‘മിനിസ്റ്ററേ മൂർഖൻ കാണും’; ഗോഡൗണിൽ നിന്ന് അതിവേഗം തിരിച്ചിറങ്ങി മന്ത്രി

gr-anil-godown
SHARE

ആലപ്പുഴ: മിനിസ്റ്ററേ അവിടെ മൂർഖൻ കാണുമെന്ന് ആരോ പറഞ്ഞതും മന്ത്രി ജി.ആർ.അനിൽ സപ്ലൈകോ ഗോഡൗണിന്റെ ഇരുട്ടുമൂലയിൽ നിന്ന് അതിവേഗം തിരിച്ചിറങ്ങി. ആലപ്പുഴ ബീച്ചിലെ സപ്ലൈകോ ഗോഡൗണിൽ (എൻഎഫ്എസ്ഐ ഗോഡൗൺ) ഇന്നലെ വൈകിട്ട് അഞ്ചിനുള്ള നേർക്കാഴ്ചയാണ് ഇത്. ഇരുട്ടുനിറഞ്ഞ ഗോഡൗണിന്റെ നിലത്താകെ അരിയുൾപ്പെടെ ഭക്ഷ്യധാന്യങ്ങൾ നിറഞ്ഞു കിടക്കുന്നു. പാമ്പുകൾ സ്ഥിരം കാഴ്ചയാണെന്നു തൊഴിലാളികൾ.

‘ഇതു മനുഷ്യർ ഭക്ഷിക്കേണ്ട സാധനം തന്നെയല്ലേ. ഇതു കണ്ടാൽ ആരെങ്കിലും ആഹാരം കഴിക്കുമോ’’– മന്ത്രിയുടെ ചോദ്യം കേട്ട് ജീവനക്കാർക്ക് ഉത്തരംമുട്ടി. പല ചാക്കുകളിൽ നിന്നും അരി താഴെ വീണു കിടക്കുന്നു. അതിനു മുകളിലൂടെ വേണം നടന്നു കയറാൻ. അതിനാൽ രണ്ടാമത്തെ ഗോഡൗണിൽ മന്ത്രി കൂടുതൽ ഉൾഭാഗത്തേക്ക് പ്രവേശിച്ചില്ല. എച്ച്.സലാം എംഎൽഎക്കും സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ ഡോ. സജിത്ത് ബാബുവിനും ഒപ്പമാണ് മന്ത്രി സപ്ലൈകോ ഗോഡൗണിൽ സന്ദർശനം നടത്തിയത്.

ഇതൊക്കെ ഇങ്ങനെയാണോ സൂക്ഷിക്കേണ്ടത്. ഈർപ്പം അടിച്ചാൽ അട്ടിയുടെ അടിയിലുള്ള ഒരു നിര ഉപയോഗ ശൂന്യമാകില്ലേ. എത്രയാണ് ഭക്ഷ്യധാന്യം ഇങ്ങനെ ഉപയോഗശൂന്യമാകുന്നതെന്നും ചോദിച്ച മന്ത്രി തന്റെ അതൃപ്തി തുറന്നുപറഞ്ഞു. തൊട്ടടുത്തുള്ള എഫ്സിഐ ഗോഡൗണിൽ ഭക്ഷ്യധാന്യ ചാക്കുകൾ അട്ടിയിട്ടുവച്ചിരിക്കുന്നത് എങ്ങനെയാണെന്ന് പോയി മനസ്സിലാക്കണമെന്ന ഉപദേശവും മന്ത്രി നൽകി.

250 ലോഡ് ശേഷിയുള്ള ഗോഡൗണിൽ 300 ലോഡ് വരെ കയറ്റേണ്ടി വരുന്നെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ആദ്യം എഫ്സിഐ ഗോഡൗണിലെത്തിയ മന്ത്രി അവിടമാകെ സന്ദർശിച്ചു. വായു കയറിയിറങ്ങുന്ന രീതിയിൽ നേരെയും വിലങ്ങനെയും അട്ടിയിട്ടിരിക്കുന്നതു കണ്ട മന്ത്രി ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും അഭിനന്ദിച്ചു. ജില്ലാ സപ്ലൈ ഓഫിസർ എം.എസ്. ബീനയും ഒപ്പമുണ്ടായിരുന്നു.

MORE IN SPOTLIGHT
SHOW MORE