പിന്നീട് ഞങ്ങളെ പിരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല’; മോഫിയയുടെ കുറിപ്പ്: കണ്ണീര്‍

mofiya-26
SHARE

സഹോദരനോടുള്ള സ്നേഹം തുറന്ന് പറഞ്ഞു കൊണ്ട് മോഫിയ പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പൃഥ്വിരാജ് ചിത്രമായ ‘ബ്രദേഴ്സ് ഡേ’യുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു ഇത്. സഹോദരനുമൊത്തുള്ള മറക്കാത്ത അനുഭവം പങ്കുവച്ച മോഫിയ കുടുംബസമേതമായിരുന്നു ഈ പരിപാടിയിൽ പങ്കെടുത്തത്. സഹോദര ബന്ധത്തിന്റെ ഓർമകൾക്ക് ഒരിക്കലും മരണമില്ലെന്ന് പറഞ്ഞുള്ള മോഫിയയുടെ കുറിപ്പ് ഇങ്ങനെ: ‘ഒരു സഹോദരിയും സഹോദരനും തമ്മിലുള്ള ക്രേസി നിമിഷങ്ങളെക്കുറിച്ച് എഴുതുന്നതിൽ വളരെ സന്തോഷമുണ്ട്. ഞാൻ ആലുവ സ്വദേശിനി മോഫിയ പർവീൺ. എനിക്ക് ഒരു സഹോദരനുണ്ട്, അവൻ എന്നേക്കാൾ മൂന്ന് വയസ്സിന് ഇളയതാണ്. പക്ഷേ ഞങ്ങൾ രണ്ടുപേരും സമപ്രായക്കാരെപ്പോലെയാണ് പെരുമാറുന്നത്. സഹോദരീസഹോദരന്മാർ ആണെങ്കിലും ഞങ്ങളുടെ സ്വഭാവം വിരുദ്ധ ധ്രുവങ്ങളിലാണ്. പക്ഷേ ഞങ്ങൾക്ക് പൊതുവായുള്ള കാര്യം ഞങ്ങൾ അന്യോന്യം ‘വെറുക്കുന്നു’ എന്നുള്ളതാണ് (എനിക്ക് ഒരവസരം ലഭിച്ചാൽ ഞാൻ അവനെയും അതുപോലെ അവൻ എന്നെയും കൊല്ലുമായിരുന്നു).

രണ്ട് വർഷം മുൻപ് എന്റെ ഡ്രൈവിങ്ങിലെ അശ്രദ്ധമൂലം ഞങ്ങൾക്ക് ഒരു അപകടം സംഭവിച്ചതോടെയാണ് എല്ലാം മാറി മറിഞ്ഞത്. സാരമായി പരുക്കേറ്റ അവൻ എഴുന്നേൽക്കാൻ പോലുമാവാതെ സ്കൂട്ടിക്ക് അടിയിൽ ചതഞ്ഞരഞ്ഞു കിടന്നു. രാത്രി ഏകദേശം 8 മണിയായിട്ടുണ്ടാകും, ചുറ്റും കട്ടപിടിച്ച ഇരുട്ട്. സഹായത്തിനായി ഓടുന്നതിനിടയിൽ എനിക്ക് ശ്വാസംമുട്ടി. നിർത്താതെ കരഞ്ഞുകൊണ്ടിരുന്നതുകാരണം എനിക്ക് വയറു വേദനിക്കുന്നുണ്ടായിരുന്നു. എന്റെ കരച്ചിൽ കണ്ട് സ്കൂട്ടറിൽ വന്നൊരാൾ എന്റെയടുത്ത് വണ്ടി നിർത്തിയിട്ട് എന്തുപറ്റി എന്ന് ചോദിച്ചു. അദ്ദേഹം ഒരു ഓട്ടോ വിളിക്കാൻ എന്നെ സഹായിച്ചു. ഞങ്ങൾ രണ്ടും ചേർന്ന് അനിയനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവന്റെ കാലിന്റെ എല്ല് ഒടിഞ്ഞുവെന്നും വളരെ ആഴത്തിലുള്ള മുറിവുണ്ടെന്നും എത്രയും പെട്ടെന്ന് ഓപറേഷൻ നടത്തി സ്റ്റീൽ കമ്പി ഇടണമെന്നും ഡോക്ടർ പറഞ്ഞു. അതുകേട്ട ഞാൻ അവന്റെ ഓപറേഷൻ കഴിയുന്നതുവരെ മണിക്കൂറുകളോളം കരഞ്ഞുകൊണ്ടിരുന്നു. അവന് ബോധം വന്നപ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു, അവനെ വേദനിപ്പിക്കാൻ ഇനിയൊരിക്കലും ഞാൻ ആരെയും അനുവദിക്കില്ലെന്ന് വാക്ക് കൊടുത്തു, ഒരുപാട് വേദനകൾക്കിടയിലും അവൻ അതുകേട്ട് പുഞ്ചിരിച്ചു. അന്നുമുതൽ ഇന്നോളം ഞങ്ങളെ പിരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല, അത്രമേൽ കരുതലും പിന്തുണയുമാണ് ഞങ്ങളിപ്പോൾ പങ്കിടുന്നത്.

ഇപ്പോൾ ഞങ്ങൾക്കു വയസ്സ് 20-ഉം 17-ഉം എത്തിനിൽക്കുന്നു. എന്റെ ഉള്ളുലച്ച ആ സംഭവത്തിനു ശേഷം അവനോടുള്ള എന്റെ മനോഭാവം പൂർണമായും മാറി. ഞങ്ങളുടെ ബന്ധം ഇത്രയും ദൃഢമായതിൽ എനിക്കിപ്പോൾ സന്തോഷമുണ്ട്... സഹോദരീ-സഹോദര ബന്ധത്തിന്റെ ഓർമകൾക്ക് ഒരിക്കലും മരണമില്ല'.

MORE IN SPOTLIGHT
SHOW MORE