വിദ്യാർഥിനിയുടെ ഐഫോണിലെ നഗ്നദൃശ്യങ്ങൾ പുറത്ത്; കോടികൾ നഷ്ടപരിഹാരം നൽകി ആപ്പിൾ

സ്മാർട് ഫോൺ ഉപയോഗിക്കുന്നവരുടെ സ്വകാര്യ ഫോട്ടോകളും ദൃശ്യങ്ങളും പലപ്പോഴും ഓൺലൈനിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനെല്ലാ കാരണം ഫോൺ റിപ്പയറിങ്, അല്ലെങ്കിൽ പഴയ ഫോൺ മറ്റുള്ളവർക്ക് വില‍ക്കുന്നതുമാണ്. ഇത് തന്നെയാണ് കലിഫോർണിയയിലെ ഒരു വിദ്യാർഥിക്ക് നേരിടേണ്ടിവന്നതും. ഐഫോണിൽ സൂക്ഷിച്ചിരുന്ന സ്വന്തം നഗ്നദൃശ്യങ്ങൾ ഫെയ്സ്ബുക്കിലൂടെ ചോർന്നു. കാരണക്കാർ റിപ്പയറിങ് സെന്ററിലെ ജീവനക്കാരും. ഇതിന് നഷ്ടപരിഹാരായി ആപ്പിൾ വൻ തുക നൽകുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

റിപ്പയറിങ്ങിന് നൽകിയ ഐഫോണിൽ നിന്നാണ് നഗ്നദൃശ്യങ്ങൾ ചോർന്നത്. ആ ഫോണിൽ നിന്ന് വിദ്യാർഥിയുടെ  ഫെയ്സ്ബുക് പേജിൽ തന്നെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ റിപ്പയറിങ് സെന്ററിനെതിരെ വിദ്യാർഥിനി കേസ് കൊടുക്കുകയും നഷ്ടപരിഹാരമായി വലിയൊരു തുക ആപ്പിൾ നൽകുകയുമായിരുന്നു. കലിഫോർണിയയിൽ പെഗാട്രോണിന് കീഴിൽ പ്രവർത്തിക്കുന്ന സർവീസ് സെന്‍ററിലെ രണ്ട് ജോലിക്കാരാണ് റിപ്പയറിങ്ങിനിടെ നഗ്നദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

2016 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒറിഗോണിൽ നിന്നുള്ള വിദ്യാർഥിനി ഐഫോൺ റിപ്പയറിങ്ങിനായി ആപ്പിൾ സർവീസ് സെന്‍ററിൽ നൽകി. ഫോൺ ശരിയാക്കുന്നതിനിടെ മെമ്മറി സ്റ്റോറേജിൽ കണ്ട പത്തിലേറെ സ്വകാര്യ ദൃശ്യങ്ങൾ രണ്ടു ജീവനക്കാർ നേരത്തെ ലോഗിനായി കിടന്നിരുന്ന വിദ്യാർഥിനിയുടെ തന്നെ ഫെയ്സ്ബുക് പേജിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പെട്ടെന്ന് നീക്കം ചെയ്തെങ്കിലും ഫെയ്സ്ബുക് സുഹൃത്തുക്കളെല്ലാം ഈ പോസ്റ്റുകൾ കണ്ടിരുന്നു. ഇതോടെയാണ് വിദ്യാർഥിനി നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

എന്നാൽ, എത്ര രൂപയാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോടികളാണ് ആപ്പിൾ വിദ്യാർഥിനിക്ക് നൽകിയതെന്നാണ് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. വിദ്യാർഥിനിയുടെ അഭിഭാഷകൻ 50 ലക്ഷം ഡോളറായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കരുതെന്നും നഷ്ടപരിഹാര തുക വെളിപ്പെടുത്തരുതെന്നും വിദ്യാർഥിനിയും ആപ്പിളുമായുള്ള ഒത്തുതീർപ്പിൽ പറയുന്നുണ്ട്.