു. ഫെരാരിയുടെ സ്റ്റിയറിങ്ങിലെ കുതിര ചിഹ്നത്തിന്റെ നിറവും മാറ്റി. അലോയ് വീലിലും റിമ്മിലും മാറ്റം വരുത്തി. മാത്രമല്ല, 2017ല്‍ ഈ വാഹനം ബീബര്‍ ലേലത്തില്‍ വയ്ക്കുകയും ചെയ്തു. ഇതൊക്കെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വിലക്കില്‍ കലാശിച്ചിരിക്കുന്നത്. വിലക്ക് നിലവിലുള്ളിടത്തോളം കാലം ഫെരാരിയില്‍ നിന്നും പുതിയ കാര്‍ ബീബറിന് വാങ്ങാനാവില്ല.

MORE IN SPOTLIGHT
SHOW MORE