പണമില്ലാത്തതിനാൽ ദലിത് വിദ്യാർഥിനിക്ക് സീറ്റ് നിഷേധിച്ചു; ഫീസടച്ച് ജഡ്ജ്

പണമില്ലാത്തതിനാൽ നിശ്ചിത സമയത്തിനുള്ളിൽ ഫീസടക്കാൻ കഴിയാത്തതിനാൽ ഐഐടി വാരണാസിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥിനിക്ക് തുണയായി അലഹാബാദ് ഹൈക്കോടതിയും ജഡ്ജിയും.  വിദ്യാർഥിനിക്ക്പ്രവേശനം നൽകാൻ വിധിച്ചതിനൊപ്പം അടക്കേണ്ട തുകയായ 15,000 രൂപ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് ദിനേശ് കുമാർ സിങ് നൽകാമെന്നും അറിയിച്ചു. 

പഠനത്തിൽ സമർഥയായ വിദ്യാര്‍ഥിനിക്ക് ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 92.77 ശതമാനം മാർക്കാണ്് നേടിയത്. എസ്.സി വിഭാഗത്തിൽ 2062–ാം റാങ്കും ഉണ്ടായിരുന്നു. ജെ.ഇ.ഇ അഡ്വാൻസ്ഡിൽ എസ്.സി വിഭാഗത്തിൽ 1469–ാം റാങ്കും ഉണ്ടായിരുന്നു. 

പിന്നീട് ഐഐടി (ബി.എച്ച്.യു) വാരണസിയിൽ മാത്തമാറ്റിക്‌സ് ആൻഡ് കമ്പ്യൂട്ടിങിന് [ബാച്ചിലർ ആൻഡ് മാസ്റ്റർ ഓഫ് ടെക്‌നോളജി (ഡ്യൂയൽ ഡിഗ്രി)] വിദ്യാർഥിനിക്ക് സീറ്റ് ലഭിച്ചു  പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിദ്യാർഥിനിക്ക് അവസാന തീയതിക്ക് മുമ്പ് പ്രവേശനഫീസായ 15,000 രൂപ അടക്കാൻ സാധിച്ചില്ല. ഇതിനെ തുടർന്ന് ഐഐടി അഡ്മിഷൻ നിഷേധിക്കുകയായിരുന്നു. 

തന്റെ അച്ഛൻ വൃക്കരോഗിയാണ്. ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസിന് വിധേയമാകണം. അദ്ദേഹം ജോലിക്ക് പോകുന്നില്ല. കോവിഡ് പ്രതിസന്ധി കൂടെയായപ്പോൾ പറഞ്ഞ സമയത്തിനുള്ളിൽ ഫീസടക്കാൻ സാധിച്ചില്ല. താനും അച്ഛനും പലതവണ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിക്ക് സമയം നീട്ടി നൽകാൻ കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജിക്കാരിയായ ദലിത് വിദ്യാർഥിനി കോടതിക്ക് മുന്നിൽ വന്നത് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്.