സ്വപ്നം പോലെ; ചെലവ് ഏറെയില്ല; പ്രവാസിയുടെ വീട്; അറിയേണ്ടതെല്ലാം

clading
വീടിന് മനോഹാരിത നല്‍കാന്‍ ക്ലാഡിംഗ് ടൈലുകള്‍
SHARE

വിശാലതയാണ് ഈ വീടിന്‍റെ  മുഖമുദ്ര. വിശാലത കൊണ്ടുവരുന്ന പോസിറ്റീവ് എന്‍ര്‍ജിയും, പിന്നെ നിര്‍ബാധം തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന പ്രകൃതിദത്ത വായുവും വെളിച്ചവും വീടിനെ തികച്ചും വേറിട്ടുനിര്‍ത്തുന്നു.  മലപ്പുറം ജില്ലയിലെ എടപ്പാള്‍ ടൗണിനടുത്തുള്ള പൊറൂക്കര ഗ്രാമത്തിലാണ് ഈ വിശാലഗൃഹം സ്ഥിതി ചെയ്യുന്നത്. പ്രവാസിയായ പ്രകാശ് പള്ളിക്കാട്ടിന്‍റെ വീടെന്ന സ്വപ്നം മനോഹരമായി രൂപകല്പന ചെയ്ത് സാക്ഷാത്കരിച്ചത് പ്രശസ്ത ആര്‍ക്കിടെക്ട്-ഡിസൈനര്‍ ദമ്പതികളായ ബ്രിജേഷ് ഉണ്ണിയും പൂജാ ബ്രിജേഷും നേതൃത്വ നല്‍കുന്ന ജെയ്ഡ് ആര്‍ക്കിടെക്സാണ്.

ഇങ്ങനെയൊരു വീട് നിര്‍മ്മിക്കാനുള്ള പ്രത്യേക താല്പര്യം ഉടമ പ്രകാശ് പള്ളിക്കാട് വ്യക്തമാക്കുന്നു: "വീടിനൊരു പുതുമ വേണം, എന്നാല്‍ അതുപോലെത്തന്നെ ഉള്ളില്‍ ഒരുപാട് സൗകര്യങ്ങള്‍ വേണം. നല്ല വായുസഞ്ചാരം വേണം, ഒരുപാട് തുറന്ന സ്ഥലങ്ങള്‍ വേണം. അതുമാത്രമല്ല, കുടുംബവുമായി കൂടുതല്‍ സമയം ഗള്‍ഫില്‍ ജീവിക്കുന്നവര്‍ക്ക് വീട് പരിപാലിച്ചു സൂക്ഷിക്കുക എളുപ്പമുള്ള കാര്യമല്ല. അതിനാല്‍, മെയിന്‍റനന്‍സ് കുറവായ ഒരു വീട് എന്ന സങ്കല്‍പ്പവും  ഇതിനു പിറകിലുണ്ട്. "

Living-Room

എടപ്പാള്‍ ടൗണില്‍ നിന്ന് കുറച്ചു പുറകോട്ടു മാറി, എന്നാല്‍ ടൗണിന്‍റെ ആംബിയന്‍സ് ലഭിക്കുന്ന ഒരു വിശാലമായ പ്ലോട്ടിന്‍റെ ഒത്ത നടുക്കാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.  ആധുനിക ശൈലിയിലാണ് വീടിന്‍റെ നിര്‍മിതി. വീട്ടിലേക്കുള്ള വഴി ഉള്‍പ്പടെ  പരമാവധി വിനിയോഗിച്ചാണ്  വീടിന്‍റെ നിര്‍മ്മാണം. വീടിന്റെ ഡിസൈനിനോട് ചേരുന്ന രീതിയില്‍ തന്നെയാണ് കോമ്പൗണ്ട് വാള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വില്ലാകൃതിയിലുള്ള മെയിന്‍ ലോണ്‍, മനോഹരമായ പൂന്തോട്ട വിളക്കുകള്‍, വീടുനു ചേര്‍ന്ന കളര്‍ സ്കീമിലുള്ള പേവിങ് ടൈല്‍സ് ഉപയോഗിച്ച് അതിമനോഹരമാക്കിയ മുറ്റം, അങ്ങനെയങ്ങനെ നിരവധി സവിശേഷതകളുള്ള ഒരു സ്വപ്നഗൃഹമാണിത്.

DSC_4929

വീടിനെ കൂടുതല്‍ മനോഹരമാക്കുന്നത് പൂര്‍ണ്ണമായും ഡാര്‍ക്ക് കളര്‍ സ്കീമിലുള്ള ക്ലാഡിംഗ് ടൈലുകള്‍ പതിച്ച, ബോക്സ് വിന്‍ഡോ ഉള്ള, ഫ്രണ്ട് എലിവേഷനാണ്. മുഴുവനായും ക്ലാഡിംഗ് തിരഞ്ഞെടുക്കാനുള്ള ഒരു കാരണം അധികം പരിപാലനം ആവശ്യമില്ല എന്നതാണ്. പൊടിപടലങ്ങളോ െചളിയോ ഒന്നും ഇതില്‍ കാര്യമായി ഏല്‍ക്കില്ല, എന്നാല്‍ ഏറെ പുതുമയുണ്ടുതാനും. 

open-courtyard

"അധികം െചലവേറിയതല്ലാത്ത ലളിതമായ, എല്ലാവരും ഉപയോഗിക്കുന്ന ക്ലാഡിംഗ് മെറ്റീരിയലുകളാണ് എലിവേഷന് ഉപയോഗിച്ചിട്ടുള്ളതെങ്കിലും, ഞങ്ങളിവിടെ സൃഷ്ടിച്ച, പല ക്ലാഡിങുകളുടെ ഒരു കോമ്പിനേഷന്‍ ആണ് ഇതിനെ വേറിട്ടു നിര്‍ത്തുന്നത്. " വീടിന്‍റെ ഡിസൈനറും ആര്‍ക്കിടെക്ടുമായ ബ്രിജേഷ് ഉണ്ണി പറയുന്നു. വീടിനെ കൂടുതല്‍ ആധുനികമാക്കുന്നത് ക്ലാഡിംഗ് ടൈല്‍സ് പതിച്ച ടോപ് എലിവേഷനും അതിന്‍റെ സ്ലോപ്പിംഗ് റൂഫുമാണ്. വീടിനെ ഒരു തൊപ്പിയണിയിച്ച മാതൃകയിലാണ് ഈ സ്ലോപ്പിംഗ് റൂഫിന്‍റെ നിര്‍മ്മിതി.

ലാന്‍ഡ്സ്കേപ്പിങ്ങിന്‍റെ ഭാഗമായി പരമാവധി സ്ഥലവിനിയോഗമാണ് നടത്തിയിരിക്കുന്നത്. വണ്ടികള്‍ക്ക് സുഗമമായി വന്നു പോകാനുള്ള സൗകര്യം തീര്‍ത്തിരിക്കുന്നു. വിശാലമായ മുറ്റത്തേയും കാര്‍ പോര്‍ച്ചിനേയും വേര്‍ത്തിരിക്കുന്നത് മനോഹരമായ ഒരു സെമി സര്‍ക്കിള്‍ ലോണ്‍ ആണ്.

വ്യത്യസ്ത രീതിയിലുള്ള ഒരു കാര്‍പ്പോര്‍ച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ നിര്‍ത്തി നേരെ വീട്ടിലേക്ക് കയറാവുന്ന സൗകര്യത്തിലുള്ള ഒരു കനോപ്പി ടൈപ്പ് കാര്‍പ്പോര്‍ച്ച്. ഇതിന് കോണ്‍ക്രീറ്റ് ഉപയോഗിച്ചിട്ടില്ല. മുകളില്‍ കൂളിങ് ഗ്ലാസ്  ആയതിനാല്‍ അധികം ചൂട് ഏല്‍ക്കില്ല, ഒപ്പം കൂടുതല്‍ വെളിച്ചവും ലഭിക്കുന്നു.

BEDROOM

50 ശതമാനം ചൂട് കുറയ്ക്കുന്ന ലാമിനേറ്റഡ് ടഫന്‍ഡ് ഗ്ലാസ് ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ഒട്ടും തടസ്സം സൃഷ്ടിക്കാത്ത, ഫ്രണ്ട് യാര്‍ഡ് കുറഞ്ഞതായി തോന്നാത്ത, ഒരു കാര്‍പ്പോര്‍ച്ച് എന്ന സങ്കല്പമാണ് കനം കുറഞ്ഞ സ്റ്റീല്‍ കോളം ഉപയോഗിച്ച് ഇതിനെ ഒരു ലൈറ്റ് വെയ്റ്റ് സ്ട്രക്ചറായി നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബ്രിജേഷ് ഉണ്ണി പറയുന്നു.

കാര്‍പ്പോര്‍ച്ചില്‍ നിന്ന് കയറുന്നത് വളരെ പ്രത്യേകതകളുള്ള ഒരു സിറ്റൗട്ടിലേക്കാണ്. ഒരുഭാഗത്ത്, ഇരിക്കാന്‍  ബെഞ്ചായി ഉപയോഗിക്കാവുന്ന, മരത്തിന്‍റെ സ്ലൈഡിങ് ഡോറുകളുള്ള പുതുമയാര്‍ന്ന ഷൂ റാക്ക്. മറുഭാഗത്ത് സിറ്റൗട്ടിന്‍റെ ആംബിയന്‍സിനു ചേര്‍ന്ന കസേരകള്‍, മനോഹരമായി വുഡ് വര്‍ക്ക് ചെയ്ത സീലിങ്. വിശാലമായ അകത്തളങ്ങളുടെ സമൃദ്ധമായ കാഴ്ചയിലേക്കുള്ള മുന്നറിയിപ്പാണ് ഈ സിറ്റൗട്ട്.

സിറ്റൗട്ടില്‍ നിന്ന് നേരെ പ്രവേശിക്കുന്നത് വിശാലമായ, ധാരാളം ഓപ്പണിംഗുകള്‍ ഉള്ള, വീടിന്‍റെ എല്ലാ ഭാഗത്തേക്കും പ്രവേശനം നല്‍കുന്ന ഇന്‍ഫോര്‍മല്‍ ഫോയര്‍ സ്പേസിലേക്കാണ്.  ബില്‍റ്റ്-ഇന്‍ ഫര്‍ണീച്ചര്‍ ഉപയോഗിച്ചുള്ള ഇരിപ്പിടങ്ങള്‍ ഒരു റിലാക്സ്ഡ് സീറ്റിങ് അനുഭവം നല്‍കുന്നു. മുകിലേക്കുള്ള സ്റ്റെയര്‍കേസിനെയും  ഇരിപ്പിടമാക്കി മാറ്റിയിരിക്കുന്നു. എല്‍.ഇ.ഡി. വിളക്കുകളും വിദേശനിര്‍മ്മിത ഷാന്‍ഡിലിയറും  ഭംഗിയായി രൂപകല്പന ചെയ്ത വുഡന്‍ സീലിങിന് പരമാവധി റിച്ച്നസ് നല്‍കുന്നു. 

"പരമാവധി സ്വാഭാവിക വെളിച്ചവും വായുവും കടന്നു വരുന്നതാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അതനുസരിച്ചാണ് വീട് പ്ലാന്‍ ചെയ്തത്," പ്രകാശ് പള്ളിക്കാട് പറയുന്നു. അടഞ്ഞു കിടക്കുന്നു എന്ന ഒരു തോന്നല്‍ ഉണ്ടാവാത്ത തുറന്ന സ്ഥലങ്ങളാണ് വീടിന്‍റെ അകം നിറയെ. എവിടെ നിന്ന് നോക്കിയാലും ആ ഓപ്പണ്‍നെസ്  കാണാം.

ഫോര്‍മല്‍ ലിവിംഗ് റൂമിന് ഡബിള്‍ ഹൈറ്റ് ആണ് കൊടുത്തിരിക്കുന്നത്. സ്വാഭാവിക വെളിച്ചവും വായുവും ലഭിക്കുന്ന രീതിയില്‍ ചൂമരില്‍ ഗ്രില്‍ വര്‍ക്ക് ചെയ്തിരിക്കുന്നു. കണ്ണിനും മനസ്സിനും കുളിരേകുന്ന ഒരു കൊച്ചു പൂന്തോട്ടവുമുണ്ട്. പത്തോളം പേര്‍ക്ക് ഒരേസമയം ഇരിയ്ക്കാവുന്ന രീതിയിലാണ് പ്രധാന ലിവിംഗ് റൂമില്‍ സോഫാ സെറ്റ് ക്രമീകരിച്ചിരിക്കുന്നത്. സാധാരണ ലിവിംഗ് റൂമുകളില്‍ സോഫകള്‍ നിറച്ചിട്ടിരിക്കും, എന്നാല്‍ മധ്യത്തിലുള്ള ടീപോയ് വളരെ ചെറുതായിരിക്കും. എന്നാലിവിടെ, സോഫയിലിരിക്കുന്ന എല്ലാവര്‍ക്കും കൈയെത്താവുന്ന നീളവും വീതിയുമുള്ള വലിയ വുഡന്‍ പാറ്റേണ്‍ ചെയ്ത ടീപോയ് ആരുടെയും ശ്രദ്ധയാകര്‍ഷിക്കും.

DSC_4929

ഫോര്‍മല്‍ ലിവിംഗ് റൂമില്‍ നിന്ന് നേരെ വരുന്നത് ഫാമിലി ലിവിംഗ് റൂമിലേക്കാണ്. ഇതും ഡബിള്‍ ഹൈറ്റിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മുകളിലുള്ള ബെഡ്റൂമുകളിലുള്ളവര്‍ക്ക് താഴെ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ കാണാനും സംസാരിക്കാനും സാധിക്കുന്നു. ഫോര്‍മല്‍ ലിവിംഗ് റൂമിലെപ്പോലെ ഇവിടെയും ടിവി യൂണിറ്റുണ്ട്. ഡബിള്‍ ഹൈറ്റ് ഏരിയയെ ഒന്നുകൂടി ഹൈലൈറ്റ് ചെയ്യാന്‍  മനോഹരമായ തൂക്കുവിളക്കുമുണ്ട്. 

വീടിനുളളിലെ ഓപ്പണ്‍ കോര്‍ട്ടയാര്‍ഡ് സ്പേസ്, ക്രോസ് വെന്‍റിലേഷന്  ഏറെ സഹായിക്കുന്നു. സ്വാഭാവിക വെളിച്ചത്തിനും വെന്‍റിലേഷനുമൊപ്പം, രണ്ട് ബെഡ്റൂമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണക്ഷന്‍ സ്പേയ്സ് കൂടിയാണ് ഈ ഓപ്പണ്‍ കോര്‍ട്ടയാര്‍ഡ് 

വിശാലമാണ് ഡൈനിങ് ഏരിയയും. ലിവിംഗ് റൂമിലുള്ള ഗാര്‍ഡന്‍റെ മറുവശം ഇവിടെ നിന്ന് കാണാം. ഇത് ഭക്ഷണം കഴിക്കുന്നവര്‍ക്ക്  ഒരു ഔട്ട്ഡോര്‍ ഫീല്‍ നല്‍കുന്നു. ക്ലാഡിംഗ് ടൈല്‍സും വുഡന്‍ ടച്ചും കോമണ്‍ വാഷ് ഏരിയയെ കൂടുതല്‍ മനോഹരമാക്കുന്നു.

ഡൈനിങ് ഏരിയയോട് ചേര്‍ന്നാണ് ഇവിടുത്തെ അത്യാധുനിക മോഡുലര്‍ കിച്ചന്‍. വെളുപ്പിലും നീലയിലും രൂപകല്പന ചെയ്ത ഈ മോഡുലര്‍ കിച്ചനില്‍ ധാരാളം സ്റ്റോറേജ് സ്പേസും ഒരുക്കിയിട്ടുണ്ട്. ഇതിനോടു ചേര്‍ന്ന് ഒരു വര്‍ക്കിംഗ് കിച്ചനും ഈ വീട്ടിലുണ്ട്. 

പരമാവാധി ക്രോസ് വെന്‍റിലേഷന്‍ ലഭിക്കുന്ന രീതിയില്‍  വിശാലമായാണ്  മാസ്റ്റര്‍ ബെഡ്റൂമിന്‍റെ ഡിസൈന്‍. വൈറ്റ് ആന്‍ഡ് വുഡ് കളര്‍ സ്കീമിലുള്ള വാഡ്രോബിനും ഡ്രെസിങ് യൂണിറ്റിനും ഒപ്പം വുഡന്‍ ക്ലാഡിങും വുഡന്‍ സീലിങും  കൂടി ചേരുമ്പോള്‍ ഒരു സമ്പൂര്‍ണ്ണ നാച്ചുറല്‍ ലുക്കാണ് തോന്നുക.

Dining

അകത്തെ കോര്‍ട്ട് യാര്‍ഡിലേക്കുള്ള രണ്ടു പാസേജുകളില്‍ ഒന്ന് ഈ ബെഡ്റൂമില്‍ നിന്നാണ്. താഴെയുള്ള രണ്ടാമത്തെ ബെഡ്റൂം വളരെ വിശാലവും മനോഹരവുമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മുകള്‍നിലയിലേക്കുള്ള സ്റ്റെയര്‍കേസിന് സാധാരണ വീടുകളില്‍ നിന്ന് വ്യത്യസ്തമായി ഹാന്‍ഡ് റെയിലിനു പകരം ഇരുവശത്തും ചുമരുകളാണ്. ലപ്പോത്തറ ഗ്രാനൈറ്റ് ടൈല്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്‍റെ മൊത്തം ഡിസൈനുമായി യോജിച്ചു പോകുന്ന വിധത്തില്‍ ഗ്രാനൈറ്റിന്‍റെ വശങ്ങളില്‍ വുഡന്‍ ടൈല്‍ ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. ലിവിങ് ഏരിയയുടെയും ഡൈനിങ് ഏരിയയുടെയും ഇടയിലുളള  കൊച്ചു പൂന്തോട്ടത്തിന്‍റെ മനോഹര ദൃശ്യം ഈ സ്റ്റെയര്‍കേസില്‍ നിന്ന് കാണാവുന്നതാണ്. സ്റ്റെയര്‍കേസിന്‍റെ വെന്‍റിലേറ്ററിന്  മള്‍ട്ടിവുഡില്‍ ചെയ്ത  കണ്ടംപ്രറി പാറ്റേണിലുള്ള സി.എന്‍.സി കട്ടിങാണ്. ഇതും സ്വാഭാവിക വെളിച്ചം പരമാവധി വീടിനുളളിലേക്ക്  നല്‍കുന്നു.

സ്റ്റെയര്‍കേസ് കയറി എത്തുന്നത് മനോഹരമായ ഒരു അപ്പര്‍ ലിവിംഗ് ഏരിയയിലേക്കാണ്. ഇവിടെയും പരമാവധി ഓപ്പണ്‍നെസ് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവിടെ നിന്ന് താഴെയുള്ള കോര്‍ട്ടയാര്‍ഡിലേക്ക് കാഴ്ച ലഭിക്കും. അപ്പര്‍ ലിവിംഗ് ഏരിയയില്‍ നിന്ന് രണ്ടു സ്റ്റെപ് താഴെ ഒരു പാസേജ്. ആ പാസേജില്‍ നിന്ന് മുകളിലുള്ള രണ്ടു ബെഡ്റൂമിലേക്കുമുള്ള പ്രവേശനം. പ്രകാശിന്റെ രണ്ടു പെണ്‍മക്കള്‍ക്കുള്ളതാണ് ഈ ബെഡ്റൂമുകള്‍. എല്ലാ ബെഡ്റൂമുകളെയും പോലെ  വിശാലതയും സൗകര്യങ്ങളും ഇവിടെയും കാണാം. ചെറിയ ബാല്‍ക്കണി പോലെ തോന്നിക്കുന്ന ഒരു ബ്യൂട്ടി സ്പോട്ടും ഉണ്ട്. ഈ ബ്യൂട്ടി സ്പോട്ടിന്‍റെ ഒരു ചുമര്‍, ഗ്ലാസ്സിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗ്ലാസ് വാളില്‍ കൊടുത്തിരിക്കുന്ന മരത്തിന്‍റെ ഡിസൈനാണ് മറ്റൊരു ആകര്‍ഷണീയത. ഈ ബ്യൂട്ടി സ്പോട്ടിലേക്ക് സ്വാഭാവിക വെളിച്ചം ധാരാളമായി ലഭിക്കുന്നതിനു വേണ്ടി സീലിംഗില്‍ ഒരു ഗ്ലാസ് ഡിസൈനുമുണ്ട്. 

Bathroom

പ്രവാസികള്‍ വീടു പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രകാശിന് പറയാനുണ്ട്. "വീടു പണിയുമ്പോള്‍ പലരും അതിന്‍റെ മെയിന്‍റനന്‍സ് കാര്യങ്ങളെപ്പറ്റി അധികം ചിന്തിക്കാറില്ല. ഞാന്‍ ശ്രദ്ധിച്ചത് മെയിന്‍റനന്‍സ് എത്രകണ്ട് കുറയ്ക്കാന്‍ പറ്റും എന്നതാണ്. ആ ഒരു കണ്‍സെപ്റ്റാണ് ഞാന്‍ ഈ വീട് ചെയ്യുമ്പോള്‍ ഇവിടെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളത്. അതിനു പറ്റിയ മെറ്റീരിയല്‍സും അതു രൂപകല്പന ചെയ്യാന്‍ പ്രാഗല്‍ഭ്യമുള്ള ഡിസൈനര്‍മാരെയുമാണ് തേടേണ്ടത്. ജെയ്ഡ് ആര്‍ക്കിടെക്ട്സിന്‍റെ ബ്രിജേഷ് ഉണ്ണി എന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു."

Project Details

__________

Plot area - 30 Cents

Total square feet area - 3,000

Client - Prakash Pallikkattu- Preethi Prakash

Design - Ar Brijesh Unni, JAID Architects

mail@jaid.in

www.jaid.in

For more details contact - 9400402402

MORE IN SPOTLIGHT
SHOW MORE
Loading...
Loading...