അഴിഞ്ഞാടി ട്രെയിന്‍ കള്ളന്മാര്‍; ട്രാക്കില്‍ ചിതറി ഓണ്‍ലൈന്‍ പായ്ക്കറ്റുകള്‍; വിഡിയോ

അമേരിക്കയില്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ ബുക്ക് ചെയ്തവര്‍ ഏറെ ദിവസങ്ങളായി കാത്തിരിപ്പ് തുടരുകയാണ്. പലര്‍ക്കും പറഞ്ഞ ദിവസം സാധനങ്ങള്‍ എത്തുന്നില്ല. ഒടുവില്‍ അവരറിഞ്ഞു, കാത്തിരുന്നിട്ട് കാര്യമില്ലെന്ന്. കാരണം അവരുടെ സാധനങ്ങള്‍ ട്രെയിനില്‍ വച്ചു തന്നെ മോഷ്ടിക്കപ്പെട്ടിരിക്കുന്നു. അവരുടെ അഡ്രസ് എഴുതിയ പായ്ക്കറ്റുകള്‍ തുറന്നനിലയില്‍ ലൊസാഞ്ചലസിലെ റെയില്‍വേ പാളത്തില്‍ കിടക്കുന്നുണ്ട്. ആമസോണ്‍, ടാര്‍ഗറ്റ്, യുപിഎസ്, ഫെഡെക്‌സ് എന്നീ കമ്പനികളുടെ പായ്ക്കറ്റുകളാണ് ഇത്തരത്തില്‍ ട്രെയിനില്‍നിന്നു കള്ളന്മാര്‍ തട്ടിയെടുക്കുന്നത്. 

സ്‌റ്റേഷനടുത്തേക്ക് ട്രെയിന്‍ എത്തുമ്പോള്‍ ചാടിക്കയറുന്ന മോഷ്ടാക്കള്‍ കണ്ടെയ്‌നറുകളുടെ താഴ് കട്ടറുകള്‍ കൊണ്ടു പൊളിച്ചാണ് സാധനങ്ങള്‍ തട്ടിയെടുക്കുന്നത്. 2020 ഡിസംബര്‍ മുതല്‍ ലൊസാഞ്ചലസ് കൗണ്ടിയില്‍ ഇത്തരം മോഷണത്തില്‍ 160 ശതമാനം വര്‍ധനവുണ്ടായെന്നാണ് റെയില്‍ ഓപ്പറേറ്ററായ യൂണിയന്‍ പസിഫിക്ക് പറയുന്നത്. കഴിഞ്ഞ വര്‍ഷം 5 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. 2020 ഒക്‌ടോബറിന് അപേക്ഷിച്ച് 2021 ഒക്‌ടോബറില്‍ മോഷണം 356 ശതമാനം വര്‍ധിച്ചു. 

ട്രെയിന്‍ ജീവനക്കാര്‍ക്കു നേരെയുള്ള അക്രമവും വര്‍ധിച്ചിട്ടുണ്ട്. ക്രിസ്മസ് ഷോപ്പിങ്ങിനിടെയാണ് മോഷണം കുത്തനെ കൂടിയത്. ലൊസാഞ്ചലസ് കൗണ്ടിയില്‍ മാത്രം പ്രതിദിനം ശരാശരി 90 കണ്ടെയ്‌നറുകള്‍ എങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെന്ന് യൂണിയന്‍ പസിഫിക് അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ നൂറിലേറെ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചെറിയ ഫൈന്‍ അടച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ തിരിച്ചിറങ്ങുന്നതാണ് മോഷണം കൂടാന്‍ കാരണമെന്ന് റെയില്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.