‘അവൾക്കൊപ്പം എന്നും’; അതിജീവിതയ്ക്ക് പിന്തുണയുമായി റിമ; കഥ പറഞ്ഞ് മാധവൻ

ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിയമപോരാട്ടം നടത്തിയ അതിജീവിതയ്ക്ക് പിന്തുണയുമായി സൈബർ ലോകം. നടി റിമ കല്ലിങ്കൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പിന്തുണ പ്രഖ്യാപിച്ചു. ‘അവള്‍ക്കൊപ്പം എന്നും’ എന്നാണ് താരം കുറിച്ചത്. പോരാട്ടത്തിന് മുന്നിൽ നിന്ന കന്യാസ്ത്രീകളുടെ ചിത്രവും റിമ പങ്കുവച്ചിട്ടുണ്ട്. എഴുത്തുകാരൻ എൻ.എസ് മാധവന്റെ പ്രതികരണവും ശ്രദ്ധേയാണ്.

‘യേശു ഒരുകഥ പറഞ്ഞു. ഒരിക്കൽ ഒരു കർഷകൻ വിത്ത് വിതയ്ക്കുവാൻപോയി. ചില വിത്തുകൾ വഴിയരികിൽ വീണു. അവ കിളികൾ കൊത്തിത്തിന്നു.

ചില വിത്തുകൾ പാറസ്ഥലങ്ങളിൽ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാൽ ആഴത്തിൽ വേരിറങ്ങാൻ കഴിഞ്ഞില്ല. ഈ മുളയ്‌ക്കലും അങ്ങനെയെന്ന് കരുതുന്നു..’ അദ്ദേഹം കുറിച്ചു.

അതേസമയം ദൈവത്തിന്റെ കോടതിയിലുണ്ടായിരുന്ന വിധി ഭൂമിയിലെ കോടതിയിൽ വരട്ടെയെന്ന് പ്രാർഥിച്ചതായി ബിഷപ് പറയുന്നു. ‘ദൈവമുണ്ടെന്നും ദൈവത്തിന്റെ ശക്തിയെന്താണെന്നും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള മിഷനറിയാണു ഞാൻ. അതിന് ദൈവം അവസരം തന്നു. പ്രാർഥനയ്ക്ക് ശക്തിയുണ്ടെന്നു ‍ജാതിമത ഭേദമന്യേ എല്ലാവർക്കും മനസ്സിലായി. സത്യത്തെ സ്നേഹിക്കുന്നവരും സത്യത്തിനായി നിൽക്കുന്നവരും എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. ഫലം ഉള്ള മരത്തിൽ കല്ലെറിയും. അതിൽ അഭിമാനമേയുള്ളൂ. എല്ലാവരും തുടർന്നു പ്രാർഥിക്കുക. ദൈവത്തെ സ്തുതിക്കുക.’ ബിഷപ് പറഞ്ഞു.

കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജി.ഗോപകുമാറാണ് പീഡനക്കേസിൽ ബിഷപ് മുളയ്ക്കലിനെ കുറ്റവിമുക്‌തനാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.