‘ഇതിനു മാത്രം എന്തു ദുഃഖമായിരുന്നു ചേട്ടാ; എന്തിന് ഈ കടുംകൈ?’: ഞെട്ടലോടെ താരങ്ങൾ

20 വർഷത്തോളം സീരീയൽ രംഗത്ത് സുപരിചിതനായ നടൻ വലിയശാല രമേശിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ.  നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ്  മലയാള സീരിയൽ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

രമേശിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്നു നടൻ ബാലാജി ശർമ പറഞ്ഞു. രണ്ട് ദിവസം മുമ്പ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷവാനായിരുന്നുവെന്നും പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ലെന്നും ബാലാജി പറയുന്നു.

‘രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ....?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ....,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം .... നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് …. ആദരാഞ്ജലികൾ.’–ബാലാജി ശർമ പറഞ്ഞു.

‘പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷേ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേശിന് ആദരാഞ്ജലികൾ ..." പ്രൊഡക്‌ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ കുറിച്ചു.