പതിവായി വളർത്തുനായയെ കാണാനെത്തി; തെരുവുനായയെ അടിച്ചുകൊന്ന് വീട്ടുടമ; ക്രൂരം

dog-death
SHARE

വീടിന്റെ പരിസരത്ത് പതിവായിയെത്തുന്നു എന്ന കാരണത്താൽ തെരുവുനായയെ ക്രൂരമായി അടിച്ചുകൊന്ന് വീട്ടുടമസ്ഥൻ. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. ഓടി രക്ഷപ്പെടാൻ നോക്കിയ നായയെ ദയയില്ലാതെ മർദ്ദിച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവം കണ്ടുകൊണ്ടുനിന്നവരാരും ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുമില്ല. 

വീട്ടുടമ വളർത്തുന്ന പെൺനായയ്ക്കരികിൽ ദിവസവും തെരുവുനായ എത്തിയിരുന്നു. ഇതിൽ കലിപൂണ്ടാണ് തെരുവുനായയെ ആക്രമിച്ചു കൊന്നത്. ഓടി പോകാൻ തെരുവുനായ ശ്രമിക്കുന്നതു കണ്ട് ആദ്യം അതിനെ അടിച്ചുവീഴ്ത്തി. ഇതോടെ നിലത്തുവീണ നായയുടെ ശരീരത്തിൽ നീളമുള്ള വടി ഉപയോഗിച്ച് പലതവണ  ആഞ്ഞടിക്കുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. സമീപത്തുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ ട്വിറ്ററിലൂടെ പുറത്തുവന്നിരിക്കുന്നത്.

പലതവണ അടികൊണ്ടതോടെ മരണം ഏതാണ്ട് ഉറപ്പിച്ച് അനങ്ങാനാവാതെ കിടന്നിട്ടും ഇയാൾ നായയ്ക്കു നേരെയുള്ള ഉപദ്രവം അവസാനിപ്പിക്കാൻ തയാറായില്ല. ഒടുവിൽ സമീപത്തു കിടന്ന ഭാരമേറിയ കല്ലെടുത്ത് നായയുടെ തലയിലേക്കെറിയുകയും ചെയ്യുന്നുണ്ട്. ഈ സമയം മറ്റു ചില തെരുവുനായകളും അടിയേറ്റ നായയുടെ അരികിലേക്ക് ഓടിയെത്തിയെങ്കിലും അവയെയും ഇയാൾ വടി കൊണ്ട് ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. അവയ്ക്ക് പിന്നാലെ വടിയുമായി ഇയാൾ നടന്നു നീങ്ങുന്നതായും വിഡിയോയിൽ കാണാം.സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശത്തെ മൃഗസ്നേഹികൾ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ ബന്ദി ബൈസ് എന്ന വ്യക്തിയാണ് ക്രൂരകൃത്യം ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ കേസും റജിസ്റ്റർ ചെയ്തു. 

MORE IN SPOTLIGHT
SHOW MORE