തോട് പൊളിച്ചപ്പോൾ പിങ്ക് നിറം; വിദ്യാർഥികൾക്കുള്ള മുട്ടകളിൽ ‘സ്യൂഡോമോണസ്’

കോഴിക്കോട്: സ്കൂളിൽ വിദ്യാർഥികൾക്ക് നൽകാനെത്തിച്ച മുട്ടകളിൽ സ്യൂഡോമോണസ് സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തി. മനുഷ്യരിൽ രോഗകാരണമാകുന്ന സൂക്ഷ്മാണുവാണിത്. അധ്യാപകരുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ഇടപെടലിൽ ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ സാധിച്ചു. പന്തീരാങ്കാവ് പയ്യടിമീത്തൽ ഗവ. എൽപി സ്കൂളിലാണ് കഴിഞ്ഞദിവസം കുട്ടികൾക്കു നൽകാനായി പുഴുങ്ങിയ മുട്ടകളിൽ പിങ്ക് നിറം കണ്ടത്. മുട്ടയുടെ തോട് പൊളിച്ചപ്പോഴാണ് പിങ്ക് നിറം കണ്ടത്. മുട്ടയുടെ വെള്ള അൽപം കലങ്ങിയതായും കാണപ്പെട്ടു. ആശങ്ക തോന്നിയതിനാൽ അധ്യാപകർ നൂൺമീൽ ഓഫിസറെയും ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറെയും വിവരമറിയിച്ചു.

പിങ്ക് നിറത്തിലുള്ള മുട്ടകൾ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകൾ വിദ്യാർഥികൾക്കു നൽകാനാണ് പ്രാഥമികമായി ലഭിച്ച നിർദേശം. എന്നാൽ, പെട്ടെന്നു തന്നെ സ്ഥലത്തെത്തിയ കുന്നമംഗലം ഭക്ഷ്യസുരക്ഷാ ഓഫിസർ ഡോ. രഞ്ജിത് പി.ഗോപി മുട്ടകളിൽ സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. ഇത്തരം മുട്ടകൾ ഒരുമിച്ച് വേവിക്കുമ്പോൾ മുട്ടയുടെ വിണ്ടുകീറിയ തോട് വഴി മറ്റു മുട്ടകളിലേക്കും സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാൻ സാധ്യതയുണ്ട്. ഇവയുടെ സാംപിളുകൾ ലാബിൽ പരിശോധനയ്ക്ക് അയച്ചു. മറ്റു മുട്ടകൾ നശിപ്പിച്ചുകളയുകയും ചെയ്തു.