ഒരേസമയം കൈ,കാല്‍ വിരലുകള്‍ കൊണ്ട് യദുവിന്റെ ചിത്രരചന

കാല്‍ വിരലുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്ന വിദ്യാര്‍ഥിയുണ്ട് തൃശൂരില്‍. ഒരേസമയം കൈ,കാല്‍ വിരലുകള്‍ ഉപയോഗിച്ചാണ് പതിനേഴുകാരന്റെ ചിത്രരചന. തൃശൂര്‍ രണ്ടാംകല്ല് മുപ്ലിമൂട് സ്വദേശി കെ.യദുകൃഷ്ണയ്ക്കു ചിത്രംവരയ്ക്കാന്‍ കൈവിരലുകള്‍ നിര്‍ബന്ധമില്ല. കാല്‍വിരലുകള്‍ മതി. ഭിത്തിയില്‍ ഒട്ടിച്ച കടലാസില്‍ കാല്‍വിരലുകള്‍ ഉപയോഗിച്ച് ചിത്രംവരയ്ക്കും. കാല്‍വിരലുകളില്‍ പേനയൊട്ടിച്ചാണ് ചിത്രംവര. ഇതേസമയം തന്നെ കൈവിരലുകള്‍ കൊണ്ടും ചിത്രവരയ്ക്കാന്‍ യദുകൃഷ്ണ പരിശീലിച്ചു. പെയിന്റ് പണിക്കാരനായ അച്ഛനായിരുന്നു യദുകൃഷ്ണയെ ചിത്രരചനയിലേക്ക് പ്രോല്‍സാഹനം നല്‍കിയത്. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ട് ചിത്രം വരച്ചു തുടങ്ങി. ചില സുഹൃത്തുക്കളാണ് കാല്‍ വിരലുകള്‍ കൊണ്ട് ചിത്രംവരച്ച് വീഡിയോ ഇന്‍സ്റ്റാംഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ പ്രചോദനം നല്‍കിയത്. ഇതിനായി, പരിശീലനം തുടങ്ങി. മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി ഇങ്ങനെ ചിത്രം വരച്ച് പരിശീലനം തേടി. വേറെ ആരും പരിശീലിപ്പിക്കാന്‍ ഉണ്ടായിരുന്നില്ല. നവമാധ്യമങ്ങളുടെ കൂട്ടുപിടിച്ചായിരുന്നു പരിശീലനം. ദീര്‍ഘകാല നീണ്ട പരിശീലനത്തിനൊടുവില്‍ കാല്‍ വിരലുകള്‍ കൊണ്ടുള്ള ചിത്രരചന വിജയത്തില്‍ എത്തി. വീഡിയോ ഇന്‍സ്റ്റാംഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ കയ്യടി.

തൃശൂര്‍ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് യദുകൃഷ്ണ. നവമാധ്യമങ്ങളില്‍ ലഭിച്ച കയ്യടി കണ്ടതോടെ സ്കൂള്‍ ഭിത്തിയിലും യദുകൃഷ്ണയുടെ വക വേറിട്ട ചിത്രരചന നടത്താന്‍ അധ്യാപകര്‍ അവസരമൊരുക്കി. അധ്യാപക അവാര്‍ഡു ജേതാവും പ്രധാനധ്യാപകനായ കെ.എ.റോയിയുടെ ചിത്രം വരച്ച് കയ്യോടെ സമ്മാനിച്ചായിരുന്നു ആദരം പ്രകടിപ്പിച്ചത്. ഇനിയും വേറിട്ട ചിത്രരചന പരിശിലീക്കണമെന്ന ആഗ്രഹമുണ്ട് ഈ യുവചിത്രകാരന്.