കയ്യിൽ 170 രൂപ; പണം തീരുമ്പോൾ ചായ വിൽപ്പന; സൈക്കിളിൽ തൃശൂർ–കശ്മീർ യാത്ര

cycle-trip-new
SHARE

നിധിന് വയസ് 23. കയ്യിൽ ഉള്ളത് 170 രൂപ. തൃശൂരിൽ നിന്നും ഈ യുവാവ് ഒരു യാത്ര പുറപ്പെട്ടു. കാശ്മീരിലേക്ക്. അതും സൈക്കിളിൽ. കേൾക്കുന്നവർ മൂക്കത്ത് വിരൽ വയ്ക്കുമെങ്കിലും ആഗ്രഹത്തിന് മുന്നിൽ കിലോമീറ്ററുകൾ ഇങ്ങനെ യുവാവിന് മുന്നിൽ തോറ്റ് പിന്നോട്ട് പോവുകയാണ്. പത്തുദിവസം പിന്നിട്ട യാത്ര ഇപ്പോൾ ഗോവയിലെത്തി നിൽക്കുകയാണ്. യാത്രക്ക് വേണ്ട പണം കണ്ടെത്താൻ ചായ വിൽപ്പനയാണ് ഈ യുവാവ് സ്വീകരിക്കുന്ന മാർഗം.

തൃശ്ശൂരിലുള്ള റസ്റ്ററന്റിലെ ജീവനക്കാരനായിരുന്നു നിധിൻ. ജ്യൂസും ചായയുമൊക്കെ ഉണ്ടാക്കുന്ന ജോലിയാണ്. ആ ജോലിയിൽ നിന്ന് സമ്പാദിച്ച  20000 രൂപ മുടക്കി ഒരു ക്യാമറയും വാങ്ങി. ലോക്ഡൗൺ വന്നതോടെ വരുമാനം നിലച്ചു. യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന നിധിന്റെ പോക്ക് വരവ് നിലച്ചു. ഇതോടെയാണ് രാജ്യം ചുറ്റാം എന്ന തീരുമാനം എടുക്കുന്നത്. പക്ഷേ എങ്ങനെ എന്ന ചോദ്യം ബാക്കിയായി.

കശ്മീരിലേക്ക് പോകണം എന്ന ഉറപ്പിക്കുമ്പോഴാണ് അനിയന്റെ സൈക്കിൾ കണ്ണിൽപ്പെടുന്നത്. യാത്ര സൈക്കിളിലെന്ന് ഉറപ്പിച്ചു. കുറച്ച് അറ്റകുറ്റപ്പണികൾ നടത്തി സൈക്കിൾ ഉഷാറാക്കണം. ചെലവിന് പണം കണ്ടെത്തണം. ഇതിനായി ക്യാമറ വിൽക്കാൻ തീരുമാനിച്ചു. 13000 രൂപയ്ക്കു ക്യാമറ വിറ്റ് നിധിൻ പണം കണ്ടെത്തിയത്. 

ചായ വരുമാനം

വലിയൊരു യാത്രയ്ക്കായി സൈക്കിളിൽ അറ്റകുറ്റപണികളേറെ നടത്തേണ്ടി വന്നു. യാത്രയ്ക്കുള്ള പണം തികയില്ലെന്നു മനസ്സിലായപ്പോൾ പോകും വഴി ചായ വിൽപന നടത്താമെന്നായി തീരുമാനം. 30 ചായ ഒരു ദിവസം വിറ്റാൽ 300 രൂപ! ഒരു ദിവസത്തെ യാത്രയ്ക്കുള്ള പണം ഇങ്ങനെയുണ്ടാക്കും. അതോടെ ഡീസൽ ഉപയോഗിച്ചു പ്രവർത്തിക്കുന്ന സ്റ്റൗവ്, ചായയുണ്ടാക്കാനുള്ള പാത്രം, 30 ചായ ചൂടോടെ വയ്ക്കാൻ ഫ്ലാസ്ക് എന്നിവയും വാങ്ങി. പിന്നീടു കയ്യിൽ ബാക്കിയായത് 170 രൂപ!

2021 ജനുവരി ഒന്നിന് തന്റെ സൈക്കിളിൽ ആവശ്യമായ വസ്ത്രങ്ങളും ടെന്റും ചായയുണ്ടാക്കാൻ സ്റ്റൗവ് ഉൾപ്പെടെയുള്ള സാമഗ്രികളുമായി നിധിൻ യാത്ര ആരംഭിച്ചു. യാത്ര 10 ദിവസം പിന്നിടുമ്പോൾ ഗോവയിലാണു നിധിനിപ്പോഴുള്ളത്. തന്റെ യാത്രയെക്കുറിച്ചു നിധിൻ പറയുന്നതിങ്ങനെ: ‘എല്ലാ ദിവസവും രാവിലെ അഞ്ചരയോടെ യാത്ര ആരംഭിക്കും. ദിവസവും 100 കിലോമീറ്റർ ദൂരം പിന്നിടും. വൈകിട്ട് 4 മണിയോടെ യാത്ര അവസാനിപ്പിക്കും. ഒരു സ്ഥലം കണ്ടെത്തി സ്റ്റൗവ് കത്തിച്ചു ചായയുണ്ടാക്കും. അതു വിൽപന നടത്തും. യാത്രയുടെ വിവരമറിഞ്ഞ് ചിലർ ചായ വാങ്ങാതെ തന്നെ പണം തരും. രാത്രി ഏതെങ്കിലുമൊരു പെട്രോൾ പമ്പ് കണ്ടുപിടിച്ച് അവിടെ ടെന്റടിക്കും. പുലർച്ചെ വീണ്ടും യാത്ര തുടങ്ങും.’

ഈ യാത്ര ആരംഭിക്കുമ്പോൾ സുരക്ഷയ്ക്കായി ഹെൽമെറ്റോ ഗ്ലൗസ്സോ ഒന്നും നിധിൻ കരുതിയിരുന്നില്ല. എന്നാൽ പോകുംവഴി നിധിന്റെ യാത്രാ വിവരങ്ങൾ ഫേസ്ബുക്കിലും മറ്റും കണ്ടെത്തിയവർ ഇതെല്ലാം അവനു വാങ്ങി നൽകിയിട്ടുണ്ട്. ‘യാത്ര ചെയ്തു കാലിനു നന്നായി നീരു കയറിയിട്ടുണ്ട്. എന്നാൽ ലക്ഷ്യം കാണാതെ മടക്കമില്ല. ലക്ഷ്യത്തിലേക്ക് എത്താനുള്ള ധൈര്യവും അതിനായി പ്രയത്നിക്കാൻ മനസ്സുമുണ്ടെങ്കിൽ ഒന്നും തടസ്സമാവില്ലെന്ന് ഉറപ്പ്,’ നിധിൻ പറയുന്നു. ദക്ഷിണേന്ത്യയിൽ യാത്ര നടത്തിയിട്ടുള്ള നിധിന് ഇത്തരമൊരു യാത്ര ആദ്യഅനുഭവമാണ്. ഫെബ്രുവരി പകുതിയോടെ കശ്മീർ എത്താമെന്ന പ്രതീക്ഷയിലാണു യാത്ര. മടക്കവും സൈക്കിളിൽ തന്നെ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...