കടലാസു കൊണ്ട് ഗണപതി വിഗ്രഹം; പരിസ്ഥിതി സൗഹൃദം

വിനായക ചതുര്‍ഥിയ്ക്കു നിമഞ്ജനം ചെയ്യാന്‍ കടലാസു കൊണ്ട് നിര്‍മിച്ച ഗണപതി വിഗ്രഹം. പാരിസ്ഥിതിക സൗഹൃദമായതിനാല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിന് ആവശ്യക്കാരുണ്ട്. തൃശൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ജി.ഹരീഷാണ് ഇതു നിര്‍മിക്കുന്നത്. 

വിനായക ചതുര്‍ഥിയുടെ പ്രധാന ചടങ്ങാണ് ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യല്‍. പ്ലാസ്റ്റര്‍ ഓഫ് പാരിസും മറ്റും ഉപയോഗിച്ചായിരുന്നു നേരത്തെ നിര്‍മാണം. ഇത് നിമഞ്ജനം ചെയ്യുമ്പോള്‍ വെള്ളം മലിനമാകുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് എങ്ങനെ പരിഹരിക്കാമെന്ന ചിന്തയാണ് തൃശൂര്‍ പൂങ്കുന്നം സ്വദേശി ജി.ഹരിഷീന്റെ മനസില്‍ ഇങ്ങനെയൊരു ആശയം വന്നത്. ഉപയോഗശൂന്യമായ കടസാലുകള്‍ കൊണ്ട് ഗണപതിയുടെ വിഗ്രഹം നിര്‍മിക്കുക. 

പരിസ്ഥിതിയ്ക്കു ദോഷം വരാത്ത രീതിയില്‍ ഇതു നിമഞ്ജനം ചെയ്യാം. ഇത്തരം കടലാസു വിഗ്രഹങ്ങള്‍ നിര്‍മിച്ച് ഇന്ത്യന്‍ ബുക് ഓഫ് റെക്കോര്‍‍ഡ്സിലും ഏഷ്യന്‍ ബുക് ഓഫ് റെക്കോര്‍ഡ്സിലും ഇടംനേടിയിരുന്നു. വിനായക ചതുര്‍ഥിയ്ക്കു മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ വിദ്യാര്‍ഥിയ്ക്കു ഓര്‍ഡറുകള്‍ കിട്ടി. 

കാര്‍ഡ് ബോര്‍ഡ് പെട്ടിയും പശയും കടലാസും ഉപയോഗിച്ചാണ് നിര്‍മാണം. തൃശൂര്‍ പൂങ്കുന്നത്തെ ഫ്ളാറ്റിലാണ് ഇതു നിര്‍മിച്ച് അയയ്ക്കുന്നത്. പഠനത്തോടൊപ്പം ചെറിയ വരുമാനവും ഇതിലൂടെ കിട്ടുന്നുണ്ട്.