വായിച്ചതിനപ്പുറമുള്ള ബൈബിളിനെ അറിയാൻ സിസ്റ്റർ ദയ; പകർത്തിയെഴുത്ത് പുതിയ ദൗത്യം

വായിച്ചതിനപ്പുറമുള്ള ബൈബിളിനെ അറിയാൻ സിസ്റ്റർ ദയ തിരഞ്ഞെടുത്തത് പകർത്തിയെഴുത്താണ്. തിരുവല്ലം ഹോളിഫാമിലി കോൺവെന്റിലെ സൂപ്പീരിയറായ സിസ്റ്റർ ദയ പത്തുമാസം കൊണ്ടാണ് ബൈബിളിന്റെ ഇംഗ്ളീഷും മലയാളവും പകർത്തിയെഴുതി ശ്രദ്ധനേടിയത്.   

ശിരോവസ്ത്രം ധരിച്ചതിന്റെ 25 വർഷത്തിലേക്ക് കടക്കുമ്പോഴാണ് സിസ്റ്റർ ദയ വേറിട്ടൊരു ദൌത്യം പൂർത്തിയാക്കിയിരിക്കുന്നത്. സ്വന്തം കൈപ്പടയിൽ ഒരുവർഷം കൊണ്ട് പകർത്തിയെഴുതിയ ബൈബിൾ ഇനി സിസ്്റ്റർ ദയയ്ക്ക് വായിക്കാം. കഴിഞ്ഞവർഷം ലോക്ഡൌൺ കാലത്ത് കോവളം മുട്ടയ്ക്കാട് കൃപാതീരം വയോജന സംരക്ഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് സുപ്പീരിയാറായിരിക്കെ അമ്മമാരെ പരിചരിക്കുന്നതിനിടെയാണ് വേറിട്ട ഈ അഭിലാഷം ഉദിച്ചത്. പിന്നെ മടിച്ചില്ല. പേനയും പേപ്പറുമെടുത്ത് രാത്രി പകലമെന്നില്ലാതെ പകർത്തിയെഴുതി. 

 മലയാളത്തിലെ പഴയ നിയമം രണ്ടു പുസ്തകമായും പുതിയ നിയമം ഒരു പുസ്തകമായും പൂർത്തിയാക്കി. ഇംഗ്ളീഷിലെ പഴയ നിയമവും പുതിയ നിയമവും ഓരോന്ന് വീതവും. മലയാളത്തിലുള്ളതിന് 3765 പേജും ഇംഗ്ളീഷിൽ 2500 പേജും വേണ്ടി വന്നു. പകർത്തിയെഴുത്തിന് വേണ്ടിവന്നത് 250ലേറെ പേനകൾ. പകർത്തിയെഴുതി കഴിയുമ്പോൾ വായിച്ചതിനപ്പുറമുള്ള ബൈബിളാണ് സിസ്റ്റർ ദയയ്ക്ക് മുൻപിൽ തെളിഞ്ഞുവന്നത്.