'11ാം വയസ്സില്‍ ഉറങ്ങി 21ല്‍ ഉണര്‍ന്നു; പെണ്‍കുട്ടിയുടെ മുടിക്ക് വരെ വില'; റിപ്പോര്‍ട്ട്

Representative Image

നീണ്ട പത്തു വര്‍ഷം തുടര്‍ച്ചയായി ഉറങ്ങിയ പെണ്‍കുട്ടി. പതിനൊന്നാം വയസ്സില്‍ ഉറങ്ങിയ ബ്രിട്ടണിലെ എലന്‍ സാഡ്​ലര്‍ എന്ന പെണ്‍കുട്ടി ഉണര്‍ന്നത് അവരുടെ ഇരുപത്തിയൊന്നാം വയസ്സിലാണ്. 10 വര്‍ഷത്തിനിടെ മെഡിക്കല്‍ വിദഗ്ധരില്‍ പലരും എലനെ കാണാനെത്തിയെങ്കിലും ആര്‍ക്കും എലനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്താനായില്ല. പെണ്‍കുട്ടിക്ക് അത്യപൂര്‍വമായ ട്രൈപനോസോമിയാസിസ് അഥവാ സ്ലീപിംഗ് സിക്നസ് എന്ന രോഗമാണെന്ന് വിദ്ഗ്ധര്‍ കണ്ടെത്തി. ആദ്യമായി ഈ രോഗം കണ്ടെത്തിയതും എലനിലാണ്. 

11 വയസ്സ് വരെ യാതൊരു തരത്തിലുള്ള രോഗലക്ഷണവും എലന് ഉണ്ടായിരുന്നില്ല. 1871 മാര്‍ച്ച് 29ന് പതിവ് പോലെ ഉറങ്ങാന്‍ കിടന്ന എലന്‍ പിറ്റേന്ന് രാവിലെ ഉണര്‍ന്നില്ല. വീട്ടുകാര്‍ നിലവിളിച്ചും കുലുക്കിയും ഉണര്‍ത്താന്‍  ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തലച്ചോറിലെ ഹൈപ്പോക്രെറ്റിൻ എന്ന രാസവസ്തുവാണ് ഒറെക്സിൻ.  ഇവയാണ് ഉറക്കത്തിൽ നിന്ന് ഉണരാൻ നമ്മെ സഹായിക്കുന്നത്. ഒറെക്സിന്‍റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ട്രൈപനോസോമിയാസിസ്.  

ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധര്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാന്‍ എലന്‍റെ വീട്ടിലെത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. എലന്‍ 'ഉറങ്ങുന്ന പെണ്‍കുട്ടി' എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടാന്‍ തുടങ്ങി. എലന്‍റെ മുടിയിഴകള്‍ക്ക് വരെ ആളുകള്‍ പണം നല്‍കി തുടങ്ങി. 

ആദ്യ കാലങ്ങളില്‍ എലന്റെ അമ്മ അവൾക്ക് കഞ്ഞിയും പാലും വീഞ്ഞും ചായകോപ്പയിലൂടെ  കൊടുക്കുമായിരുന്നെങ്കിലും എലന്റെ താടിയെല്ലുകള്‍ കോച്ചിയതോടെ അമ്മ മറ്റൊരു വഴി കണ്ടെത്തി. അവളുടെ പല്ലിനിടയിലെ ചെറിയ വിടവിലൂടെ എലന് ഭക്ഷണം നല്‍കി തുടങ്ങി. 1880ല്‍ ഇരുപത്തിയൊന്നാം വയസ്സിലാണ് എലന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. എലന്‍റെ അമ്മ മരിച്ച് അഞ്ച് മാസം കഴിഞ്ഞിരുന്നു. എലന്‍ ഉണര്‍ന്നപ്പോഴേക്കും ലോകം ഒരുപാട് മാറിയിരുന്നു. നടന്നത് മനസ്സിലാക്കിയെടുക്കാന്‍ തന്നെ ഒരുപാട് സമയമെടുത്തു. ഒടുവില്‍ 1901ല്‍ എലന്‍ മരണമടഞ്ഞു.