ലൈറ്റ് ഇടും, വാതിൽ അടയ്ക്കും, തേങ്ങ കൊണ്ടു വരും; എന്തിനും ഈ ചോട്ടു വേണം

dog-chottu
SHARE

ഓയൂർ: രാവിലെ കൃത്യം ആറിന് എം.എസ്.ദിലീപ് കുമാറിന്റെ വീട്ടിലെ കോളിങ് ബെൽ മുഴങ്ങും. ആറുമണി കഴിഞ്ഞാൽ പിന്നെ ഉറങ്ങരുത് എന്നാണ് ചോട്ടുവിന്റെ നിയമം. വാതിൽ തുറന്നാൽ ദിലീപ് കുമാറിനു വായിക്കാനായി പത്രവും കണ്ണടയും മേശപ്പുറത്തുണ്ടാകും. കരിങ്ങന്നൂർ ആറ്റൂർകോണം മുളക് വീട്ടിലെ ദിനചര്യകൾ നിശ്ചയിക്കുന്നത്  മൂന്നു വർഷമായി ചോട്ടുവാണ്. ജർമൻ ഷെപ്പേർഡ് – നാടൻ സങ്കരയിനത്തിൽപ്പെട്ട ചോട്ടുവിനെ വെറുമൊരു ‘നായ’യെന്നു വിളിക്കാൻ വീട്ടുകാർക്ക് ഇഷ്ടമല്ല, വീട്ടിലെ ഒരംഗമാണ് ചോട്ടു. 

കൃഷിയും കാലി വളർത്തലുമാണ് കുടുംബത്തിന്റെ വരുമാനമാർഗം. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതു പതിവായപ്പോൾ അവരെ ഒന്നു ‘വിരട്ടാൻ’ കൊണ്ടുവന്നതാണു ചോട്ടുവിനെ, മൂന്നു വർഷം മുൻപ്. അന്നു മൂന്നു മാസമാണു പ്രായം.  മുള്ളൻപന്നി, കുരങ്ങുകൾ, എലികൾ, പെരുച്ചാഴി തുടങ്ങിയ ജീവികളുടെ ശല്യത്തിൽ നിന്ന് കൃഷിയെ രക്ഷിക്കുകയാണ് ചോട്ടുവിന്റെ പ്രധാന ജോലി. ഒഴിവു സമയം ആനന്ദകരമാക്കാനാണ് അവൻ മറ്റു ജോലികൾ ചെയ്തു തുടങ്ങിയത്.

ഇപ്പോൾ രാത്രിയിൽ ലൈറ്റ് തെളിയിക്കാതെ ഇരുന്നാൽ ചോട്ടു വന്നു ലൈറ്റ് ഇടും. വാതിൽ അടച്ചില്ലെങ്കിൽ അടയ്ക്കും.  വാഹനത്തിന്റെ താക്കോൽ എടുത്തു കൊണ്ടു വരാൻ പറഞ്ഞാൽ ചാടി വാഹനത്തിൽ കയറി താക്കോൾ ഊരി എടുത്തു കൊണ്ടു വരും. പുരയിടത്തിൽ തേങ്ങ  വീണാൽ എടുത്തുകൊണ്ടു വരും...എന്നിങ്ങനെ  ഈ വീട്ടിലെ ചെറുതും വലുതുമായ എന്തിനും ചോട്ടു വേണം എന്നതാണ് അവസ്ഥ!

അക്കങ്ങൾ തിരിച്ചറിയാനുള്ള കഴിവാണ് ചോട്ടുവിന്റെ മറ്റൊരു സവിശേഷത. കൈവിരലിൽ 1 എന്ന് കാണിച്ചാൽ ഒന്നു കുരയ്ക്കും, 2 കാണിച്ചാൽ 2 പ്രാവശ്യം കുരയ്ക്കും. അങ്ങനെ വിരലുകളുടെ എണ്ണം അനുസരിച്ചു കുര നീളും. പ്രത്യേക പരിശീലനം ഒന്നും നൽകിയിട്ടില്ല ചോട്ടുവിന്. വീട്ടുകാരുടെ ഭാഷ മനസിലാക്കി പ്രവൃത്തിക്കാനുള്ള വിവേകമുണ്ട്. വീട്ടിൽ ആളില്ലാത്ത സമയത്ത് പുരയിടത്തിൽ ഒരാളെയും കയറാൻ അനുവദിക്കാറില്ല. വീട്ടിൽ ആളുകൾ എത്തിയാൽ ബഹളം വയ്ക്കാറില്ല.

ആളിന്റെ സാന്നിധ്യം കുരച്ച് അറിയിക്കുക മാത്രം ചെയ്യും. വിരുന്നുകാരെ അവൻ  ശല്യപ്പെടുത്താറില്ല. എന്നാൽ ചില കാര്യങ്ങളിൽ കണിശക്കാരനാണ്. ഒരു സാധനം എടുത്തു കൊണ്ടു വരാൻ പറഞ്ഞാൽ കൊണ്ടു വരും, എന്നാൽ അത് തിരിച്ചു വച്ചിട്ട് വീണ്ടും പറഞ്ഞാൽ അവൻ ചെയ്യില്ല. വെറുതെ ആളെ കളിയാക്കല്ലെ എന്ന മട്ടിൽ ഒന്നു നോക്കും. കുടുംബം കഴിക്കുന്ന ഏത് ആഹാരവും ചോട്ടുവിനും ഇഷ്ടമാണ്. എങ്കിലും ഓംലെറ്റിനോട് ഒരു ചെറിയ ഇഷ്ടക്കൂടുതലുണ്ടെന്ന് ദിലീപ് പറഞ്ഞപ്പോൾ ചോട്ടു നാണത്തോടെ ഒന്നു കുരച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...