അറപ്പ് തോന്നുന്നുവെന്ന് പറഞ്ഞവര്‍ക്ക് ബിസ്മിതയുടെ മറുപടി: വിഡിയോ

‘കൂട്ടിച്ചേര്‍ത്തത് അവളുടെ ആത്മവിശ്വാസത്തിന്റെ ചായം മാത്രമാണ്. നിറക്കൂട്ടുകള്‍ അവളിലെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുമ്പോള്‍ ചിറകുയര്‍ത്തി പറക്കുന്നത് അവളുടെ അഴകുള്ള സ്വപ്നങ്ങളാണ്. അതിനും ഒരുപാട് ഉയരത്തില്‍ പറക്കുന്ന ആത്മവിശ്വാസത്തിന്റെ തോളോട്ചേര്‍ന്ന് പറക്കാന്‍ കൊതിക്കുന്ന സ്വപ്നങ്ങള്‍..’ ഫോട്ടോഗ്രാഫര്‍ അമല്‍ഷാജി ഇത് മനോരമ ന്യൂസിനോട് പറഞ്ഞുനിര്‍ത്തുമ്പോള്‍ ചായം പൂശി ഒരുപടി കൂടി മിനുങ്ങിയ ബിസ്മിതയുടെ ആത്മവിശ്വാസം വൈറലായി പകര്‍ന്നത് അനേകം മനസുകളിലേക്കാണ്. 

ഒരു മെയ്ക്ക് ഒാവര്‍ ഫോട്ടോഷൂട്ട് എന്ന ആശയം ഇന്‍സ്റ്റഗ്രാമില്‍ അമല്‍ഷാജി മുന്നോട്ടുവയ്ക്കുമ്പോള്‍ ബിസ്മിത കൈകൊടുത്തു. തന്റെ മുഖം കണ്ട് അറപ്പും വെറുപ്പും തോന്നുന്നുവെന്ന് പറഞ്ഞവരുണ്ട്. വീട്ടിലിരുന്നാല്‍ പോരെ എന്ന് ചോദിച്ചവരുണ്ട്. മറ്റുള്ളവരെ വെറുപ്പിക്കാന്‍ വേണ്ടി എന്തിനാണ് ഇങ്ങനെ വിഡിയോ ചെയ്യുന്നതെന്ന് ഇന്‍സ്റ്റയില്‍ ചോദിച്ചവരുമുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ബിസ്മിതയുടെ ഈ മെയ്ക്ക്ഒാവര്‍. 

ബിസ്മിത സുന്ദരിയാണ്. തൊലിപ്പുറം കണ്ട് ആളുകളെ വിലയിരുത്തുന്ന യാഥാസ്ഥിതിക സമൂഹത്തിന് വില കല്‍പിക്കാത്ത വ്യക്തിത്വമുള്ളവള്‍. അതാണവളുടെ സൗന്ദര്യവും. ജന്മനായുണ്ടായ ത്വക് രോഗം പുള്ളിക്കുത്തിയ മുഖം ബിസ്മിതയെ പലരില്‍നിന്നും അകറ്റി. വസൂരിക്കല മായാത്ത മനസുള്ളവര്‍‌ക്കിടയില്‍ പക്ഷെ അവള്‍ വളര്‍‌ന്നു. ജീവിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശിയാണ് . ഭര്‍ത്താവ് സനു ഡ്രൈവറാണ്. രണ്ടര വയസുള്ള മകനുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ടിക് ടോക്കിലൂടെയും മറ്റും നിങ്ങള്‍ ബിസ്മിതയെ കണ്ടിട്ടുണ്ടാകാം. ടിക് ടോക്ക് നിലച്ചപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ സജീവമായി. പാട്ടും ചിരിയുമൊക്കെ നിറഞ്ഞ തന്റെ വിഡിയോകള്‍ക്കിടയില്‍ വര്‍ണവെറിയേക്കാള്‍ വലിയ വിഷം വാരിയെറിയുന്നവരെ കണ്ടിട്ടുണ്ട് ബിസ്മിത. തളര്‍ന്നില്ലെന്ന് മാത്രമല്ല തനിക്ക് സമാനമായ അവസ്ഥയുള്ളവരെയും ചേര്‍ത്തുനിര്‍ത്തി. അവര്‍ക്കാണ് ഈ വിഡിയോ ബിസ്മിത സമര്‍പിക്കുന്നതും. 

ഉമ്മച്ഛയിലൂടെയും ഉമ്മയിലൂടെയും വഴിപിന്നിട്ട് തന്നിലേക്കെത്തിയ രോഗം രണ്ടരവയസുള്ള മകനിലേക്കും പകര്‍ന്നപ്പോള്‍ ബിസ്മിതയോട് സഹതപിച്ചവരുണ്ട്. തിരിച്ചും സഹതാപമേയുള്ളു. അണിഞ്ഞൊരുങ്ങി മൊഞ്ചത്തിയായി ഇങ്ങനെ നില്‍ക്കുമ്പോള്‍ പക്ഷെ ആത്മവിശ്വാസമാണ്. സ്വയം കണ്ടെത്താന്‍ പലര്‍ക്കും കരുത്തുപകരുന്ന ആത്മവിശ്വാസം. വിഡിയോ കാണാം.