മൂളിപ്പറന്നെത്തും, പെട്രോൾ ഊറ്റാൻ; പെട്രോൾ ചോർച്ചയ്ക്കു പിന്നിൽ ചെറുവണ്ടുകളോ?

petrol-leak
SHARE

കോട്ടയം: പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളിലെ പെട്രോൾ ചോർച്ചയ്ക്കു കാരണം ചെറുവണ്ടുകളോ ? കോട്ടയം സ്വദേശിയായ അർബൻ എന്റമോളജിസ്റ്റും പെസ്റ്റ് മാനേജ്മെന്റ് കൺസൽറ്റന്റുമായ അശോക് ബാബു നടത്തിയ പഠനങ്ങളിലാണ് ഇതു സംബന്ധിച്ചു പ്രാഥമിക വിവരങ്ങൾ ലഭിച്ചത്. പത്തനംതിട്ട ജില്ലയിലെ വാഹനങ്ങളിൽ പെട്രോൾ ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തുന്ന റബർ പൈപ്പുകളിലാണു സുഷിരങ്ങൾ കണ്ടെത്തിയത്. ഇതു വഴി പെട്രോൾ നഷ്ടപ്പെട്ട് ടാങ്ക് കാലിയാകുന്നതു വാർത്തയായതോടെയാണ് അശോക് ബാബു അന്വേഷണം നടത്തിയത്. 

അംബ്രോസിയ ബീറ്റിൽ ഗ്രൂപ്പിൽപെട്ട കാംഫർഷോട്ട് ബീറ്റിൽ ഇനമാണു പൈപ്പുകൾ തുളയ്ക്കുന്നതിനു പിന്നിലെന്നാണ് അശോകിന്റെ കണ്ടെത്തൽ. പെട്രോളിൽ അടങ്ങിയ എഥനോളിന്റെ സാന്നിധ്യമാണ് ഇവയെ ആകർഷിക്കാൻ കാരണമെന്നാണു കരുതുന്നത്. അഴുകുന്ന തടികളിൽ കടന്നുകയറി ദ്വാരങ്ങളുണ്ടാക്കുന്ന അതേ തരത്തിലാണു റബർ പൈപ്പുകളും ഇതു തുരക്കുന്നത്. എഥനോളിന്റെ സാന്നിധ്യം മൂലം, തടിയാണെന്നു തെറ്റിദ്ധരിച്ചാണു കാംഫർഷോട്ട് ബീറ്റിൽ ഇനങ്ങൾ പൈപ്പ് തുരക്കുന്നത്. പെട്രോളുമായി ബന്ധത്തിൽ എത്തുമ്പോൾ ഒന്നുകിൽ ഇവ സ്ഥലംവിടുകയോ അല്ലെങ്കിൽ ചത്തുപോകുകയോ ചെയ്യുമെന്നും അശോക് ബാബു പറഞ്ഞു. 

ഈ കണ്ടെത്തൽ ശാസ്ത്രീയമായ തെളിയിക്കണമെങ്കിൽ വലിയ തോതിലുള്ള പഠനങ്ങൾ ആവശ്യമാണ്.  കാംഫർഷോട്ട് ബീറ്റിലുകളുടെ ആക്രമണം വഴി യുഎസിൽ കപ്പലുകൾക്കു കേടുപാടുകൾ വന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതു പത്തനംതിട്ടയിൽ മാത്രമാണോ എന്നും ഉറപ്പില്ലെന്നും മറ്റു സ്ഥലങ്ങളിൽ ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടോ എന്നു കൂടുതൽ പഠനങ്ങൾ നടത്തിയാൽ മാത്രമേ ഉറപ്പിക്കാനാകൂ എന്നും അശോക് ബാബു പറഞ്ഞു. വിദേശങ്ങളിൽ അടക്കം പ്രമുഖ സ്ഥാപനങ്ങളുടെ കൺസൽറ്റന്റാണ് അശോക് ബാബു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...