മാളവിക 'ദ സൂപ്പർ വുമൺ'; കടം കയറിയ കോഫി ഡേയെ കരകയറ്റി

malavika-hedge
SHARE

ഇന്ത്യൻ ജനതയുടെ മനം കവർന്ന കോഫി ശൃംഖലയായിരുന്നു കഫേ കോഫി ഡേ. കടംകയറി കമ്പനി പ്രതിസന്ധിയയിലായി. ഉടമ വിജി സിദ്ധാർഥ ആത്മഹത്യ ചെയ്തു. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ സ്ഥാപനത്തെ ഏറ്റെടുത്തത് മറ്റാരുമായിരുന്നില്ല. വിജി സിദ്ധാർഥയുടെ ഭാര്യ മാളവിക ഹെഗ്ഡെയായിരുന്നു. 

2019 മാർച്ച് 31ലെ കണക്കുപ്രകാരം കഫേ കോഫിഡേക്ക് 7200കോടിയുടെ കടമുണ്ടായിരുന്നു. 2019 ജൂലൈ 31ന് വിജി സിദ്ധാർഥ നേത്രാവതി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന് മാളവിക ഹെഗ്ഡെ കമ്പനിയുടെ സിഇഒ ആയി ചുമതലയേറ്റു. എന്നാൽ മാളവികയുടെ കയ്യിൽ കമ്പനി ഭദ്രമായിരുന്നു. കമ്പനി പിന്നീട് കണ്ടത് ചിലവു ചുരുക്കലിന്റെ പുതിയ പരിഷ്കാരമായിരുന്നു. 

സ്വന്തമായി കാപ്പി കൃഷി ചെയ്ത്, സ്വയം വികസിപ്പിച്ച മെഷീനിൽ കാപ്പിയുണ്ടാക്കി സ്വന്തമായി നിർമിച്ച ഫർണിച്ചറുകളിൽ ആളുകളെ സത്കരിച്ച പതിവായിരുന്നു കഫേ കോഫിഡേയ്ക്കുള്ളത്. 1996ൽ ബെംഗലൂരുവിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 2011ൽ രാജ്യമാകെ 1000ലേറെ ഔട്ട്‌ലെറ്റുകളുണ്ടായിരുന്നു. എന്നാൽ ബിസിനസിന്റെ ലോകത്ത് സിദ്ധാർഥയുടെ കണക്കുകൾ പിഴച്ചു. പ്രതീക്ഷയോടെ തുടങ്ങിയ ഔട്ട്ലറ്റുകൾ പൂട്ടിപ്പോയി. കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും മാളവിക ചിലവ് ചുരുക്കൽ പരിഷ്കാരങ്ങൾ ആരംഭിച്ചു. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. 

2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും മാളവിക വിജയിച്ചു. ഇന്ന് രാജ്യമാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്. പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇന്ന് കഫേ കോഫി ഡേ യുടെ സൂപ്പർ വുമനായി മാറിയിരിക്കുകയാണ് മാളവിക ഹെഗ്ഡെ.

MORE IN SPOTLIGHT
SHOW MORE