കുട്ടികൾക്കുള്ള കോവിഡ് വാക്സീൻ?; പരീക്ഷണങ്ങള്‍ എവിടം വരെ?

covid-vaccine
SHARE

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് നീതി ആയോഗ് ഡോ. വി.കെ.പോൾ പറഞ്ഞുകഴിഞ്ഞു. ഈ വാക്കുകൾ നമ്മുടെ മനസിൽ ഉയർത്തുന്നത് കുട്ടികൾക്കുള്ള വാക്‌സീൻ എന്നെത്തും എന്ന ചോദ്യമാണ്. നിലവിൽ ഫൈസർ മാത്രമാണ് കുട്ടികൾക്കുള്ള വാക്‌സീൻ വിതരണം ആരംഭിച്ചിരിക്കുന്നത്. അതും 12 വയസിനുമുകളിൽ ഉള്ളവരിൽ മാത്രം. നിലവിൽ കുട്ടികൾക്ക് കുത്തിവയ്പ് തുടങ്ങുകയോ തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്തത് 15ൽഅധികം രാജ്യങ്ങളാണ്. യുഎസ്, കാനഡ, ഇറ്റലി, ഹംഗറി, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളാണ് വിതരണത്തിന് അനുമതി നൽകിയത്. 

ഫൈസർ ആർക്കൊക്കെ?

12മുതൽ 15 വയസുവരെയുള്ള കുട്ടികളിൽ പരീക്ഷണം പൂർത്തിയാക്കി അനുമതി നേടിയത് ഫൈസർ മാത്രമാണ്. 16 വയസിനുമുകളിൽ ഉള്ളവർക്ക് നേരത്തെ തന്നെ യുഎസും കാനഡയും ഇസ്രയേലുമെല്ലാം വാക്‌സീൻ നൽകുന്നുണ്ടായിരുന്നു. 2,000പേരിൽ നടത്തിയ പരീക്ഷത്തിൽ വാക്‌സീൻ 100 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയെന്നാണ് ഫൈസർ മാർച്ചിൽ അറിയിച്ചത്. 12-15 പ്രായക്കാരിൽ രൂപപ്പെട്ട ആന്റിബോഡി 16-25 പ്രായക്കാരിൽ രൂപപ്പെട്ടതിനേക്കാൾ കൂടുതലായിരുന്നു. മുതിർന്നവരിൽ ഉണ്ടായ പനി പോലുള്ള ചെറിയ പാർശ്വഫലങ്ങൾ മാത്രമാണ് കുട്ടികളിലും കണ്ടെത്തിയത്. മുതിർന്നവർക്ക് നൽകുന്ന അതേ ഇടവേളയിൽ രണ്ടു ഡോഡുകൾ നൽകുന്നു. 21 ദിവസത്തിനുശേഷമാണ് ഫൈസറിന്റെ രണ്ടാംഡോസ് നൽകുന്നത്. കുട്ടികളിലെ ഉപയോഗത്തിന് എഫ്ഡിഎക്കൊപ്പം യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അനൂുമതിയും ഫൈസർ നേടി. 2 വയസ് മുതലുള്ള കുട്ടികളിൽ ഫൈസർ പരീക്ഷണം പുരോഗമിക്കുകയാണ്. 

കുട്ടികൾക്കായി മൊഡേണയും 

മോഡേണയുടെ കോവിഡ് വാക്‌സീനും 12 മുതൽ 17 വയസുവരെയുള്ള കുട്ടികളിൽ 100 ശതമാനം ഫലപ്രദമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ അടിയന്തര അനുമതി ലഭിച്ചിട്ടില്ല. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അനുമതി ലഭിച്ചാൽ ഇൗ വിഭാഗക്കാരിൽ കുത്തിവയ്പ് തുടങ്ങുന്ന രണ്ടാമത്തെ വാക്‌സീനായിരിക്കും ഇത്. 3700പേർക്ക് നാലാഴ്ച ഇടവേളയിൽ രണ്ടുഡോസ് നൽകിയായിരുന്നു പരീക്ഷണം 

സൈഡസ് കാഡില എത്തിയേക്കും

ഇന്ത്യയിൽ 12 മുതല‍ 18 വയസുവരെയുള്ളവരിൽ കോവിഡ് വാക്സീൻ പരീക്ഷണം സൈഡസ് കാഡിലയും നടത്തുന്നുണ്ട്. പരീക്ഷണഘട്ടത്തിലുള്ള ഇൗ വാക്സീൻ രണ്ടാഴ്ചയ്ക്കുള്ളിൽ അടിയന്തര അനുമതി തേടിയേക്കും. സൈക്കോവ് ഡി എന്ന ഇൗ വാക്സീൻ തദ്ദേശീയമായി വികസിപ്പിച്ചതാണ്. മൂന്നുഡോസാണ് നൽകേണ്ടത്. 12 വയസിനുമകളിലുള്ളവരിലെ പരീക്ഷണം വിജയമാണെങ്കിൽ അധികം വൈകാതെ ഇതിന് അനുമതി നൽകാനുള്ള സാധ്യതയുണ്ട്. 

ഭാരത് ബയോടെക്കിന്റെ കോവാക്‌സീനും കുട്ടികളിൽ പരീക്ഷിക്കുന്നു എന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ ഉയർത്തുന്ന ഒന്നാണ്. 2 മുതൽ 18 വയസുവരെയുള്ളവരിലെ കോവാക്‌സീൻ പരീക്ഷണം ജൂൺ ഒന്നിനാണ് ആരംഭിച്ചത്. ആരോഗ്യവാൻമാരായ 525 കുട്ടികളിൽ പരീക്ഷണം നടത്താനാണ് അനുമതി.രണ്ട്, മൂന്ന് ഘട്ട പരീക്ഷണം ഒരുമിച്ചാണ് നടത്തുന്നത്. ആദ്യം 12 നും 18 നും ഇടയിൽ ഉള്ളവർക്കും പിന്നീട് ആറുവയസിനും ഇടയിലുള്ളവർക്ക് ഒടുവിൽ രണ്ടു മുതൽ ആറു വയസുള്ളവർക്ക് എന്നിങ്ങനെയായിരിക്കും പരീക്ഷണ വാക്‌സീൻ കുത്തിവയ്പ് 

അസ്ട്രാസെനക പരീക്ഷണം നിർത്തി 

കോവിഷീൽഡിന്റെ അതേ ഫോർമുലയിൽ നിർമിക്കുന്ന അസ്ട്രാസെനക ആറുമുതൽ 17 വയസു വരെയുള്ളവരിൽ പരീക്ഷണം ആരംഭിച്ചെങ്കിലും താൽക്കാലികമായി നിർത്തിവച്ചു. വാക്‌സീൻ സ്വീകരിച്ച മുതിർന്നവരിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അത്. ആ പരീക്ഷണം പൂർത്തിയായി വിജയത്തിലെത്തിയാൽ മാത്രമേ കോവിഷീൽഡ് കുട്ടികൾക്ക് നൽകാനുള്ള സാഹചര്യമൊരുങ്ങൂ 

സിനോവാക്

ചൈനയുടെ വാക്‌സീനായ സിനോവാകും മൂ്ന്നുമുതൽ 17 വയസ് വരെയുള്ളവരിൽ പൂർണ സുരക്ഷിതമെന്നാണ് കമപനി അറിയിക്കുന്നത്. വിശദമായ പരീക്ഷണഫലം മാർച്ച് അവസാനത്തോടെ ചൈനീസ് റഗുലേറ്ററി അതോറിറ്റിക്ക് സമർപ്പിച്ചു. 550 പേരിൽ നടത്തിയ പരീക്ഷണത്തിൽ ആർ്ക്കും ഗുരുതരപാർശ്വഫലമില്ലെന്നും കമ്പനി അവകാശപ്പെട്ടു 

കുട്ടികൾക്ക് വാക്‌സീൻ എപ്പോൾ 

കോവാക്‌സീൻ കുട്ടികളിലെ പരീക്ഷണം പൂർത്തിയാകാൻ മാസങ്ങളെടുക്കും. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ഉടൻ കോവാക്‌സീൻ നൽകാനാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. തുടർപരീക്ഷണം ആയതുകെണ്ടുതന്നെ വലിയ കാലതാമസം ഉണ്ടാകില്ലെന്നാണ് ഡോ.വി.കെ.പോൾ അറിയിച്ചത്.

ഫൈസർ വാക്‌സീൻ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫൈസർ എത്തിയാൽ, 12 വയസിനുമുകളിൽ ഉള്ളവർക്ക് കൂടി നൽകണോ എന്ന് കേന്ദ്രസർക്കാരിന് തീരുമാനിക്കാം. വിദേശത്ത് കുട്ടികളിലെ പരീക്ഷണം വിജയമാണെന്ന് തെളിഞ്ഞതിനാൽ തീരുമാനം കേന്ദ്രത്തിന് വെല്ലുവിളിയല്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...