മനുഷ്യ രൂപത്തിൽ ഒരു ​ഗ്രാമം! ഇറ്റലിയിൽ നിന്ന് ഡ്രോൺ പകർത്തിയ ചിത്രം; കൗതുകക്കാഴ്ച

italiyan-villagen
SHARE

മനോഹരമായ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിന്റെ വിസ്മയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ ലോകമെങ്ങും  കൗതുകത്തോടെ കാണുകയാണ്. കൂറ്റൻ മനുഷ്യരൂപത്തിൽ ഒരു ഗ്രാമം. ഇറ്റലിയിലെ സിസിലി ദ്വീപിലെ ചെറു ഗ്രാമമായ സെൻടുരിപെ ആണ് മനുഷ്യരൂപത്തിൽ അദ്ഭുതപ്പെടുത്തുന്നത്. ഗ്രാമത്തിലെ തന്നെ താമസക്കാരനായ പയോ ആൻഡ്രിയ പെറി എന്ന 32കാരൻ പകർത്തിയ ആകാശദൃശ്യങ്ങളാണ് ഗ്രാമത്തിന്റെ വേറിട്ട മുഖം ലോകത്തിന് കാണിച്ചുതന്നത്. പല ഭാഗങ്ങളായി തിരിച്ചാണ് ചിത്രമെടുത്തത്. അഞ്ച് ഭാഗങ്ങളായി എടുത്ത ഫോട്ടോകൾ ചേർത്ത് വച്ചപ്പോഴാണ്  ഗ്രാമത്തിൻറെ ആകാശ ദൃശ്യത്തിലെ രൂപം ഒരു മനുഷ്യൻറേതു പോലെയായിരുന്നു എന്ന കൗതുകമുണർത്തുന്ന സത്യം പയോ തിരിച്ചറിയുന്നത്. പിന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോഴും കണ്ടവർക്കെല്ലാം കൗതുകമായി. 

സെൻടുരിപെയിൽ നിന്ന് 40 മൈലോളം ദൂരേക്ക് പോയ ശേഷം ഡ്രോണുകൾ ഉയരത്തിൽ പറത്തിയപ്പോഴാണ് ഗ്രാമത്തിൻറെ ദൃശ്യം ഈ രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചതെന്ന് പെറി പറയുന്നു. ഇവിടെ നിന്ന് ദൃശ്യം പൂർണമായി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് സാധിച്ചില്ല. ഇതോടെയാണ് പല ഭാഗങ്ങളായുള്ള ചിത്രമെടുക്കാൻ തീരുമാനിച്ചത്. ഡ്രോണിന് സുരക്ഷിതമായി പറക്കാൻ കഴിയുന്ന പരമാവധി ഉയരത്തിൽ എത്തിച്ച ശേഷമാണ് ചിത്രങ്ങൾ ലഭിച്ചത്. ഗ്രാമത്തിൻറെ പകലും രാത്രിയിലുമുള്ള ചിത്രങ്ങൾ പയോ പകർത്തിയിരുന്നു. രാത്രിയിലെ ചിത്രത്തിൽ വെളിച്ചം കൂടിയാകുമ്പോൾ ഈ രൂപത്തിന് കൂടുതൽ വ്യക്തത വരുന്നതും കാണാം. ക്രിസ്മസിന് വീട്ടിൽ തൂക്കുന്ന അഞ്ച് വാൽ നക്ഷത്രങ്ങളോടും, ഡാവിഞ്ചിയുടെ പ്രശസ്തമായ മനുഷ്യ അനാട്ടമി ചിത്രത്തോടുമെല്ലാം പലരും സെൻടുരിപെയുടെ ആകാശ ദൃശ്യത്തെ സാമ്യപ്പെടുത്തി. രാത്രിയിലെ ചിത്രം കാണുമ്പോൾ ചിറക് വിടർത്തി പറക്കാൻ നിൽക്കുന്ന ഒരു പരുന്തിൻറെ രൂപത്തോടും നഗരത്തിനുള്ള സാദൃശ്യം ചിലർ കണ്ടെത്തിയിട്ടുണ്ട്. നിശ്ചല ചിത്രങ്ങൾക്ക് പുറമെ ഡ്രോൺ ഉപയോഗിച്ചുള്ള വീഡിയോയും പയോ പകർത്തിയിട്ടുണ്ട്. ഗൂഗിൾ എർത്തിൽ തൻറെ നഗരത്തിൻറെ കാഴ്ച കണ്ടപ്പോൾ തോന്നിയ കൗതുകമാണ്  ചിത്രമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പെറി പറയുന്നു. ഇറ്റലിയിലെ ഏറ്റവും പുരാതനമായ ജനവാസകേന്ദ്രങ്ങളിൽ ഒന്നാണ് സെൻടുരിപെ.സമുദ്രനിരപ്പിൽ നിന്ന് 2,400 അടി ഉയരത്തിലുള്ള ഈ മല 5000ത്തോളം പേർ മാത്രമാണ് ഇപ്പോൾ ഇവിടെ സ്ഥിരതാമസക്കാരായി ഉള്ളത്. നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ഈ നഗരത്തിലെ കോട്ടയുടെ നീളത്തിലുള്ള ഭിത്തിയും ചിത്രത്തിൽ കാണാനാകും. ചിത്രങ്ങൾ നഗരത്തിന് രാജ്യാന്തര പ്രശസ്തി നൽകിയതോടെ ചിത്രം പകർത്തിയ പെറിക്ക് മേയറുടെ ക്ഷണവും ലഭിച്ചിട്ടുണ്ട്. പെറിയുടെ ചിത്രങ്ങൾ നഗരസഭയുടെ മേൽനോട്ടത്തിൽ പ്രദശർനത്തിന് വയ്ക്കാനാണ് തീരുമാനം.

ഏതായാലും ഏറെ ശ്രമകരമായിരുന്ന തന്റെ ഉദ്യമം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് പെറി. വീക്ഷണകോണുകൾ മാറുമ്പോൾ കാഴ്ചകളും എത്ര വ്യത്യസ്തവും കൗതുകകരവും ആയി മാറും എന്ന് തെളിയിക്കുകയാണ് പെറിയുടെ ചിത്രവും മനുഷ്യരൂപത്തിൽ വിസ്മയപ്പെടുത്തുന്ന ആ ഗ്രാമവും.

MORE IN SPOTLIGHT
SHOW MORE