എല്ലാവരുടെ പിറന്നാളും ഒരേ ദിവസം; ഇതാ ആ അപൂര്‍വകുടുംബം; വൈറൽ

പത്ത് വർഷങ്ങൾക്കു മുൻപാണ് കണ്ണൂർ സ്വദേശികളായ അനീഷ് കുമാറും അജിതയും വിവാഹിതരാകുന്നത്. ആലോചന വരുമ്പോൾ തന്നെ തങ്ങള്‍ക്കിടയിൽ യാദൃശ്ചികമായി സംഭവിച്ച ഒരു സാമ്യത അവർ ശ്രദ്ധിച്ചിരുന്നു. ഇരുവരുടെയും ജൻമദിനം ഒരേ ദിവസമാണ്. രണ്ടാൾക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാമല്ലോ എന്നൊക്കെ അന്ന് ചിലർ തമാശയായി പറഞ്ഞു. 

എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല ഈ കുടുംബത്തിലെ അപൂർവസാമ്യതകൾ. 2012 ൽ ഇവർക്ക് ഒരു പെൺകുഞ്ഞ് പിറന്നു. മകൾ ജനിച്ചതും അതേ ദിവസം തന്നെ. അഞ്ച് വർഷങ്ങൾക്കിപ്പുറം 2019 ൽ മകൻ ജനിച്ചു. അതും മറ്റ് മൂവരുടെയും ജൻമദിനത്തിന്റെ അന്നു തന്നെ. അങ്ങനെ മെയ് 25 എന്ന ദിവസം ഈ കുടുംബത്തിലെ എല്ലാവരുടെയും ജീവിതത്തിലെ ഒരു പ്രത്യേകദിവസം തന്നെയായി. അപൂർവങ്ങളിൽ അപൂർവം എന്നു തന്നെ വിളിക്കാവുന്ന ഒരു സവിശേഷത. 

1981 മേയ് 25നാണ് അനീഷ് ജനിച്ചത്. അജിതയുടെ ജൻമദിനം 1987 മേയ് 25 ന്. 2012 മെയ് 25 ന് മകൾ ആരാധ്യയും 2019 മെയ് 25 ന് മകൻ ആഗ്നേയും ജനിച്ചു. 

ഈ സംഭവം അറിയുമ്പോൾ കേൾക്കുന്ന എല്ലാവരും അത്ഭുതപ്പെടാറുണ്ട്. മക്കളുടെ ജനനവും യാദൃഛികമായി ഇതേ ദിവസം തന്നെ സംഭവിച്ചതാണെന്നും അങ്ങനെയാകാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും പറയുന്നു അനീഷ്. 

‘കഴിഞ്ഞ വർഷം മുതലാണ് ഞങ്ങളുടെ ഫോട്ടോ ഒക്കെ വെച്ച് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയത്. ഇത്തരത്തിൽ സവിശേഷതയുള്ള മറ്റേതെങ്കിലും കുടുംബത്തെക്കുറിച്ച് കേട്ടിട്ടില്ല.  യാദൃഛികമായി സംഭവിച്ച ഈ സാമ്യതയിൽ സന്തോഷമേ ഉള്ളൂ..’– അനീഷ് മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു. 

‘കഴിഞ്ഞ മെയ് 25 നാണ് മകന് ഒരു വയസ് തികഞ്ഞത്. കോവിഡ് ആയതിനാൽ ആഘോഷങ്ങൾ വേണ്ടെന്നു വെച്ചു. ഇത്തവണയും അങ്ങനെ തന്നെ. കേക്ക് മുറിച്ച് വീടിനുള്ളിൽ തന്നെ സന്തോഷം പങ്കുവെച്ചു. എല്ലാവരും ആശംസകൾ അറിയിക്കുമ്പോളും സന്തോഷം..’ അനീഷ് കൂട്ടിച്ചർത്തു. 

കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാൽ സ്വദേശികളാണ് അനീഷും കുടുംബവും. പ്രവാസിയായിരുന്ന അനീഷ് ഇപ്പോൾ നാട്ടിൽ ഫാം നടത്തുകയാണ്.