‘ജനങ്ങൾ ഉറങ്ങാത്ത കൊച്ചി; ദയവായി രക്ഷിക്കണേ’; പ്രതിഷേധവുമായി വിനയ് ഫോർട്ട്

കൊച്ചി: കൊതുകു കടി സഹിക്കാൻ വയ്യാതെ കൊച്ചി കോർപറേഷന് എതിരെ പ്രതിഷേധവുമായി നടൻ വിനയ് ഫോർട്ട്. ‘ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതരമായ പ്രശ്നം. ദയവായി ഞങ്ങളെ രക്ഷിക്കണേ’ എന്ന അടിക്കുറിപ്പോടെ രക്തം ഊറ്റിക്കുടിക്കുന്ന കൊതുകിന്റെ കാർട്ടൂൺ ചിത്രം വിനയ് ഫോർട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ‘ജനങ്ങൾ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിൻ കോർപറേഷൻ; അധികാരികൾ കണ്ണു തുറക്കുക’– വിനയ് ഫോർട്ട് പോസ്റ്റ് ചെയ്ത ഫോട്ടോയിൽ കുറിച്ചു.

കൊതുകുശല്യം രൂക്ഷമാകുമ്പോഴും കോർപറേഷൻ കാര്യമായൊന്നും ചെയ്യുന്നില്ലെന്നു വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. കൊതുകു നിവാരണ പ്രവർത്തനം ശക്തമാക്കിയെന്നു കോർപറേഷൻ പറയുമ്പോഴും നഗരവാസികൾക്കു കൊതുകു കടി ഒഴിഞ്ഞ നേരമില്ല. കഴിഞ്ഞ കൗൺസിൽ യോഗത്തിലും ഭൂരിഭാഗം കൗൺസിലർമാരും പങ്കുവച്ചത് കൊതുകുശല്യം മൂലമുള്ള പ്രശ്നങ്ങളാണ്.