'ആഡംബരം'; 2,700 വർഷം പഴക്കമുള്ള ശൗചാലയം; കണ്ടെത്തിയത് ജറുസലേമിൽ

പുരാവസ്തുക്കൾക്കൊക്കെ വലിയ തരത്തിലുള്ള വിലമതിപ്പുള്ള കാലമാണിത്. പുരാവസ്തുക്കൾ കാണാനുള്ള കൗതുകവും ചെറുതല്ല. ഇപ്പോഴിതാ 2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തിയിരിക്കുകയാണ്. പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലായി സ്ഥാപിച്ച രീതിയിലാണ് ശൗചാലയം. അന്നത്തെ കാലത്ത് സ്വകാര്യ ശൗചാലയം എന്നത് അപൂർവവും ആഡംബരത്തിന്റെ ഭാഗവുമായിരുന്നുവത്രേ. അത്തരത്തിൽ വളരെ കുറച്ച് ശൗചാലയങ്ങള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളുവെന്നാണ് പുരാവസ്തു ഗവേഷകൻ യാകോവ് ബില്ലിഗ് പറയുന്നത്. 

സെപ്റ്റിക് ടാങ്കിൽ നിന്ന് മൃഗങ്ങളുടെ അവശിഷ്ടങ്ങളും മൺപാത്രങ്ങളുടെ ശേഷിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇത് അക്കാലത്തെ മനുഷ്യരുടെ ജീവിതരീതിയെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും അറിയാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.