'ചോര വീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം...'; പിറന്ന വഴി; കണ്ണീരോര്‍മ

anil-panachooran
SHARE

ലാൽ ജോസ് തൃശൂരിൽ നിന്നു കായംകുളത്തേക്കു വണ്ടി കയറി. അനിൽ പനച്ചൂരാനെക്കൊണ്ട് ഒരു കവിത എഴുതിക്കുകയാണു ലക്ഷ്യം. ലാലു കായംകുളത്തിറങ്ങുമ്പോഴേക്കു കവിത വിതയ്ക്കുകയും കൊയ്യുകയും ചെയ്തു കഴിഞ്ഞിരുന്നു, പനച്ചൂരാൻ. എഴുതിയ കവിത സംഗീത സംവിധായകൻ ബിജി ബാലിനെ ഫോണിൽ പാടിക്കേൾപ്പിക്കുകയും ചെയ്തു. ലാലു വന്നപ്പോൾ ഒരു കാര്യം കൂടി നിശ്ചയിച്ചു. ആ കവിത ചൊല്ലുന്നതും സിനിമയിൽ ആ രംഗത്ത് അഭിനയിക്കുന്നതും അനിൽ തന്നെ. അതാണു ‘ചോര വീണ മണ്ണിൽനിന്നുയർന്നുവന്ന പൂമരം...’. അനിലിന്റെ ഗാനശാഖയിൽ നിറയെ പൂവിട്ട കാലത്തിന്റെ തുടക്കം.

‘അറബിക്കഥ’യിൽ ഈ കവിത വൈകി പിറന്ന കുഞ്ഞായിരുന്നു. ‘താരകമലരുകൾ...’, ‘തിരികെ ഞാൻ വരുമെന്ന...’, ‘താനേ പാടും...’ എന്നീ ഗാനങ്ങൾ നേരത്തെ ഒരുക്കിക്കഴിഞ്ഞപ്പോഴാണു സിനിമയിൽ ഒരു കവിതകൂടി ആയാലോ എന്ന ചിന്ത വന്നത്. വരാനുള്ളതു വരാതിരുന്നില്ല. കവിത വന്നു, കവിയുടെ കാലവും പിറന്നു.

കവിത, കവി സമ്മേളനങ്ങൾ, യാത്രകൾ, സന്യാസം... അവധൂത യാത്രയിൽ അനിലിനു സിനിമ ഒരു ആലയമേ ആയിരുന്നില്ല. പ്രിയ സുഹൃത്തും തിരക്കഥാകൃത്തുമായ എം. സിന്ധുരാജാണു ലാൽ ജോസിന്റെ മുൻപിൽ ഈ ‘വ്യത്യസ്തനായ’ കവിയെ എത്തിക്കുന്നത്. ഷൊർണൂർ ഗസ്റ്റ് ഹൗസിൽ അനിൽ ചെന്നു. സിന്ധുവും ലാലുവും ‘മുല്ല’യുടെ ചർച്ചയിലാണ്. ഇതേ സമയംതന്നെ ശ്രീനിവാസനെ വച്ചൊരു പടമെടുക്കാൻ ഹുസൈൻ എന്ന നിർമാതാവ് ആലോചിക്കുന്നുണ്ട്. ‘അറബിക്കഥ’യുടെ കഥച്ചരട് ഡോ. ഇക്ബാൽ കുറ്റിപ്പുറം ലാലുവിന്റെ മനസ്സിൽ മുറുക്കിയിട്ടുമുണ്ട്. തന്നെ സിനിമയിലേക്കു കൊണ്ടുവന്ന സുഹൃത്തിന്റെ സിനിമയാണു നടക്കാൻ പോകുന്നത് എന്ന ചിന്തയൊന്നുമില്ലാതെ അനിൽ പറഞ്ഞു, ‘ക്ലാസ്മേറ്റ്സ് ചെയ്തു വിജയത്തിൽ നിൽക്കുന്ന ലാൽ ജോസ് ഇപ്പോൾ ചെയ്യേണ്ടതു മുല്ലയല്ല, അറബിക്കഥയാണ്’. പിന്നെ അധികം താമസമുണ്ടായില്ല. ‘മുല്ല’ മാറ്റിവച്ചു. ഹുസൈന്റെയും ഇക്ബാലിന്റെയും പ്രോജക്ടുകൾ ലാലുവിൽ സമന്വയിച്ചു. ‘അറബിക്കഥ’ തുടങ്ങി. അൽപം വൈകിയാണെങ്കിലും, ‘മുല്ല’ പിന്നീടു വിരിയാതിരുന്നില്ല.

കവിതച്ചോപ്പുള്ള നൂറു പൂക്കൾ വിരിയിക്കും മുൻപ് അനിൽ ഒരു ഉത്തരേന്ത്യൻ ജീവിയായിരുന്നു. അച്ഛനു മുംബൈയിൽ ജോലിയായതിനാൽ രണ്ടാം ക്ലാസ് വരെ പഠിത്തവും അവിടെയായിരുന്നു. അവിടെ നിന്നു പറിച്ചുനട്ടു നേരെ എത്തിയതു കൊല്ലം മൺറോ തുരുത്ത് എന്ന ഗ്രാമത്തിലെ അമ്മവീട്ടിലാണ്. അവിടെ നിന്നു വീണ്ടും അച്ഛന്റെ വീടായ കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി പനച്ചൂരിൽ വന്നു നങ്കൂരമിട്ടു. ശ്രീനാരായണഗുരു സംസ്കൃതം പഠിക്കാൻ വന്നു താമസിച്ച തറവാടാണു വാരണപ്പള്ളി പനച്ചൂർ. കമ്മംപള്ളി രാമൻ പിള്ളയാശാനായിരുന്നു ഗുരുവിന്റെ ഗുരു.

പുതുപ്പള്ളി രാഘവൻ അകന്ന ബന്ധുവാണ്. അവിടെ ധാരാളം പുസ്തകമുണ്ട്. നിത്യചൈതന്യ യതി പലപ്പോഴും വരും. ഈ ഗുരുമുദ്രകളൊക്കെ പതിഞ്ഞ തറവാടും സാംസ്കാരികഛായ തെളിഞ്ഞ നാടും ചേർന്നപ്പോൾ അനിലിന്റെ ചിന്തയിൽ അക്ഷരങ്ങൾ വിരിഞ്ഞു. പ്രീ‍ ഡിഗ്രിക്കു പാരലൽ കോളജിലായിരുന്നു പഠനം. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലെ ബിരുദപഠനകാലത്തു കാൽപനികതയും കവിതയും കൂട്ടുചേർന്നു. അതിനും അടിത്തറയിട്ടതു വടക്കേ ഇന്ത്യതന്നെ. പ്രീ ഡിഗ്രിക്കാലത്ത് ഒരു കൊല്ലത്തോളം ഡൽഹിക്കടുത്തു നോയിഡയിലായിരുന്നു അനിൽ. അവിടെ ഒഎൻജിസിയിൽ ജോലി വാങ്ങിക്കൊടുക്കാൻ കൊണ്ടുപോയതായിരുന്നെങ്കിലും, ആ ജോലി കിട്ടിയില്ല. പട്ടാളത്തിൽ ജോലി ചെയ്തിട്ടുള്ള അച്ഛനു മകനെയും ആ വഴിക്കു വിടാനും ഒരാലോചനയുണ്ടായിരുന്നു. അതിൽനിന്നൊക്കെ വരാൽ മുങ്ങുംപോലെ അനിൽ മുങ്ങി. പക്ഷേ, അച്ഛൻ ജോലിക്കു പോയ ശേഷമുള്ള ഒറ്റക്കിരിപ്പിൽ അനിൽ ധാരാളം വായിച്ചു, എഴുതി, പുതിയ ലോകങ്ങൾ കണ്ടു, പലതരം ജീവിതങ്ങളെ അടുത്തറിഞ്ഞു.

നാട്ടിലേക്കു മടങ്ങിവന്നത് അനിൽ ഒറ്റയ്ക്കായിരുന്നില്ല, അച്ഛനും കൂടെയുണ്ടായിരുന്നു. ബിരുദം കഴിഞ്ഞുള്ള കാലം സന്യാസത്തിലേക്കും ധ്യാനത്തിലേക്കും തിരിഞ്ഞു. സെൻബുദ്ധിസം തലയ്ക്കു പിടിച്ചു. മൂന്നാലു വർഷം സഞ്ചാരിയായി. വീട്ടിൽ തിരിച്ചുവന്നു പുല്ലു മേഞ്ഞൊരു ആശ്രമമുണ്ടാക്കി. ‘ഒരു ദിവസം നീ തന്നെ ഇതിനു തീയിടേണ്ടിവരും’ എന്നു ചേങ്കോട്ടുകോണം മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതി പറഞ്ഞതു തെറ്റിയില്ല. അട്ടയും പുഴുവും കയറിയ ആശ്രമം അനിൽ തന്നെ തീയിട്ടെരിച്ചു. പിൽക്കാലം ക്യാംപസുകളിൽ അനിൽ പനച്ചൂരാൻ എന്ന കവിലഹരി പടർന്നു. അതിനിടയിൽ എൽഎൽബി പഠിച്ചു. കായംകുളം കോടതിയിൽ പ്രാക്ടീസ് തുടങ്ങാനിരിക്കുമ്പോഴാണ്, സിന്ധുരാജ് ചെവിക്കു പിടിച്ചു ലാലുവിന്റെ മുന്നിലെത്തിക്കുന്നത്.

‘അറബിക്കഥ’ കഴിഞ്ഞപ്പോൾ അനിലിനു സിനിമയുടെ പിടിയിൽ നിന്നു രക്ഷപ്പെടാനായില്ല. ഒരു കൊല്ലം 16 പാട്ടുകൾവരെ എഴുതി. അമ്മയ്ക്ക് അസുഖമായപ്പോൾ ഒരു കൊല്ലത്തോളം സിനിമയിൽ നിന്നു മാറിനിന്ന കാലത്തു സിനിമ മാറി. പക്ഷേ, അപ്പോഴേക്കു നൂറിലേറെ സിനിമകളും നൂറ്റി അൻപതിലേറെ ഗാനങ്ങളും അനിൽ സംഭാവന ചെയ്തിരുന്നു. ‘അണ്ണാറക്കണ്ണാ വാ...’, ‘കുഴലൂതും പൂന്തെന്നലേ...’ (ഭ്രമരം), ‘ചെറുതിങ്കൾ തോണി...’ (സ്വ. ലേ), ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ...’ (കഥ പറയുമ്പോൾ), ‘ഒത്തൊരുമിച്ചൊരു ഗാനം പാടാൻ...’ (മകന്റെ അച്ഛൻ), ‘അരികത്തായാരോ...’ (ബോഡി ഗാർഡ്), ‘നീയാം തണലിനു താഴെ...’ (കോക്ക്ടെയിൽ), ‘എന്റടുക്കെ വന്നടുക്കും...’ ‘പഞ്ചാരച്ചിരികൊണ്ട്...’ ‘കുഞ്ഞാടേ കുറുമ്പനാടേ...’ (മേരിക്കുണ്ടൊരു കുഞ്ഞാട്), ‘ചെമ്പരത്തിക്കമ്മലിട്ട്...’ (മാണിക്യക്കല്ല്), ‘ചെന്താമരത്തേനോ...’ (916), ‘ഒരു കോടി താരങ്ങളേ...’ (വിക്രമാദിത്യൻ).. അനിൽ നിലാവുള്ള ഗാനങ്ങൾ തുടരുകയാണ്.

2015ല്‍ മലയാള മനോരമയില്‍ ശ്രീജിത്ത് കെ.വാരിയര്‍ എഴുതിയത്)

MORE IN SPOTLIGHT
SHOW MORE
Loading...
Loading...