ഉമ്മൻചാണ്ടിക്കായി ഒൻപതുകാരന്റെ പ്രാർഥന; ഈ സ്നേഹത്തിനു പിന്നിൽ

അമ്പലപ്പുഴ: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രോഗശാന്തിക്കായി പുറക്കാട് അറബി സയ്യിദ് തങ്ങൾ കബറിടത്തിൽ പ്രാർഥന നടത്തി അന്തരിച്ച യൂത്ത് കോൺഗ്രസ് നേതാവിന്റെ മകനായ ഒൻപതുകാരൻ. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം മുൻ പ്രസിഡന്റ് പരേതനായ ഷാജി ഉടുമ്പാക്കലിന്റെയും ഫാസിലയുടെയും ഇളയ മകൻ മുഹമ്മദ് ഷിയാസാണ് പ്രത്യേക പ്രാർഥന നടത്തിയത്. 

പുറക്കാട് മുസ്‌ലിം ജമാഅത്തിൽ ഉമ്മൻചാണ്ടിയുടെ പേരിൽ പണം ഒടുക്കി പച്ചപ്പട്ട് വാങ്ങി കബറിടത്തിൽ ചാർത്തുകയും ചെയ്തു. കഴിഞ്ഞ ജനുവരി 11ന് വീട്ടില്‍ കുഴഞ്ഞുവീണാണ് ഷാജി ഉടുമ്പാക്കല്‍ മരിച്ചത്. ഷാജിയുടെ കബറടക്കത്തിന് നേതൃത്വ നൽകി ചാണ്ടി ഉമ്മനും, രണ്ടു ദിവസത്തിനു ശേഷം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഉമ്മൻചാണ്ടിയും ഷിയാസിന്റെ വീട്ടിൽ എത്തിയിരുന്നു.