ജയിൽ മതിലുകളിൽ വിദ്യാർഥികളുടെ നിറക്കൂട്ടുകൾ; വാൾ ആർട്ടിന് വിട്ടുകൊടുത്തത് പരസ്യ കമ്പനി ഉടമ

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതിലുകള്‍ നിറപകിട്ടുള്ളതാക്കി വിദ്യാര്‍ഥികളുടെ ചിത്രരചന. പരസ്യം പതിക്കാന്‍ ഏറ്റെടുത്ത മതിലുകള്‍ വാള്‍ ആര്‍ട്ടിനു വേണ്ടി വിട്ടുകൊടുത്തത് അക്വാസ്റ്റാര്‍ ഉടമയാണ്. 

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതിലുകള്‍ ഏറെ മനോഹരമുള്ളതാക്കി മാറ്റിയത് എക്്്ലെറ്റിക ട്രെയിറ്റ്സ് എന്ന കൂട്ടായ്മയാണ്. എന്‍ജിനീയറിങ് കോളജിലേയും ഫൈന്‍ ആര്‍ട്സ് കോളജിലേയും വിദ്യാര്‍ഥികളാണ് ഭൂരിഭാഗവും ഈ കൂട്ടായ്മയില്‍. ചിത്രകലയെ സ്നേഹിക്കുന്ന ഒട്ടേറെ പേര്‍ ചിത്രം വരയ്ക്കാനെത്തി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ക്കെട്ട് സ്വകാര്യ കമ്പനികള്‍ക്ക് പരസ്യം പതിക്കാന്‍ നല്‍കിയിരുന്നു. ഓരോ വര്‍ഷവും നിശ്ചിത തുക നല്‍കി കമ്പനികള്‍ ഈ മതിലില്‍ പരസ്യം പ്രസിദ്ധീകരിക്കും. ഇങ്ങനെ, പണം കൊടുത്തു വാങ്ങിയ മതിലാണ് അക്വാ സ്റ്റാര്‍ കമ്പനി ചിത്രകലയ്്ക്കു വേണ്ടി വിട്ടുകൊടുത്തത്. 

വിദ്യാര്‍ഥികള്‍ വരച്ച ചിത്രരചന ആസ്വദിക്കാന്‍ മുഖ്യാതിഥിയായി എത്തിയത് തൃശൂര്‍ എ.സി.പി: വി.കെ.രാജുവാണ്. വഴിയോരം എന്ന പേരില്‍ നേരത്തെ വാള്‍ ആര്‍ട് പ്രോല്‍സാഹിപ്പിക്കാന്‍ ചിത്രരചന ഒരുക്കിയിരുന്നു. അന്ന്, തൃശൂരില്‍ നിന്ന് ലഭിച്ച പിന്തുണയാണ് വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത്. രണ്ടു ദിവസമെടുത്തു ചിത്രരചന പൂര്‍ത്തിയാക്കാന്‍. കടുത്ത വെയിലത്തും ചിത്രരചന നടത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത് ചിത്രകലയോടുള്ള സ്നേഹമായിരുന്നു.